ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ഭേദപ്പെട്ട വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ് വെടിക്കെട്ടില്‍ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യ ജയമുറപ്പിച്ചിരുന്നു. അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ ഗില്ലിനൊപ്പം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പാക്കിസ്ഥാന്റെ ഇന്നിംഗ്‌സില്‍ എടുത്തുപറയാനുള്ളത് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി മാത്രമായിരുന്നു. എന്നാല്‍ പാക്ക് താരങ്ങള്‍ മത്സരത്തിനിടെ നടത്തിയ 'പ്രകോപന'ങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

പ്രത്യേകിച്ച് അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫര്‍ഹാന്‍ നടത്തിയ ആഘോഷ പ്രകടനം വന്‍ ചര്‍ച്ചയായിരുന്നു. ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിച്ചത്. ഗണ്‍ ഫയറിങ് സെലിബ്രേഷന്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മനസില്‍ തോന്നിയത് ചെയ്തതാണെന്നും ആളുകള്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. ആഘോഷം ആ നിമിഷത്തില്‍ സംഭവിച്ചുപോയതാണ്. 50 റണ്‍സ് നേടിയതിന് ശേഷം ഞാന്‍ അധികം ആഘോഷിക്കാറില്ല. പക്ഷേ, ഇന്ന് ഒരു ആഘോഷം നടത്താമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാന്‍ അത് ചെയ്തു. - ഫര്‍ഹാന്‍ പ്രതികരിച്ചു.

ആളുകള്‍ അതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലെന്നും ഞാന്‍ അത് കാര്യമാക്കുന്നില്ലെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. എവിടെ കളിച്ചാലും ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കണം. അത് ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല, എല്ലാ ടീമുകള്‍ക്കെതിരെയും ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കണം.- ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

പാക് ഇന്നിങ്‌സിന്റെ പത്താം ഓവറിലാണ് താരം അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. അക്ഷര്‍ പട്ടേലിനെ സിക്സറടിച്ച് അമ്പത് കടന്നതിന് പിന്നാലെയാണ് ആംഗ്യപ്രകടനം. ഡഗ്ഔട്ടിനുനേരെ തിരിഞ്ഞ് ബാറ്റ് എടുത്തുയര്‍ത്തി വെടിയുതിര്‍ക്കുന്നതുപോലെ കാണിക്കുകയായിരുന്നു. മൈതാനത്തെ ഹസ്തദാന വിവാദവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഫര്‍ഹാന്റെ ഈ ആഘോഷപ്രകടനം ചര്‍ച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേ സമയം പാകിസ്ഥാന്‍ താരങ്ങളുടെ അതിരുവിട്ട പ്രകോപനങ്ങളെ വിമര്‍ശിച്ച് മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്ത് വന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ എകെ 47 പ്രയോഗിച്ചപ്പോള്‍ ബ്രഹ്‌മോസ് കൊണ്ടാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും കനേരിയ പറഞ്ഞു.പാകിസ്ഥാനായി അര്‍ധസെഞ്ചുറി നേടിയ സാഹിബ്‌സാദ ഫര്‍ഹാന്‍ എകെ 47 എടുത്ത് നിറയൊഴിച്ച് അര്‍ധസെഞ്ചുറി ആഘോഷിച്ചപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും അവരുടെ സ്വന്തം ബ്രഹ്‌മോസ് ഉപയോഗിച്ചാണ് ബാറ്റ് കൊണ്ട് മറുപടി നല്‍കിയതെന്നും അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫ്‌ലയിംഗ് കിസ് നല്‍കുകയാണ് അഭിഷേക് ശര്‍മ ചെയ്തതെന്നും കനേരിയ പറഞ്ഞു.

ഇന്ത്യന്‍ ഓപ്പണര്‍മാരുടെ തിരിച്ചടി വിനാശകരമായിരുന്നു. പാകിസ്ഥാന ബൗളര്‍മാര്‍ ആ അടിയില്‍ ചിതറിപ്പോയി.ചെറിയ അടി കൊടുത്ത് വലിയ അടി വാങ്ങിയതുപോലെയായി കാര്യങ്ങള്‍. അഭിഷേകിനെയും ഗില്ലിനെയും പോലുള്ള ക്ലാസ് താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ 200 റണ്‍സ് പോലും മതിയാകില്ല. ഫഖര്‍ സമനെ പുറത്താക്കാന്‍ സഞ്ജു എടുത്ത ക്യാച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളോടും കനേരിയ പ്രതികരിച്ചു. സഞ്ജു സാംസണ്‍ എടുത്തത് ക്ലീന്‍ ക്യാച്ചാണ്. തോല്‍വിക്ക് ഒരു ഒഴിവുകഴിവ് തിരയുകയാണ് പാകിസ്ഥാന്‍. മിക്കവാറും ഫഖര്‍ സമന്റെ പുറത്താകലാണ് അതിന് അവര്‍ കാരണമായി കണ്ടുവെച്ചിരിക്കുന്നത്.

താന്‍ ഔട്ടല്ലെന്ന് പറഞ്ഞ് ഫഖര്‍ സമന്‍ ഉറക്കെ കരയുമായിരിക്കും. പക്ഷെ സഞ്ജു എടുത്തത് ക്ലീന്‍ ക്യാച്ചാണെന്ന് വ്യക്തമാണെന്നും സഞ്ജുവിന്റെ വിരലുകള്‍ പന്തിന് താഴെയുണ്ടെന്ന് വ്യക്തമാണെന്നും കനേരിയ പറഞ്ഞു. അപ്പോഴും പാകിസ്ഥാന്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫഖറാകട്ടെ ആ കച്ചിത്തുരുമ്പില്‍ പിടിച്ചാണ് നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കനേരിയ പറഞ്ഞു.