- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലകനേക്കാള്‍ മത്സര പരിചയമുള്ള താരങ്ങള്‍; ഡ്രസിങ് റൂമിലുണ്ടെങ്കില്‍ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാം? രോഹിത്തിനെയും കോലിയെയും അശ്വിനെയും പുറത്താക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം ഗംഭീര്‍; വിവാദ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
മുംബൈ: ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി (ഇരുവരും ട്വന്റി 20, ടെസ്റ്റ്), ആര്‍ അശ്വിന്‍ (എല്ലാ ഫോര്‍മാറ്റിലും) എന്നിവരുടെ വിരമിക്കലുകളക്കു പിന്നില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ണായക ഇടപെടലെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത്തിനെയും കോലിയെയും ഗംഭീര്‍ കളിപ്പിച്ചില്ലെങ്കില്‍ അതു ടീമിന് വലിയ തിരിച്ചടിയാവുമെന്നും തിവാരി മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയതിന് പിന്നാലെയാണ് വിമര്‍ശനം. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ കോച്ച് ഗൗതം ഗംഭീറാണെന്ന് മനോജ് തിവാരി പറഞ്ഞു. സീനിയര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് രോഹിത്തിനെയും കോലിയെയും അശ്വിനെയുമെല്ലാം ഗംഭീര്‍ കൂട്ടത്തോടെ ഒഴിവാക്കുന്നതെന്നും തിവാരി ആരോപിച്ചു.
സീനിയര്‍ താരങ്ങളായ അശ്വിനും രോഹിത്തും കോലിയുമെല്ലാം കോച്ചിനെക്കാളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനെക്കാളും മത്സരപരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ടീമിലുണ്ടെങ്കില്‍ കോച്ചിന്റെ പല തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാം. അതിനാല്‍ അവരെ ഒഴിവാക്കുക എന്നതാണ് ഗംഭീറിന്റെ ആദ്യത്തെ ലക്ഷ്യമെന്ന് തിവാരി ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ഒട്ടേറെ വിവാദ തീരുമാനങ്ങളാണ് എടുത്തത്. ഇതില്‍ പലതും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമായിരുന്നില്ല. ഗംഭീര്‍ പരിശീലകനായശേഷമാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ കോലിയും രോഹിത്തും വിരമിച്ചു. ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ ടീമിലെടുക്കുകയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ചെയ്തു. ടീം സെലക്ഷനില്‍ യാതൊരു സ്ഥിരതയും പുലര്‍ത്താന്‍ ഗംഭീറിനായിട്ടില്ല.
എന്നാല്‍ ഏകദിന ടീമില്‍ നിന്ന് രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. കാരണം, അവരുടെ അനുപമമായ റെക്കോര്‍ഡുകള്‍ തന്നെയാണ്. അതേസമയം, അവരില്‍ അരക്ഷിത ബോധമുണ്ടാക്കി ഡ്രസ്സിംഗ് റൂമില്‍ തങ്ങളുടെ ആവശ്യമില്ലെന്ന തോന്നലുണ്ടാക്കാന്‍ ഇപ്പോഴത്തെ തീരുമാനത്തിലൂടെ കഴിയും. അതുവഴി കൂടുതല്‍ അപഹാസ്യരാകാന്‍ നില്‍ക്കാതെ അവര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് ഗംഭീര്‍ കണക്കുകൂട്ടുന്നത്.
ഓസ്‌ട്രേലിയക്കെതിരെയും വരാനിരിക്കുന്ന ഏകദിനങ്ങളിലും രോഹിത്തിനെയും കോലിയെയും പുറത്തിരുത്താന്‍ ഗംഭീറിന് ധൈര്യമുണ്ടാകില്ല. പക്ഷെ അടുത്ത ലോകകപ്പില്‍ ഇവരെ കളിപ്പിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ അത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്നും തിവാരി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ ഈ മാസം 19ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെ കോലിയും രോഹിത്തും ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിനായി അസാധാരണമായ സേവനങ്ങള്‍ നല്‍കിയിട്ടുള്ള രണ്ടു പേരാണ് രോഹിത് ശര്‍മയും വിരാട് കോലിയും. നമ്മുടെ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചതും ഇവരാണ്. അവര്‍ തങ്ങളുടെ ഹൃദയവും ആത്മാവുമെല്ലാം ടീമിനായി സമര്‍പ്പിച്ചു. അവര്‍ തങ്ങളുടെ എല്ലാം ടീമിനായി നല്‍കിയത് നമ്മളും കണ്ടിട്ടുള്ളതാണെന്നും തിവാരി പറഞ്ഞു.
നിലവിലെ ടീമിനകത്തു നിന്നുള്ള ചില കാര്യങ്ങള്‍ തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ഡ്രസിങ് റൂമില്‍ ഇനി തങ്ങളെ ആവശ്യമില്ലെന്നും തോന്നുകയാണെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ഇവര്‍ക്കു ആലോചിക്കാവുന്നതാണ്. എന്നാല്‍ കളിക്കണമെന്നാണ് രോഹിത്തും കോലിയും ആഗ്രഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരും ഇതുവരം നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇവരെ ടീമില്‍ വേണ്ടെന്നു ഗംഭീറും ആഗ്രഹിക്കുല്ലെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത ഏകദിന ലോകകപ്പിനുള്ള ടീമിന്റെ പ്ലാനുകളില്‍ രോഹിത്തിനെയും കോലിയെയും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതു ഗംഭീര്‍ കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.