- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പണിങ് സ്ഥാനത്തെച്ചൊല്ലി സഞ്ജുവുമായി ഭിന്നത; രാജസ്ഥാനിലെ 'ക്യാപ്റ്റന്‍സി തര്‍ക്കം' മനംമടുപ്പിച്ചു; വലിയ ദൗത്യം വാഗ്ദാനം ചെയ്തത് ഒതുക്കാന്‍; റിയാന്‍ പരാഗ് ക്യാപ്റ്റനാകുമെന്ന് ഉറപ്പിച്ചതോടെ ദ്രാവിഡിന്റെ പടിയിറക്കം; സഞ്ജുവിന്റെ അടുത്തനീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങാന്‍ കാരണം സഞ്ജു സാംസന്റെ പിന്മാറ്റവും ടീമിലെ ക്യാപ്റ്റന്‍സി തര്‍ക്കവുമെന്ന് സൂചന. രാജസ്ഥാന്റെ ഭാവി നായകനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത മൂലമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിലാണ് ദ്രാവിഡ് റോയല്‍സിന്റെ പരിശീലകനായത്.കേവലം ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചാണ് ദ്രാവിഡ് സ്ഥാനം രാജിവെച്ചത്. ടീമില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ടീം മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നു.
ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പ് നേടിത്തന്നതിനു പിന്നാലെ രാജസ്ഥാനിലെത്തിയ ദ്രാവിഡില്‍നിന്ന് ടീം മാനേജ്മെന്റ് കുന്നോളം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് നാല് വിജയങ്ങള്‍ മാത്രമാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീം വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ദ്രാവിഡിന്റെ പടിയിറക്കം. ദ്രാവിഡിന് ടീമില്‍ വലിയ ഉത്തരവാദിത്തം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം തുടരാന്‍ താല്‍പര്യപ്പെട്ടില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഐപിഎല്ലില്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക എന്നത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ പോലെയാണെന്ന് ഒരു മുന്‍ ഐപിഎല്‍ പരിശീലകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.നിര്‍ണായക തീരുമാനങ്ങളില്‍ നിന്ന് ദ്രാവിഡിനെ അകറ്റി നിര്‍ത്താനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കമാണിതെന്നം ടീം തെരഞ്ഞെടുപ്പിലും ക്യപ്റ്റനെ തെരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും മുന്‍ പരിശീലകന്‍ വ്യക്തമാക്കി.
സീസണിനു പിന്നാലെ ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റും തമ്മില്‍ ദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ടീമില്‍ ദ്രാവിഡിന് കുറച്ചുകൂടി സ്വതന്ത്രവും വിശാലവുമായ പദവികള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ സഞ്ജു സാംസണ്‍ ടീം വിടുന്നതുമായ ബന്ധപ്പെട്ട പ്രത്യാഘാതങ്ങളാണ് ദ്രാവിഡിന്റെ പുറത്തുപോക്കിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റനും പരിശീലകനും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതകളാണ് പുതിയ സ്ഥിതിഗതികളിലേക്ക് കാര്യങ്ങള്‍ നീക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഒരു കോച്ചും ക്യാപ്റ്റനും തമ്മിലുണ്ടാകുന്ന സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളേ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നുള്ളൂ എന്ന് പറയുന്നവരുമുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനകത്ത് മൂന്ന് വിഭാഗങ്ങളുണ്ടായിരുന്നു. നിലവിലെ സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിഭാഗം. റിയാന്‍ പരാഗിനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗവും യശസ്വി ജയ്സ്വാളിനെ ഭാവി നായകനായി കാണുന്ന മറ്റൊരു വിഭാഗവും ഇതോടൊപ്പമുണ്ടായി.
ദ്രാവിഡ് പിന്തുണച്ചത് ജയ്‌സ്വാളിനെ
സഞ്ജു സാംസണ്‍ ടീം വിടാനുള്ള താല്‍പര്യം അറിയിച്ച പശ്ചാത്തലത്തില്‍ റിയാന്‍ പരാഗിനെ അടുത്ത ക്യാപ്റ്റായി ഉയര്‍ത്തിക്കാട്ടാനുള്ള രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിലുള്ള വിയോജിപ്പാണ് ദ്രാവിഡ് ടീം വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ റിയാന്‍ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും റിയാന്‍ പരാഗിന് പുറത്തെടുക്കാനായിരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചെങ്കിലും നാലിലും ടീം തോറ്റു. കഴിഞ്ഞ ആറ് സീസണുകളിലായി രാജസ്ഥാനായി കളിക്കുന്നുണ്ടെങ്കിലും 2024 സീസണില്‍ മാത്രമാണ് റിയാന്‍ പരാഗ് 500ലേറെ റണ്‍സടിച്ചത്.കഴിഞ്ഞ സീസണില്‍ 393 റണ്‍സാണ് റിയാന്‍ പരാഗ് നേടിയത്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക്കുകയും രാജസ്ഥാനായി സ്ഥിരതയോടെ ബാറ്റ് ചെയ്യുകയും ചെയ്യുന്ന യുവഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സഞ്ജുവിന്റെ പിന്‍ഗാമിയായി രാജസ്ഥാന്‍ ക്യാപ്റ്റനാക്കുന്നതിനെയാണ് ദ്രാവിഡ് അനുകൂലിക്കുന്നത്. പരാഗിനെക്കാള്‍ കൂടുതല്‍ മികവുറ്റ കളിക്കാരനാണ് ജയ്‌സ്വാളെന്നാണ് ദ്രാവിഡിന്റെ നിലപാട്.സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തീരുമാനിച്ചതും ദ്രാവിഡിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജുവിനെ എക്കാലത്തും പിന്തുണച്ച വ്യക്തിയാണ് ദ്രാവിഡ്. സഞ്ജു ടീം വിടുമ്പോള്‍ സംഭവിക്കുന്ന തലമുറമാറ്റത്തില്‍ ടീം മാനേജ്‌മെന്റിന്റെ നിലപാടിനൊപ്പമായിരുന്നില്ല ദ്രാവിഡ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ദ്രാവിഡിന് പിന്നാലെ സഞ്ജു കൂടി ടീം വിട്ടാല്‍ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ട്രേഡിലൂടെ ടീം മാറാനുള്ള ശ്രമം പകരം കളിക്കാര്‍ക്കുവേണ്ടിയുള്ള രാജസ്ഥാന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സഞ്ജുവില്‍ താല്‍പര്യമുള്ള മറ്റൊരു ടീം. സഞ്ജുവും ദ്രാവിഡും ഒരുമിച്ച് കൊല്‍ക്കത്തയിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ സീസണൊടുവില്‍ കൊല്‍ക്കത്ത പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും സ്ഥാനം ഒഴിഞ്ഞിരുന്നു.