മുംബൈ: ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. വൈസ് ക്യാപ്റ്റനായുള്ള ശുഭ്മന്‍ ഗില്ലിന്റെ ട്വന്റി20 ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവോടെ മലയാളി താരം സഞ്ജു സാംസണിന് വലിയ തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍. പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഓപ്പണറായിട്ടല്ലെങ്കിലും സഞ്ജു ഇടംപിടിക്കുകയായിരുന്നു. യു.എ.ഇക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഗില്ലും അഭിഷേക് ശര്‍മയുമാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്.

മത്സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുംവരെ സഞ്ജു കളിക്കുമെന്ന് ആരും കരുതിയതല്ല. മധ്യനിരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടമുണ്ടാകില്ലെന്നുമാണ് ഏവരും പ്രതീക്ഷിച്ചത്. ടീം ലൈനപ്പ് വന്നപ്പോള്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പേര് കണ്ടതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. നേരത്തെ പ്രതീക്ഷിച്ചതു പോലെ ഓപ്പണറായി ഗില്‍ വന്നതോടെ, ബാറ്റിങ്ങില്‍ സഞ്ജുവിന്റെ സ്ഥാനം അഞ്ചാം നമ്പറിലേക്ക് മാറി.

എന്നാല്‍, സഞ്ജുവിന്റെ മധ്യനിരയിലെ ഇതുവരെയുള്ള പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 20.62 ശരാശരിയില്‍ ആകെ നേടിയത് 62 റണ്‍സ് മാത്രം. ഒപ്പണറായി കളിച്ച 11 മത്സരങ്ങളില്‍ താരം നേടിയത് 522 റണ്‍സും. 32.63 ആണ് ശരാശരി. മൂന്നു സെഞ്ച്വറികളും നേടി. സഞ്ജുവിനെ ബാറ്റിങ്ങില്‍ അഞ്ചാം നമ്പറിലേക്ക് മാറ്റിയതിനു പിന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടെന്നാണ് മുന്‍ സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത്. ശ്രേയസ്സ് അയ്യറിന് ടീമിലേക്കുള്ള വഴിതുറക്കാനാണ് സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കുന്നതെന്നാണ് താരത്തിന്റെ വാദം.

'സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് മാറ്റിയതോടെ അവര്‍ ശ്രേയസ്സ് അയ്യര്‍ക്ക് ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കുകയാണെന്ന് ഞാന്‍ കരുതുന്നു. സഞ്ജു അഞ്ചാം നമ്പറില്‍ അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് കളിക്കേണ്ട താരവുമല്ല. അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നത് താരത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കും. താരത്തിന്റെ കാര്യത്തില്‍ ഞാന്‍ അത്ര സന്തോഷവാനല്ല. ഇത് സഞ്ജുവിന്റെ അവസാന മത്സരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അഞ്ചാം നമ്പറില്‍ അടുത്ത രണ്ടു മൂന്ന് മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കില്‍, സഞ്ജുവിന് പകരക്കാരനായി ശ്രേയസ്സ് ടീമിലെത്തും' -ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മധ്യനിരയിലാണ് അവര്‍ സഞ്ജുവിനെ കളിപ്പിക്കുന്നത്. ഫിനിഷറായാണോ താരത്തെ അവര്‍ ഉപയോഗിക്കുന്നത്? അല്ല. അതിന് ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമുണ്ട്. പിന്നെ എന്തിന് സഞ്ജു അഞ്ചാം നമ്പറില്‍ കളിക്കണമെന്നതാണ് ചോദ്യം. ഈ ടീമുമായി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താനായേക്കും. എന്നാല്‍, ട്വന്റി20 ലോകകപ്പ് ജയിക്കാനാകില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. യു.എ.ഇയെ 57 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 4.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഈമാസം 14ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അടുത്ത മത്സരം.