- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയെ ഒന്നാമനായി സെമിയിലെത്തിച്ചു; മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്ന് വിവരം. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിനായി സഞ്ജു പുറപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് പ്രകടനം കൊണ്ട് മിന്നിച്ച ആത്മവിശ്വാസത്തിലാണ് സഞ്ജു ഏഷ്യാ കപ്പിനായുള്ള മുന്നൊരുക്കത്തിലേക്ക് പോകുന്നത്. ഇതിനോടകം കൊച്ചി ടീമിന്റെ ക്യാംപ് വിട്ട സഞ്ജു നാളെ പുലര്‍ച്ചെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നാലാം തീയ്യതി ഇന്ത്യന്‍ സംഘം യുഎഇയിലേക്കെത്തും.
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞാണ് സഞ്ജു സാംസണ്‍ മടങ്ങുന്നത്. സഞ്ജുവിന്റെ അഭാവത്തില്‍ മുഹമ്മദ് ഷാനുവാണ് കൊച്ചിയുടെ പുതിയ വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണാണ് കൊച്ചിയുടെ ക്യാപ്റ്റന്‍. എട്ട് കളികളില്‍ ആറും വിജയിച്ച കൊച്ചി കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായിരുന്നു. 12 പോയിന്റുള്ള കൊച്ചി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ചൊവ്വാഴ്ച നടക്കുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ സഞ്ജു കളിക്കുന്നില്ല. അഞ്ച് വിജയങ്ങളുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് പത്ത് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ലീഗ് ഘട്ടത്തില്‍ ഇനി കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരം മാത്രമാണ് കൊച്ചിക്ക് ബാക്കിയുള്ളത്.
ഒമ്പതിനാണ് ഏഷ്യാകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 10ന് യുഎഇക്കെതിരേയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം 14നാണ്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസണെ പരിഗണിച്ചിരിക്കുന്നതെങ്കിലും കളിപ്പിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇന്ത്യ ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലേക്ക് വിളിച്ചതോടെ സഞ്ജുവിന്റെ ഓപ്പണര്‍ സീറ്റിന്റെ കാര്യം സംശയമായിരിക്കുകയാണ്. ഇന്ത്യ ഗില്ലിനെ കളിപ്പിച്ചാല്‍ സഞ്ജു സാംസണിന് വഴി മാറിക്കൊടുക്കേണ്ടതായി വരും.
കാരണം മധ്യനിരയില്‍ സഞ്ജുവിനെക്കാള്‍ മികച്ച കണക്കുകള്‍ രണ്ടാം വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മക്കുണ്ട്. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടാന്‍ കഴിവുള്ള ജിതേഷ് ഗംഭീര സ്‌ട്രൈക്ക് റേറ്റോടെയാണ് ഡെത്തോവറില്‍ മിന്നിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു ഓപ്പണറല്ലെങ്കില്‍ മധ്യനിരയില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. ഇക്കാരണത്താല്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ട കാര്യമാണ്.
കേരള ക്രിക്കറ്റ് ലീഗിലെ സഞ്ജുവിന്റെ പ്രകടനം നോക്കുമ്പോള്‍ പ്ലേയിങ് 11ന് പുറത്തിരുത്തുകയെന്നത് അസാധ്യമായ കാര്യമാണ്. ആറ് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 73.6 ശരാശരിയിലും 186ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു കത്തിക്കയറിയത്. ഓപ്പണര്‍ റോളിലെ തന്റെ മികവും ഫിറ്റ്‌നസും തെളിയിച്ചുകൊണ്ടാണ് സഞ്ജു കസറിയത്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഏഷ്യാ കപ്പിലേക്കെത്തുന്നത്. അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയാണ് സഞ്ജു ശോഭിച്ചത്.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ട്വന്റി 20 കളിക്കാന്‍ പോകുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ടി20 പരമ്പര കളിച്ചത്. യുഎഇയില്‍ മുന്നൊരുക്കം നടത്താന്‍ ആവശ്യത്തിന് സമയം ഇന്ത്യക്ക് ലഭിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പാകിസ്താനും അഫ്ഗാനിസ്ഥാനും ഇതിനോടകം യുഎഇയില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുകയാണ്. ഇത് ഇന്ത്യക്കെതിരേ അവര്‍ക്ക് മുന്‍തൂക്കം നല്‍കാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും സമീപകാല കണക്കുകളില്‍ ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകളെന്ന് നിസംശയം പറയാം.