ലഹോര്‍: ഏഷ്യാകപ്പിലെ ട്രോഫി വിവാദങ്ങള്‍ തുടരുന്നതിനിടെ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയെ ആദരിക്കാന്‍ പാക്കിസ്ഥാനില്‍ നീക്കം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടിയായ നഖ്‌വിക്ക് 'ഷഹീദ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ്' ഗോള്‍ഡ് മെഡലാണ് സമ്മാനിക്കുക. ഏഷ്യാകപ്പ് ഫൈനലിലെ ട്രോഫി വിവാദത്തില്‍ 'തത്വാധിഷ്ഠിതവും ധീരവുമായ നിലപാട്' എടുത്തതിന്റെ പേരിലാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് സംഘാടകരുടെ പ്രതികരണം.

പാകിസ്ഥാനിലെ രാഷ്ട്രീയ, കായിക മേഖലകളില്‍ നഖ്‌വിയുടെ നിലപാട് മികച്ച സ്വീകാര്യത നേടിയെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് രാജ്യത്തിന്റെ അന്തസ്സും, പരമാധികാരവും അഭിമാനവും ഉയര്‍ത്തിപ്പിടുക്കുന്നവര്‍ക്കുള്ള ആദരവായി സമ്മാനിക്കുന്ന സുല്‍ഫിഖര്‍ അലി ഭൂട്ടോ ഗോള്‍ഡ് മെഡലിന് മുഹ്‌സിന്‍ നഖ്‌വിയെ തെരഞ്ഞെടുത്തത്. കറാച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി മുഖ്യാതിഥിയാകും.

ഏഷ്യന്‍ കപ്പ് ഫൈനലില്‍ പാകിസ്താന്റെ അഭിമാനമുയര്‍ത്തികൊണ്ട് ധൈര്യ സമേതം നിലപാട് സ്വീകരിച്ചുവെന്ന് സൂചിപ്പിച്ചാണ് ഷഹീദ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡലിന് പി.സി.ബി പ്രസിഡന്റ് കൂടിയായ മുഹ്‌സിന്‍ നഖ്‌വിയെ തെരഞ്ഞെടുത്തത്. ഫൈനലിലെ നാടകീയ രംഗങ്ങളില്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് ട്രോഫി നിഷേധിക്കുന്നതിലൂടെ അദ്ദേഹം തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ചുവെന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയുടെ കണ്ടെത്തല്‍.

കലാശപോരാട്ടത്തില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെയും പശ്ചാത്തലത്തില്‍ പാകിസ്താന്‍ ആഭ്യന്തര മന്ത്രിയായ എ.സി.സി പ്രസിഡന്റില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയ നഖ്‌വി ട്രോഫിയും ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി. ഇതോടെ കപ്പില്ലാതെ പ്രതീകാത്മകമായിരുന്നു സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും വിജയാഘോഷം.

കളിയവസാനിച്ചിട്ടും തീരാത്ത വലിയ വിവാദങ്ങള്‍ക്കായിരുന്നു പിന്നീട് തുടക്കം കുറിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മറ്റു ഭാരവാഹികളില്‍ നിന്നും ട്രോഫി വാങ്ങാമെന്ന് ബി.സി.സി.ഐ അറിയിച്ചുവെങ്കിലും നഖ്‌വി വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ബി.സി.സി.ഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും ഐ.സി.സിക്കും പരാതി നല്‍കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ക്രിക്കറ്റ് ശീതയുദ്ധത്തിനുള്ള തുടക്കമായി ദുബായിലെ നാടകീയ സംഭവങ്ങള്‍ മാറി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, ബി.സി.സി.ഐയോട് ഒരിക്കലും ക്ഷമാപണം നടത്തുകയുമില്ലെന്നായിരുന്നു നഖ്‌വി ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്.

'എ.സി.സി പ്രസിഡന്റ് എന്ന നിലയില്‍, ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ ഞാന്‍ തയ്യാറായിരുന്നുവെന്നും ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എ.സി.സി ഓഫീസില്‍ വന്ന് തന്റെ കൈയില്‍ നിന്ന് ഇന്ത്യന്‍ടീമിന് ട്രോഫി വാങ്ങാമെന്നാണ് നഖ്‌വി ആവര്‍ത്തിക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റിനിടയില്‍ മുഹ്‌സിന്‍ നഖ്‌വി വിവാദ നായകനായെങ്കിലും പാക് മണ്ണില്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി.

നഖ്‌വിയുടെ നടപടികള്‍ പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിയതായി സിന്ധ്, കറാച്ചി ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗുലാം അബ്ബാസ് ജമാല്‍ ഒരു പാക്കിസ്ഥാനി മാധ്യമത്തോടു പ്രതികരിച്ചു. ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാന്‍ നഖ്‌വി തയാറായിരുന്നില്ല.

ഇന്ത്യ വിജയിച്ചതിനു പിന്നാലെ നഖ്‌വി, ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. പാക്കിസ്ഥാന്‍ മന്ത്രിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തതോടെയാണ് നഖ്‌വി നാടകീയ നീക്കം നടത്തിയത്. തുടര്‍ന്ന് ട്രോഫി സ്വീകരിക്കാതെ ഇന്ത്യന്‍ ടീം യുഎഇയില്‍നിന്നു മടങ്ങി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ നഖ്‌വിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

ബിസിസിഐയ്ക്കു പുറമേ, മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും നഖ്‌വിക്കെതിരെ രംഗത്തെത്തി. എന്നാല്‍ ഇന്ത്യയോടു മാപ്പു പറയാന്‍ നഖ്‌വി തയാറായില്ല. ഇന്ത്യയ്ക്കു ട്രോഫി വേണമെങ്കില്‍ എസിസി ഒഫിസിലെത്തി സ്വീകരിക്കണമെന്നാണ് നഖ്‌വിയുടെ നിലപാട്. ബിസിസിഐ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. ഇതോടെ ട്രോഫി വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലും ചര്‍ച്ചയാകും.