ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് മിന്നുന്ന സെഞ്ചുറി. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കരിയറിലെ ഏഴാം സെഞ്ചുറിയാണ് ജയ്‌സ്വാള്‍ കുറിച്ചത്. 120 റണ്‍സുമായി യുവതാരം ക്രീസില്‍ തുടരുന്നു. 83 റണ്‍സുമായി യുവതാരം സായ് സുദര്‍ശനാണ് ജയ്‌സ്വാളിന് ഒപ്പമുള്ളത്. കരിയറിലെ ആദ്യ സെഞ്ചുറിയിലേക്ക് കുതിക്കുകയാണ് ഒപ്പമുള്ള സായ് സുദര്‍ശന്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 241 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ (38) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 54 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജോമെല്‍ വാറിക്കനാണ് വിക്കറ്റ്.

അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ബ്രന്‍ഡന്‍ കിംഗ്, ജൊഹാന്‍ ലയ്നെ എന്നിവര്‍ പുറത്തായി. ആന്‍ഡേഴ്സണ്‍ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവര്‍ ടീമിലെത്തി.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം 58 റണ്‍സ് ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ ലഭിച്ചു. ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന രാഹുലിനെ ജോമല്‍ വറിക്കാനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ തെവിന്‍ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രണ്ടാം സെഷനില്‍ ജയ്സ്വാള്‍ തന്റെ ഏഴാം സെഞ്ചുറി പൂര്‍ത്തിയാക്കി. 17 ബൗണ്ടറികള്‍ ജയ്സ്വാള്‍ നേടിയിട്ടുണ്ട്. ജയ്സ്വാള്‍ - സായ് സഖ്യം ഇതുവരെ 184 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവില്‍ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റില്‍ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാംബെല്‍, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ആന്‍ഡേഴ്സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്താന്‍ പാടുപെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും വ്യക്തമായ മേല്‍ക്കൈ. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് ത്രയത്തിന്റെ സ്പിന്‍ മികവിനേയും ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ് ജോഡിയുടെ വേഗപന്തുകളേയും അതിജീവിക്കുകയാവും വിന്‍ഡീസിന്റെ ഏറ്റവും വലിയ വെല്ലുവിളി.