മുംബൈ: ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പര അടുത്തമാസം നടക്കാനിരിക്കെ ആരാധകരെ ആശങ്കയിലാഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ആശുപത്രി സന്ദര്‍ശനം. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് രോഹിത് ശര്‍മ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലെത്തിയത്. എന്തിനാണ് സൂപ്പര്‍ താരം ആശുപത്രിയിലെത്തിയതെന്ന കാര്യം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതാണ് ആരാധകരുടെ ആശങ്കയ്ക്കു കാരണം.

പരമ്പരയ്ക്കു മുന്നോടിയായി രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യോയോ ടെസ്റ്റും ബ്രോങ്കോ ടെസ്റ്റും മികച്ച മാര്‍ക്കോടെയാണു രോഹിത് പാസായതെന്നാണു പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് താരം ആശുപത്രിയില്‍ എത്തിയത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത് ശര്‍മ കുടുംബത്തോടൊപ്പം മുംബൈയിലാണു താമസിക്കുന്നത്.

ഒക്ടോബര്‍ 19ന് തുടങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ഇന്ത്യന്‍ ടീമിനായി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനിടെയാണു താരത്തിന്റെ ആശുപത്രി സന്ദര്‍ശനം. രോഹിത് ശര്‍മയ്ക്ക് എന്തെങ്കിലും അസുഖമോ, പരുക്കോ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ഒക്ടോബര്‍ 19ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഏകദിന പരമ്പരയ്ക്കു മുന്‍പ് തയാറെടുപ്പിനായി രോഹിത് ഇന്ത്യ എ ടീമിലും കളിച്ചേക്കും. ഏകദിന പരമ്പരയ്ക്കു ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്നാണ് സൂചന.