ദുബായ്: ചിരവൈരികളുടെ പോരാട്ടം എന്ന നിലയില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ഏറെ വൈകാരികമാകാറുണ്ട്. പ്രത്യേകിച്ച് ആരാധകര്‍ക്ക്. ഒരു കായിക മത്സരത്തിന് ഉള്ളതിനേക്കാള്‍ ഉപരിയായിട്ടുള്ള രാഷ്ട്രീയ മാനങ്ങള്‍ തന്നെയാണ് അതിനു കാരണം. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇരുരാജ്യങ്ങളും ക്രിക്കറ്റില്‍ ഏറ്റുമുട്ടിയ ഏഷ്യാകപ്പിലെ മത്സരങ്ങള്‍ക്കിടെ ഉണ്ടായ ഹസ്തദാന വിവാദം അടക്കം ഇതിന് തെളിവാണ്. അതിനിടെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലദേശിനെ വീഴ്ത്തി പാക്കിസ്ഥാനും കലാശപ്പോരിനു യോഗ്യത നേടിയതോടെ ഏഷ്യാകപ്പില്‍ 'സൂപ്പര്‍' ഫൈനലിനാണ് കളമൊരുങ്ങുന്നത്. മാത്രമല്ല, രണ്ട് ആഴ്ചത്തെ ഇടവേളയില്‍ മൂന്നാമതൊരു ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനു കൂടിയാണ് വേദിയൊരുങ്ങുന്നത്. ഇതോടെ ഇരു പക്ഷത്തെയും ആരാധകരും ആവേശത്തിലാണ്. എന്നാല്‍ പതിവ് പോലെ ഇന്ത്യക്കെതിരെ വീരവാദങ്ങളുമായി പാക്ക് താരങ്ങള്‍ രംഗത്ത് വന്നുകഴിഞ്ഞു.

ഇത്തരം വിജയങ്ങള്‍ തങ്ങള്‍ ഒരു 'സ്പെഷ്യല്‍' ടീമാണെന്ന് ബോധ്യപ്പെടുത്തുന്നുവെന്നും ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുള്‍പ്പെടെ ആരെയും തോല്‍പ്പിക്കാനുള്ള കഴിവ് തന്റെ ടീമിനുണ്ടെന്നുമാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ അവകാശപ്പെടുന്നത്. . ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ജയം നേടി ഫൈനല്‍ ഉറപ്പിച്ചതിനു ശേഷമായിരുന്നു ആഗയുടെ പ്രതികരണം. ലോ സ്‌കോറിങ് മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് കീഴടക്കിയാണ് പാക്കിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടിയത്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഏഷ്യാകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്.

''ഇത്തരം മത്സരങ്ങള്‍ വിജയിച്ചാല്‍, ഞങ്ങള്‍ ഒരു സ്പെഷ്യല്‍ ടീമായിരിക്കണം. എല്ലാവരും ശരിക്കും നന്നായി കളിച്ചു. ബാറ്റിങ്ങില്‍ ചില പുരോഗതികള്‍ ആവശ്യമാണ്. ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കും'' - ആഗ പറഞ്ഞു. നേരത്തേ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ഇന്ത്യയ്ക്കായിരുന്നു. ''വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം, ആരെയും തോല്‍പ്പിക്കാന്‍ തക്ക കഴിവുള്ള ടീമാണ് ഞങ്ങള്‍. ഞായറാഴ്ച വന്ന് അവരെ (ഇന്ത്യയെ) തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.'' - ആഗ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബംഗ്ലദേശിനെതിരെ മത്സരത്തിനു പിന്നാലെ ഗാലറിയിലിരുന്ന കാണികള്‍ക്ക് കൈ കൊടുക്കുന്നതിനിടെ പാക്ക് താരം ഹാരിസ് റൗഫിനോട്, ഒരു ആരാധകന്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ''ഇന്ത്യയെ വെറുതെ വിടരുത്, നമുക്ക് പ്രതികാരം ചെയ്യണം'' എന്നാണ് ആരാധകന്‍ വൈകാരികമായി പറയുന്നത്. ഇതു ചിരിച്ചുകൊണ്ടു കേട്ട ഹാരിസ് റൗഫ്, ആരാധകനു ഫ്‌ലയിങ് കിസ് നല്‍കിയാണ് നടന്നു നീങ്ങിയത്. വിഡിയോ വൈറലായതോടെ ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും ഇതു ചര്‍ച്ചയായി. ആരാധകനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.

മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ പാക് പേസര്‍ ഹാരിസ് റൗഫിനെ മത്സരശേഷം ഒരു പാക് ആരാധകന്‍ വികാരാധീനനായി ആശംസിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ശേഷം കൈ പിടിച്ചു കുലുക്കി പാക ആരാധകന്‍ വികാരാധീനനായി പറയുന്നത് ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുതെന്നാണ്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദം സൂചിപ്പിക്കാനായി ഹാരിസ് റൗറ് ആറ് എന്ന് കൈവിരലുയര്‍ത്തി ആംഗ്യം കാട്ടിയതും വിമാനങ്ങള്‍ പറന്നുപോകുന്നതും വെടിയേറ്റുവീഴുന്നതും കൈകൊണ്ട് കാണിച്ചതും വിവാദമായിരുന്നു. 2022 ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ റൗഫിനെതിരെ വിരാട് കോലി തുടരെ സിക്‌സടിച്ചത് ഓര്‍മിപ്പിച്ച് ആര്‍പ്പുവിളിച്ച കാണികള്‍ക്കു നേരെ '6 വിമാനം വീഴ്ത്തിയെന്ന' ആംഗ്യം കാണിച്ചായിരുന്നു റൗഫിന്റെ പ്രകോപനം. ഇന്ത്യയുടെ അഭിഷേക ശര്‍മയും ശുഭ്മന്‍ ഗില്ലും ബാറ്റു ചെയ്യുന്നതിനിടെയും റൗഫിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായി. ഇതിനെതിരെ ഇന്ത്യ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്തു.

പാകിസ്ഥാന്‍ ഓപ്പണറായ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി തികച്ചശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നതുപോലെ ആഘോഷിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനെതിരെയും ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരിക വിജയം നേടിയിരുന്നു. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.