- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ ഹിറ്റ്മാന്‍ ഫിറ്റാണ്! ആക്ഷേപങ്ങള്‍ക്കിടെ ബ്രോങ്കോ ടെസ്റ്റ് അനായാസം ജയിച്ച് രോഹിത് ശര്‍മ; ആറ് മിനിറ്റില്‍ പൂര്‍ത്തിയേക്കേണ്ട ടെസ്റ്റിന് വേണ്ടിവന്നത് അഞ്ച് മിനിറ്റ് 20 സെക്കന്‍ഡ്; ഇന്ത്യന്‍ യുവതാരത്തിന് ഫുള്‍ മാര്‍ക്ക്
ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് ലെവലും എയറോബിക് ശേഷിയും ഉയര്‍ത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് അനായാസം ജയിച്ചുകയറി ഏകദിന ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ. സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്താനുള്ള നീക്കമെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് രോഹിത് അനായാസം ബ്രോങ്കോ ടെസ്റ്റ് പാസായത്. രോഹിത് ശര്‍മ പാസായെന്നു മാത്രമല്ല, മികച്ച പ്രകടനത്തിലൂടെ പരിശീലകരെ അമ്പരപ്പിച്ചെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആറ് മിനിറ്റില്‍ പൂര്‍ത്തിയേക്കേണ്ട ടെസ്റ്റ് അഞ്ച് മിനിറ്റ് 20 സെക്കന്‍ഡിനകം രോഹിത് പൂര്‍ത്തിയാക്കി. ബ്രോങ്കോ ടെസ്റ്റിന് പുറമെ യോ-യോ ടെസ്റ്റിലും 38കാരനായ താരം വിജയിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്ത താരങ്ങളെല്ലാം പാസായെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്.
ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, കഴിഞ്ഞ ദിവസമാണ് ബ്രോങ്കോ ടെസ്റ്റ് പാസായത്. പരീക്ഷയില്‍ ഗംഭീര പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം. യോയോ ടെസ്റ്റിനു പകരമാണ് താരങ്ങളുടെ ഫിറ്റ്‌നസ് പരീക്ഷിക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത്.
ഓഗസ്റ്റ് 30, 31 തീയതികളിലായി നടത്തിയ ടെസ്റ്റില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും പാസായി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു താരങ്ങള്‍ക്കു വേണ്ടി ബ്രോങ്കോ ടെസ്റ്റ് നടത്തിയത്. യുവപേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ടെസ്റ്റില്‍ കൂടുതല്‍ മാര്‍ക്കു നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒക്ടോബറില്‍ നടക്കേണ്ട ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുമെന്നാണു കരുതുന്നത്. അതിനു മുന്‍പ് ഓസ്‌ട്രേലിയ എ ടീമിനെതിരെയും രോഹിത് കളിക്കാന്‍ സാധ്യതയുണ്ട്.
ഒക്ടോബറില്‍ ഒസ്‌ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാകും രോഹിത് ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങുക. ഇതിന് മുന്നോടിയായി ഇന്ത്യ എ മൂന്ന് ഏകദിന മത്സരങ്ങളില്‍ ഒസ്‌ട്രേലിയ എ ടീമിനെ നേരിടും. ഇതില്‍ താരം കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ മൂന്ന്, അഞ്ച് തീയതികളില്‍ കാണ്‍പുരിലാണ് എ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ച ഹിറ്റ്മാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലാണ് ഒടുവില്‍ ഇന്ത്യക്കായി പാഡണിഞ്ഞത്. ഐ.പി.എല്‍ സീസണിനിടെയാണ് രോഹിത്തും ഒപ്പം വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
രോഹിത്തിനെ ഫിറ്റല്ലെന്നു പറഞ്ഞ് പുറത്തിരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതെന്ന ആക്ഷേപവുമായി മുന്‍ താരങ്ങളുള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പേസ് ബൗളര്‍മാരുടെ ഫിറ്റ്‌നസ് ലെവലും എയറോബിക് ശേഷിയും ഉയര്‍ത്താനാണ് ബ്രോങ്കോ ടെസ്റ്റെന്നാണ് ടീം പരിശീലകരുടെ വാദം. സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് കോച്ച് അഡ്രിയാന്‍ ലെ റോക്‌സിന്റെ നിര്‍ദേശ പ്രകാരമാണ് ജിമ്മിലെ വര്‍ക്കൗട്ടിനേക്കാള്‍ ഗ്രൗണ്ടിലെ വര്‍ക്കൗട്ടിലേക്ക് പേസര്‍മാരെ മാറ്റുന്നത്. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
എന്താണ് ബ്രോങ്കോ ടെസ്റ്റ്
റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ ഷട്ടില്‍ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്. 20 മീറ്റര്‍ ഷട്ടില്‍ റണ്ണാണ് ആദ്യത്തേത്. 40 മീറ്ററും 60 മീറ്ററും ഷട്ടില്‍ റണ്ണാണ് ഇതിനു ശേഷമുള്ളത്. ഇത്തരത്തില്‍ അഞ്ച് സെറ്റ് പൂര്‍ത്തിയാക്കണം. ആകെ 1200 മീറ്റര്‍ ഓട്ടം ഇടവേളയില്ലാതെ ആറ് മിനിറ്റിനകം പൂര്‍ത്തിയാക്കണം. രണ്ട് കിലോമീറ്റര്‍ ടൈം ട്രയല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ എട്ട് മിനിറ്റ് 15 സെക്കന്‍ഡിലും ബാറ്റര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍ എന്നിവര്‍ എട്ട് മിനിറ്റ് 30 സെക്കന്‍ഡിലും പൂര്‍ത്തിയാക്കണം. അതേസമയം 20 മീറ്റര്‍ അകലത്തിലുള്ള മാര്‍ക്കറുകള്‍ക്കിടയിലാണ് യോ-യോ ടെസ്റ്റ്. ഓരോ 40 മീറ്ററിലും 10 സെക്കന്‍ഡ് ബ്രേക്കെടുക്കാം. ഇന്ത്യന്‍ ടീമിന്റെ മിനിമം യോ-യോ ലെവല്‍ 17.1ലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
റഗ്ബി പോലുള്ള കൂടുതല്‍ ശാരീരികക്ഷമത ആവശ്യമുള്ള കായിക ഇനങ്ങളില്‍ വര്‍ഷങ്ങളായി ബ്രോങ്കോ ടെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. സ്റ്റാര്‍ട്ടിങ് ലൈനില്‍നിന്ന് 0,20,40,60 മീറ്ററുകളില്‍ മാര്‍ക്കുകള്‍ വച്ച് താരങ്ങള്‍ ബേസ് ലൈനില്‍നിന്ന് (പൂജ്യം) ഓരോ ഘട്ടങ്ങളിലേക്ക് ഓടി തിരികെയെത്തുന്നത് ടെസ്റ്റിന്റെ ഭാഗമാണ്. 60 മീറ്റര്‍ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ ഒരു സെറ്റാകും.
ഇങ്ങനെ അഞ്ച് സെറ്റുകളിലായി 1,200 മീറ്ററാണ് താരങ്ങള്‍ പിന്നിടേണ്ടത്. അതിനു ശേഷമാണ് ഓരോ താരങ്ങള്‍ക്കും വേണ്ടി വന്ന സമയം പരിശോധിക്കുക. ബാറ്റര്‍മാര്‍ ഡബിള്‍ ഓടുമ്പോഴും, ബൗണ്ടറികള്‍ തടയുമ്പോഴുമെല്ലാം മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്താനാണ് പുതിയ ഫിറ്റ്‌നസ് പരിശീലകനു കീഴില്‍ ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചത്. രോഹിത് ശര്‍മയുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇത്തരം ടെസ്റ്റുകള്‍ ഭീഷണിയാകുമെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.