തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) 2025 സീസണിലെ കൊല്ലത്തിനെതിരായ ഫൈനല്‍ പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പ്രതീക്ഷയര്‍പ്പിക്കുന്നത് യുവ ഓള്‍ റൌണ്ടര്‍ മുഹമ്മദ് ആഷിഖിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ഈ തൃശൂരുകാരനാണ് ഇപ്പോള്‍ ആരാധകരുടെ ഒന്നടങ്കം ശ്രദ്ധാകേന്ദ്രം. രണ്ടാം സീസണില്‍ മിന്നും പ്രകടനമാണ് ആഷിഖ് കാഴ്ചവെച്ചത്.

സീസണില്‍ ഇതുവരെ കളിച്ച 9 മത്സരങ്ങളില്‍ നിന്ന് 137 റണ്‍സും , 14 വിക്കറ്റുകളും നേടിയ ആഷിഖ് തന്റെ സമ്പൂര്‍ണ ഓള്‍റൗണ്ടര്‍ മികവ് തെളിയിച്ചു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിയുടെ ഗതി നിയന്ത്രിക്കാനുള്ള ആഷിഖിന്റെ മികവ് സീസണിലെ പല മത്സരങ്ങളിലും ടീമിനെ വിജയത്തേരേറ്റിയിട്ടുണ്ട്.

ശക്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ അവിസ്മരണീയ പ്രകടനമാണ് ഈ തൃശൂരുകാരന്‍ പുറത്തെടുത്തത്. വെറും 10 പന്തില്‍ നിന്ന് 310-ന് മുകളില്‍ പ്രഹരശേഷിയോടെ സംഹാര താണ്ഡവമാടിയ ആഷിഖ് 31 റണ്‍സുമായി ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ആഷിഖ് ഫീല്‍ഡിങ്ങിലും അസാധാരണ പ്രകടനവുമായി കളം നിറഞ്ഞു. നേരിട്ടുള്ള ത്രോയിലൂടെ റണ്‍ഔട്ടുകള്‍ നേടാനുള്ള ആഷിഖിന്റെ കഴിവ് ബ്ലൂടൈഗേഴ്‌സിന് മുതല്‍ക്കൂട്ടാണ്.

തൃശൂര്‍ നെടുപുഴ സ്വദേശിയായ ഷംഷുദ്ദീന്റെ മകനാണ് മുഹമ്മദ് ആഷിഖ്. കെ.സി.എ അക്കാദമിയില്‍ ചേര്‍ന്നതും തുടര്‍ന്ന് തൃശൂര്‍ ടൈറ്റന്‍സ് താരം സി.വി. വിനോദ് കുമാറിനെ പരിചയപ്പെട്ടതും, മുഹമ്മദ് ആഷിഖിന്റെ കരിയറിലെ വഴിത്തിരിവായി. കില്ലര്‍ ഓള്‍ റൌണ്ട് പ്രകടനങ്ങളിലൂടെ കൊല്ലത്തെ തറപറ്റിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആഷിഖ് കന്നി കിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.