മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സറെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. പുരുഷ-വനിതാ ടീുകളുടെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പിനായാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 12നാണ് ബിഡ് വാങ്ങാനുള്ള അവസാന തീയതി. 5 ലക്ഷം രൂപ അടച്ചുമാത്രമെ താല്‍പര്യപത്രം വാങ്ങാനാകു. ഇത് തിരിച്ചുകിട്ടാത്ത നിക്ഷേപമായിരിക്കും. സെപ്റ്റംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.ഇതോടെ സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ പ്രധാന സ്‌പോണ്‍സറുടെ പേരില്ലാത്ത ജേഴ്‌സി ധരിച്ചാവും ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുക എന്നുറപ്പായി.

ഫാന്റസി സ്പോര്‍ട്സ് കമ്പനിയായ ഡ്രീം 11-മായുള്ള കരാര്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സ്പോണ്‍സര്‍മാരെ തേടുന്നത്. പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെയാണ് ഡ്രീം11-നുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

ഡ്രീം ഇലവനടക്കമുള്ള മുന്‍ സ്‌പോണ്‍സര്‍മാരെല്ലാം വിവാദത്തില്‍പെട്ട് പുറത്തുപോയ സാഹചര്യത്തില്‍ ഇത്തവണ കര്‍ശന ഉപാധികളാണ് ബിസിസിഐ വെച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളെയും ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്തുന്ന സ്ഥാനപനങ്ങളെയും സ്‌പോണ്‍സര്‍ഷിപ്പിന് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷം വാര്‍ഷിക വിറ്റുവരവ് 300 കോടിക്ക് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ജേഴ്‌സി സ്‌പോണ്‍സറാവാന്‍ അപേക്ഷ സമര്‍പ്പിക്കാനാവു. സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മണി ഗെയിമിംഗ്, ബെറ്റിംഗ്, ചൂതാട്ടം എന്നിവയുമായി ഇന്ത്യയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ബന്ധമുണ്ടാകരുത്.

ക്രിപ്‌റ്റോ കറന്‍സി സ്ഥാപനങ്ങള്‍ മദ്യനിര്‍മാതാക്കള്‍, പോര്‍ണോഗ്രാഫി വെബ്‌സൈറ്റുകള്‍, പുകയില നിര്‍മാതാക്കള്‍ എന്നിവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ അപേക്ഷിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ പണം നിക്ഷേപിച്ചുളള ഓണ്‍ലൈന്‍ മണി ഗെയിം നിയമനിര്‍മാണത്തിലൂടെ നിരോധിച്ചതോടെയാണ് ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവനുമായുള്ള ബന്ധം ബിസിസിഐക്ക് അവസാനിപ്പിക്കേണ്ടിവന്നത്. 2023ല്‍ മൂന്നു വര്‍ഷത്തേക്ക് 358 കോടി രൂപക്കായിരുന്നു ഡ്രീം ഇലവനുമായി ബിസിസിഐക്ക് ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍.