- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയിട്ടും വകവച്ചില്ല; പൈക്രോഫ്റ്റിനെ നീക്കം ചെയ്യാന്‍ തക്കതായ കാരണമില്ലെന്ന് വ്യക്തമാക്കി; പാകിസ്ഥാന്റെ ആവശ്യം തള്ളിയത് ഐസിസിയിലെ പുതിയ സിഇഒ; ആ ഇന്ത്യക്കാരന്‍ ചര്‍ച്ചകളില്‍
ദുബായ്: ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഭീഷണി അവഗണിച്ച് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ഒഫീഷ്യല്‍ പാനലില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക തീരുമാനം എടുത്തത് ഒരു ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്രോഫ്റ്റിനെ ഒഫീഷ്യല്‍ പാനലില്‍നിന്ന് പുറത്താക്കണമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു. വിഷയത്തില്‍ പൈക്രോഫ്റ്റിന് ചെറിയ പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഐസിസി നിലപാടെടുത്തത്. മാച്ച് റഫറിയെ നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെട്ടത് ഐസിസിയുടെ പുതിയ സിഇഒ സന്‍ജോങ് ഗുപ്തയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിക്ക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സഞ്‌ജോഗ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐസിസി പാകിസ്താന്റെ ആവശ്യത്തിന് വഴങ്ങിയില്ലെന്ന് ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൈക്രോഫ്റ്റിനെ നീക്കം ചെയ്യാന്‍ തക്കതായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിസിബിയുടെ ആവശ്യത്തോട് കര്‍ശനമായ നിലപാട് സ്വീകരിച്ചത്. ഒരു ആഭ്യന്തര അന്വേഷണം നടത്തുകയും പെരുമാറ്റച്ചട്ടമോ ഔദ്യോഗിക നടപടിക്രമങ്ങളോ ലംഘിച്ചിട്ടില്ലെന്ന നിഗമനത്തില്‍ ഐസിസിയെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ജൂലൈയിലാണ് സന്‍ജോങ് ഐസിസിയുടെ സിഇഒയായി നിയമിതനാകുന്നത്. ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്‍ജോങ് ഗുപ്ത. പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച സന്‍ജോങ് 2020-ല്‍ സ്റ്റാര്‍ ഇന്ത്യയിലേക്ക് ചേക്കേറുകയായിരുന്നു. 2020-ല്‍ ഡിസ്നി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ സ്പോര്‍ട്സ് വിഭാഗം മേധാവിയായി. ഓസ്ട്രേലിയക്കാരന്‍ ജെഫ് അല്ലാര്‍ഡൈസിന്റെ പിന്‍ഗാമിയായിട്ടാണ് ഐസിസിയിലേക്കെത്തുന്നത്.
ഹസ്തദാന വിവാദത്തില്‍ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റന്‍ മറ്റേയാള്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാന്‍ പാകിസ്താന്‍ നായകന് ഒരു സന്ദേശം നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്. വിവാദത്തില്‍ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി വിലയിരുത്തി.
പാക് ബോര്‍ഡിന്റെ ആവശ്യം നിരസിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഎഇക്കെതിരായ മത്സരത്തില്‍നിന്ന് ടീം പിന്മാറുമെന്ന പ്രതീതിയുയര്‍ത്തിയിരുന്നു. എന്നാല്‍, പിന്നീട് കളിക്കാന്‍ തീരുമാനിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് ടീം കളിക്കാനെത്തിയത്. ഒരു മണിക്കൂര്‍ വൈകി പാകിസ്താന്‍-യുഎഇ മത്സരം ആരംഭിക്കുകയും ചെയ്തു. ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്‌ക്കെതിരേ കളിക്കാനിറങ്ങിയതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചത്.