ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ പരിക്ക്. ഞായറാഴ്ച പാകിസ്ഥാനെതിരായ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ കളിച്ചേക്കില്ല. ഒമാനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഒമാന്‍ ഇന്നിങ്സിന്റെ 15-ാം ഓവറിലാണ് സംഭവം. ക്യാച്ചിനായുള്ള ശ്രമത്തിനിടെ തലയിടിച്ച് മൈതാനത്ത് വീഴുകയായിരുന്നു. ഉടനെ കളിക്കളം വിട്ടു. അതേസമയം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് പ്രതികരിച്ചത്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കളിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പരുക്കേറ്റതാണ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പരത്തിയിരിക്കുന്നത്. ഒമാന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് സംഭവം. ശിവം ദുബെ എറിഞ്ഞ ബോള്‍, ഒമാന്‍ ബാറ്റര്‍ ഹമ്മദ് മിര്‍സ കട്ട് ചെയ്ത് മിഡ്-ഓഫിലേക്കു പായിച്ചു. അവിടെ നിന്നിരുന്ന അക്ഷര്‍, പന്തു തടയാന്‍ രണ്ടു തവണ ശ്രമിച്ചെങ്കിലും മൂന്നാം ശ്രമത്തില്‍ തലയിടിച്ചു താഴെ വീഴുകയായിരുന്നു. ഇതിനുശേഷം മൈതാനം വിട്ട താരം, പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയതുമില്ല. ഒരോവര്‍ മാത്രമാണ് അക്ഷര്‍ ബോള്‍ ചെയ്തിരുന്നത്. നാല് റണ്‍സേ ആ ഓവറില്‍ വഴങ്ങിയിരുന്നുള്ളൂ.

ബാറ്റിങ്ങില്‍, അഞ്ചാം നമ്പറില്‍ ഇറങ്ങിയ അക്ഷര്‍, 13 പന്തില്‍നിന്നു മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ അക്ഷറിന്റെ ഇന്നിങ്‌സ്, ഇന്ത്യയ്ക്കു നിര്‍ണായകവുമായി. അക്ഷറിന്റെ പരുക്ക് ഗുരുതരമല്ലെന്നും താരെ സുഖമായിരിക്കുന്നെന്നും മത്സരശേഷം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ടി.ദിലീപ് അറിയിച്ചു.

എന്നാല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് 48 മണിക്കൂറില്‍ താഴെ മാത്രം ശേഷിക്കെ, താരത്തിന്റെ ഫിറ്റ്‌നസ് ഇപ്പോഴും ആശങ്കയായി തുടരുന്നു. അക്ഷറിനെ കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ ഓള്‍റൗണ്ടര്‍മാരുമായാണ് ഇന്ത്യ ഏഷ്യാകപ്പില്‍ ഇറങ്ങുന്നത്. എന്നാല്‍ ടീമിലെ ഏക സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷറാണ്.

അക്ഷര്‍ കളിച്ചില്ലെങ്കില്‍ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ രണ്ടു സ്പിന്നര്‍മാരെ മാത്രമേ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകൂ. പകരം മറ്റൊരു പേസറെ ഇറക്കേണ്ടി വരും. അബുദാബിയില്‍ ഒമാനെതിരെ വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കിയെങ്കിലും പാക്കിസ്ഥാനെതിരായ മത്സരം നടക്കുന്ന ദുബായ്, സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചാണ്.

അതുകൊണ്ടു തന്നെ അക്ഷറിന്റെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഏഷ്യാ കപ്പിലെ സ്റ്റാന്‍ബൈ താരമായി വാഷിങ്ടന്‍ സുന്ദറുണ്ട്. താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അഭിഷേക് ശര്‍മ ഉള്‍പ്പെടെയുള്ള പാര്‍ട് ടൈം സ്പിന്നര്‍മാരെ ആശ്രയിക്കേണ്ടി വരും.