- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി കുടിക്കണോ? ഒരു കപ്പ് കാപ്പിക്ക് 56,000 രൂപയാണ്; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ കോഫി ഷോപ്പ്
ദുബായ്: ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി കുടിക്കാന്‍ ആഗ്രഹമുണ്ടോ? ദുബായില്‍ എത്തിയാല്‍ മതി. ഒരു കപ്പിന് 2500 ദിര്‍ഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് നിങ്ങള്‍ക്കായി ദുബായിലെ റോസ്റ്റേഴ്‌സ് എന്ന എമിറാത്തി കോഫി ഷോപ്പ് ഒരുക്കി നല്‍കുക. ഈ കോഫി ഷോപ്പ് ഇപ്പോള്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ മാസം 13-നാണ് ഡൗണ്‍ ടൗണ്‍ ദുബായിലെ പ്രധാന ശാഖയില്‍ റെക്കോര്‍ഡ് പ്രഖ്യാപനം നടന്നത്.
ഉയര്‍ന്ന നിലവാരമുള്ള കോഫിക്ക് പേരുകേട്ട ദുബായിയുടെ വളര്‍ച്ചയാണ് ഈ റെക്കോര്‍ഡിലൂടെ തെളിയിക്കുന്നതെന്ന് റോസ്റ്റേഴ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ കോണ്‍സ്റ്റന്റൈന്‍ ഹാര്‍ബുസ് പറഞ്ഞു. വളരെ അപൂര്‍വമായ പനാമന്‍ ഗീഷ ബീന്‍സ് ഉപയോഗിച്ചാണ് ഈ റെക്കോര്‍ഡ് കാപ്പി ഉണ്ടാക്കുന്നത്. പുഷ്പങ്ങളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സവിശേഷമായ സത്ത് കാപ്പിക്ക് വേറിട്ട രുചി നല്‍കുന്നു.
കാപ്പിയോടൊപ്പം അതേ ഗീഷ ബീന്‍സ് ചേര്‍ത്തുള്ള ടിറാമിസു, ചോക്ലേറ്റ് ഐസ്‌ക്രീം, പ്രത്യേകതരം ചോക്ലേറ്റ് എന്നിവയും നല്‍കും. ജപ്പാനില്‍ കൈകൊണ്ട് നിര്‍മിച്ചതും മനോഹരമായ പാറ്റേണുകളുള്ളതുമായ എഡോ കിരിക്കോ ക്രിസ്റ്റല്‍ ഗ്ലാസ്സിലാണ് ഈ കാപ്പി വിളമ്പുന്നത്. കാപ്പിയുടെ രുചി കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കുന്ന ഫ്‌ലേവര്‍ നോട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും. റോസ്റ്റേഴ്‌സിന് നിലവില്‍ യുഎഇയില്‍ 11 ശാഖകളുണ്ട്. ലോകത്തിലെ മികച്ച ബീന്‍സുകള്‍ ശേഖരിച്ച്, വിദഗ്ധമായി കാപ്പി ഉണ്ടാക്കുന്നതില്‍ ഇവര്‍ ശ്രദ്ധേയരാണ്.
ഈ റെക്കോര്‍ഡ് ദുബായിയുടെ ആഡംബര കാപ്പി വിപണിയിലെ വളര്‍ച്ചയെ അടിവരയിടുന്നു. കഴിഞ്ഞ മാസം, 'ബെസ്റ്റ് ഓഫ് പനാമ 2025' ലേലത്തില്‍, രണ്ടാഴ്ച മാത്രം പ്രായമുള്ള ഒരു ദുബായ് സ്റ്റാര്‍ട്ട്അപ്പ് 20 കിലോഗ്രാം 'ഹസീന്‍ഡ ലാ എസ്മെറാള്‍ഡ'യുടെ വാഷ്ഡ് ഗീഷ കോഫി 604,000 ഡോളറിന് (ഒരു കിലോഗ്രാമിന് 30,204 ഡോളര്‍) വാങ്ങി ലോകശ്രദ്ധ നേടിയിരുന്നു. ഈ ആഡംബര കാപ്പി വിപണിയിലെ മുന്നേറ്റത്തിന്റെ ഭാഗമായാണ് റോസ്റ്റേഴ്‌സിന്റെ ഈ പുതിയ റെക്കോര്‍ഡ്.