- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിസ് റൗഫിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് പത്ത് റണ്‍സ്; സമ്മര്‍ദ്ദത്താല്‍ ഇരിപ്പുറക്കാതെ സൂര്യകുമാര്‍; രണ്ടാം പന്ത് തിലക് സിക്‌സിന് പറത്തിയതോടെ ടേബിളില്‍ ആഞ്ഞടിച്ച് കോച്ച് ഗൗതം ഗംഭീര്‍; നിശബ്ദമായി പാക്ക് ഡ്രസ്സിംഗ് റൂം; ഇന്ത്യ വിജയം ആഘോഷിച്ചത് ഇങ്ങനെ
ദുബായ്: ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരം അവസാന ഓവര്‍ ത്രില്ലറായി മാറിയപ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡ്രസ്സിങ് റൂമിലെ ദൃശ്യങ്ങള്‍ പലതവണ ടിവി സ്‌ക്രീനില്‍ മിന്നിമാഞ്ഞു. മത്സരഫലം എത്ര നിര്‍ണായകമെന്ന് മുഖത്തുനിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന രീതിയില്‍. ഒടുവില്‍ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലും നടന്നത് നാടീകീയ രംഗങ്ങളായിരുന്നു. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെ ഔട്ടായി തിരിച്ചെത്തിയപ്പോള്‍ പുറത്തു തട്ടി അഭിനന്ദിച്ചാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഡ്രസ്സിംഗ് റൂമിലേക്ക് സ്വീകരിച്ചത്. പിന്നാലെ സമ്മര്‍ദ്ദം കൊണ്ട് ഇരിപ്പുറക്കാതിരുന്ന സൂര്യകുമാര്‍ യാദവ് അവസാന ഓവര്‍ കാണാനായി കോച്ച് ഗൗതം ഗംഭീറിന് പിന്നിലായി നിലയുറപ്പിച്ചു. പിന്നില്‍ ഡ്രസ്സിംഗ് റൂമിനകത്ത് ആകാംക്ഷയോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും.
10 റണ്‍സായിരുന്നു ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തിലക് വര്‍മ ഡബിള്‍ ഓടിയപ്പോഴും ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് ചിരിപടര്‍ന്നില്ല. എന്നാല്‍ ഹാരിസ് റൗഫിന്റെ രണ്ടാം പന്ത് തിലക് സിക്‌സിന് പറത്തിയതോടെ കോച്ച് ഗൗതം ഗംഭീര്‍ മുന്നിലെ ടേബിളില്‍ ആഞ്ഞടിച്ച് ആവേശം പ്രകടിപ്പിച്ചു. സാധാരണ ഗതിയില്‍ വളരെ നിസംഗതയോടെ ഏത് മത്സരത്തെയും സമീപിക്കാറുള്ള ഗംഭീറിന്റെ അപ്രതീക്ഷിതമായ പെരുമാറ്റം ഒന്നുമതി പാക്കിസ്ഥാനെതിരായ ഫൈനലിലെ ജയം എത്ര നിര്‍ണായകമായിരുന്നു എന്ന് തെളിയിക്കാന്‍. കുല്‍ദീപും പാണ്ഡ്യയും ബുമ്രയും ചിരിയോടെ കൈയടിച്ചു. റിങ്കു സിംഗ് വിജയറണ്ണെടുത്തതിന് പിന്നാലെ കോച്ച് തന്നെ ആവേശപ്രകടനത്തിന് തുടക്കം കുറിച്ചു. ഗ്രൗണ്ടിലേക്കിറങ്ങിവന്ന് തിലകിനെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.
പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അഭിനന്ദനം. ഡഗ് ഔട്ടിന് മുന്നില്‍ വിജയാഘോഷത്തില്‍ ഭാര്യയെയും പങ്കാളിയാക്കി സൂര്യകുമാര്‍ യാദവ്. പിന്നാലെ കളിക്കാരുടെ ഫോട്ടോ ഷൂട്ട്. കിരീടമില്ലാതെ ആഘോഷിക്കേണ്ടിവന്നെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാറിനോട് 2024ലെ ടി20 ലോകകപ്പ് ജയിച്ചപ്പോള്‍ രോഹിത് ശര്‍മ വന്നതുപോലെ വരാന്‍ പറഞ്ഞ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഒടുവില്‍ സാങ്കല്‍പിക ട്രോഫി വാനിലേക്കുയര്‍ത്തി വിജയാഘോഷം.
ഏഷ്യാകപ്പ് വിജയികളായതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവകാശപ്പെട്ട ട്രോഫിയുമായി എസിസി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ഗ്രൗണ്ട് വിട്ടെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ ആഘോഷത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ സ്റ്റേഡിയത്തില്‍നിന്ന് പോയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ പോഡിയത്തില്‍ കയറി വിജയം ആഘോഷിച്ചു. ട്രോഫി കിട്ടിയില്ലെങ്കിലും, ട്രോഫി സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ ടീമിനടുത്തേക്കു വരുന്നതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഭിനയിച്ചു. പിന്നാലെ പോഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ആഘോഷ പ്രകടനം. സംഭവം കളറായി.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതോടെ ട്രോഫി ഗ്രൗണ്ടില്‍നിന്നു മാറ്റാന്‍ മൊഹ്‌സിന്‍ നഖ്‌വി നിര്‍ദേശിച്ചു. എമിറേറ്റ്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സരൂനിയില്‍നിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഈ ആവശ്യം തള്ളി.
പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തിനു പിന്നാലെയാണ് ചടങ്ങ് അവസാനിപ്പിച്ചത്. തോല്‍വിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്ക് താരങ്ങള്‍ സഹകരിക്കാത്തതിനാല്‍ സമ്മാനദാനം ഒരു മണിക്കൂറോളം വൈകിയിരുന്നു. മൊഹ്‌സിന്‍ നഖ്‌വിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബിസിസിഐ ഉയര്‍ത്തിയത്. മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്നു മാത്രമാണ് ഇന്ത്യന്‍ ടീം അറിയിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പ്രതികരിച്ചു.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്‌കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.