മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായരുടെ സ്ഥാനത്തിനു ഇളക്കം തട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. പകരം മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിനു അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇംഗ്ലീഷ് മണ്ണില്‍ 8 ഇന്നിങ്സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. ആകെ 205 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. 25.6 ആണ് ആവറേജ്. ഉയര്‍ന്ന സ്‌കോര്‍ 57 റണ്‍സ്. കുറഞ്ഞ റണ്‍സിനെക്കാള്‍ കരുണ്‍ പുറത്തായ രീതിയിലാണ് സെലക്ടര്‍മാര്‍ക്ക് അതൃപ്തി. ദേവ്ദത്ത് പടിക്കല്‍ ഓസ്ട്രേലിയ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റില്‍ താരം 150 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി മാറിയിരുന്നു. ഇതോടെയാണ് കരുണിനെ വെട്ടി ദേവ്ദത്തിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ശ്രേയസ് പറഞ്ഞ സാഹചര്യത്തില്‍ താരത്തിന് വിശ്രമം അനുവദിക്കും.

ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ഒക്ടോബര്‍ രണ്ടിന് അഹമ്മാദാബാദിലും പത്തിന് ഡല്‍ഹിയിലും തുടങ്ങുന്ന ടെസ്റ്റുകള്‍ക്കുളള ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക. സെലക്ടര്‍മാര്‍ ഓണ്‍ലൈനായി യോഗം ചേരും.

ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ഇതുവരെ ബാറ്റിംഗ്, കീപ്പിംഗ് പരിശീലനം തുടങ്ങിയിട്ടില്ല. ഇതോടെ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്ന് ഉറപ്പ്. രണ്ടാം കീപ്പറായി എന്‍ ജഗദീശനെയും പരിഗണിക്കും. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ സ്ഥാനം ഉറപ്പ്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പേസര്‍മാരായി ടീമിലെത്തും. പരിക്കില്‍നിന്ന് മുക്തനായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലേക്ക് തിരിച്ചെത്തിയേക്കും.