- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റുകൊണ്ടു വെടിവച്ച ഫര്‍ഹാന്റെ ആഘോഷവും അതിനൊപ്പം ആര്‍ത്തലച്ച പച്ചഗാലറിയും നിശബ്ദം; സെഞ്ചുറി കൂട്ടുകെട്ടുമായി താണ്ഡവമാടി അഭിഷേകും ഗില്ലും; വിജയം അനായാസമാക്കി തിലകും ഹാര്‍ദികും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലും ഇന്ത്യക്ക് മിന്നുംജയം; പാക്കിസ്ഥാനെ കീഴടക്കിയത് ആറ് വിക്കറ്റിന്
ദുബായ്: പാക്ക് പേസ് ആക്രമണത്തിന്റെ കുന്തമുനയായ ഷഹീന്‍ അഫ്രീദിയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ സിക്‌സറടിച്ചാണ് അഭിഷേക് ശര്‍മ തുടക്കമിട്ടത്. ഒടുവില്‍ അതേ ഷഹീന്‍ അഫ്രീദിയെ സിക്‌സറിനും ഫോറിനും പറത്തി തിലക് വര്‍മ വിജയറണ്‍ കുറിക്കുമ്പോള്‍ നീലക്കടല്‍ പോലെ ഗാലറി ഇളകി മറിഞ്ഞു. അതേ സമയം ബാറ്റുകൊണ്ടു സാങ്കല്‍പ്പിക വെടിവച്ച് അര്‍ധ സെഞ്ചുറി ആഘോഷിച്ച പാക്ക് ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാന്റെ ആഘോഷം ഏറ്റെടുത്ത് ആര്‍ത്തലച്ച ആ പച്ചഗാലറിയാകട്ടെ നിശബ്ദവും. ഗ്രൂപ്പ് മത്സരത്തിന് പിന്നാലെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലും ഇന്ത്യയ്ക്കു ഭീഷണി ഉയര്‍ത്താന്‍ സാധിക്കാതെ പാക്കിസ്ഥാന്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണം കെട്ട് മടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്കും ഹസ്തദാന വിവാദത്തിനും വിജയത്തിലൂടെ മറുപടി നല്‍കാന്‍ ഇറങ്ങിയ പാക്കിസ്ഥാനെ ഒരിക്കല്‍ കൂടി ടീം ഇന്ത്യ തകര്‍ത്തുവിട്ടു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയെത്തി. ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. അഭിഷേക് ശര്‍മ ശുഭ്മന്‍ ഗില്‍ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 39 പന്തുകള്‍ നേരിട്ട അഭിഷേക്, അഞ്ച് സിക്‌സും ആറു ഫോറും ഉള്‍പ്പടെ 74 റണ്‍സെടുത്തു. 28 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്‍ 47 റണ്‍സും നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയുടെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെത് സ്വപ്നസമാനമായ തുടക്കമായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയെ അഭിഷേക് ശര്‍മയാണ് അതിര്‍ത്തികടത്തിയത്. അതൊരു സൂചനയായിരുന്നു. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല. ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറില്‍ തന്നെ നൂറുകടന്നു. എന്നാല്‍ പത്താം ഓവറില്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ കിട്ടി. ഫഹീം അഷ്റഫ് ഗില്ലിനെ ബൗള്‍ഡാക്കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. താരം ഡക്കായി മടങ്ങി. ടീം സ്‌കോര്‍ 123-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും പുറത്തായത് ഇന്ത്യയെ അല്‍പ്പം പ്രതിരോധത്തിലാക്കി. 39 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അതിനിടെ സഞ്ജുവിനെ (13) ഹാരിസ് റൗഫ് ബൗള്‍ഡാക്കി. എന്നാല്‍ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
സെഞ്ചുറികൂട്ടുകെട്ട്
105 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്കു സമ്മാനിച്ചത്. 4.4 ഓവറില്‍ 50 പിന്നിട്ട ഇന്ത്യ പവര്‍പ്ലേയില്‍ നേടിയത് 69 റണ്‍സ്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തു തന്നെ പുള്‍ ചെയ്ത് സിക്‌സര്‍ പറത്തിയാണ് അഭിഷേക് തുടങ്ങിയത്. 24 പന്തുകളില്‍ താരം അര്‍ധ സെഞ്ചറി ആഘോഷിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ അര്‍ധ സെഞ്ചറിയാണിത്. 2012 ല്‍ 25 പന്തില്‍ അര്‍ധ സെഞ്ചറിയിലെത്തിയ യുവരാജ് സിങ്ങിനെയാണ് അഭിഷേക് പിന്തള്ളിയത്. സ്‌കോര്‍ 105ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ ഫഹീം അഷറഫ് ബോള്‍ഡാക്കി.
നിരാശപ്പെടുത്തി സൂര്യകുമാര്‍, സഞ്ജു
തൊട്ടുപിന്നാലെ വമ്പനടിക്കു ശ്രമിച്ച സൂര്യകുമാര്‍ യാദവിനെ നേരിട്ട മൂന്നാം പന്തില്‍ അബ്രാര്‍ അഹമ്മദ് ക്യാച്ചെടുത്തു പുറത്താക്കി. അഞ്ച് സിക്‌സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശര്‍മ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. 13ാം ഓവറില്‍ പാക്ക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന്റെ ഗൂഗ്ലി സിക്‌സര്‍ പറത്താന്‍ നോക്കിയ അഭിഷേകിനു പിഴച്ചു. ലോങ് ഓണില്‍ ഹാരിസ് റൗഫ് ക്യാച്ചെടുത്ത് അഭിഷേക് മടങ്ങി. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ സഞ്ജു സാംസണ്‍ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഹാരിസ് റൗഫിന്റെ പന്തില്‍ ബോള്‍ഡായി സഞ്ജു മടങ്ങി. ഷഹീന്‍ അഫ്രീദിയുടെ 19ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്. വിജയത്തിനു ശേഷം ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക്ക് താരങ്ങളുമായി ഹസ്തദാനത്തിനു നില്‍ക്കാതെ മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ സഹിബ്‌സദ ഫര്‍ഹാനാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. 45 പന്തുകള്‍ നേരിട്ട സഹിബ്‌സദ ഫര്‍ഹാന്‍ 58 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ എട്ട് പന്തില്‍ 20 റണ്‍സടിച്ച ഫഹീം അഷറഫിന്റെ കാമിയോ റോളും പാക്കിസ്ഥാനു രക്ഷയായി.മുഹമ്മദ് നവാസ് (19 പന്തില്‍ 21), സയിം അയൂബ് (17 പന്തില്‍ 21), ക്യാപ്റ്റന്‍ ആഗ സല്‍മാന്‍ (13 പന്തില്‍ 17) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
തുടര്‍ച്ചയായി നിരാശപ്പെടുത്തിയ സയിം അയൂബിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി ഫഖര്‍ സമാന് പ്രമോഷന്‍ കൊടുത്താണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. നാടകീയമായിരുന്നു മത്സരത്തിന്റെ തുടക്കം. ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ പന്ത് കയ്യില്‍ പതിച്ച് സഹിബ്‌സദ ഫര്‍ഹാനു പരുക്കേറ്റതു കാരണം മത്സരം കുറച്ചുനേരം നിര്‍ത്തിവച്ചു. മൂന്നാം പന്തില്‍ ഫര്‍ഹാനെ പിടിച്ചെടുക്കാനുള്ള അവസരം അഭിഷേക് ശര്‍മ പാഴാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ അധിക സമയം ഇന്ത്യയ്ക്കു കാത്തിരിക്കേണ്ടിവന്നില്ല. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഫഖര്‍ സമാന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പിടിച്ചെടുത്തു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഔട്ട് വിളിച്ചതോടെ ഫഖര്‍ സമാന്‍ മടങ്ങി. പുറത്തായതു വിശ്വസിക്കാതിരുന്ന ഫഖര്‍ സമാന്‍ പാക്കിസ്ഥാന്‍ പരിശീലകന്‍ മൈക്ക് ഹെസനോടും പരാതി പറയുന്നുണ്ടായിരുന്നു.
വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ചാം ഓവറില്‍ സയിം അയൂബിനെ പുറത്താക്കാനുള്ള അവസരം കുല്‍ദീപ് യാദവും പാഴാക്കി. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് കുല്‍ദീപ് വിട്ടുകളഞ്ഞത് ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ചു. പവര്‍പ്ലേ ഓവറുകളില്‍ 55 റണ്‍സാണ് പാക്ക് താരങ്ങള്‍ അടിച്ചെടുത്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സഹിബ്‌സദ ഫര്‍ഹാനെ അഭിഷേക് ശര്‍മയും കൈവിട്ടു. ഫര്‍ഹാന്‍ ലോങ് ഓണിലേക്കു പറത്തിയ പന്ത് ബൗണ്ടറി ലൈനിനു സമീപത്തു വച്ച് അഭിഷേക് ശര്‍മയുടെ കയ്യില്‍ തട്ടി സിക്‌സര്‍ ആയി. ഫീല്‍ഡിങ്ങിനിടെയുള്ള ഓട്ടത്തില്‍ അഭിഷേകിന് പന്തിലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ശിവം ദുബെയെറിഞ്ഞ 11ാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മ ഒരു ക്യാച്ച് വിജയകരമായി പിടിച്ചെടുത്തു. 21 റണ്‍സെടുത്ത സയിം അയൂബ് പുറത്തായി. 11.2 ഓവറിലാണ് പാക്കിസ്ഥാന് 100 പിന്നിട്ടത്. തൊട്ടുപിന്നാലെ ഹുസെയ്ന്‍ തലാതിനെ കുല്‍പീദ് യാദവും അര്‍ധ സെഞ്ചറി നേടിയ ഫര്‍ഹാനെ ശിവം ദുബെയും പുറത്താക്കിയത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 15 ഓവറുകള്‍ക്കു ശേഷം പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും മുഹമ്മദ് നവാസും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും നവാസിനെ കുല്‍ദീപ് യാദവ് റണ്ണൗട്ടാക്കിയത് പാക്കിസ്ഥാന് ഞെട്ടലായി. സിംഗിള്‍ എടുത്ത ശേഷം രണ്ടാം റണ്ണിനായി ക്രീസ് വിട്ട നവാസ് സംശയത്തോടെ മടങ്ങുകയായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ത്രോ വിക്കറ്റില്‍ പതിച്ചു. സൂര്യ വിക്കറ്റ് ലക്ഷ്യമിട്ടത് പാക്ക് ബാറ്റര്‍ കണ്ടിട്ടില്ലായിരുന്നു. ഇതോടെ അംപയര്‍ ഔട്ട് അനുവദിച്ചു.ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തായി. ഗ്രൂപ്പ് ഘട്ടപോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലും ജയിച്ചുകയറിയത്.