തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസറുദ്ദീന്‍ ടീമിനെ നയിക്കും. ബാബ അപര്‍ജിത് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ടീമില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായതിനാല്‍ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ വിദര്‍ഭയോട് കലാശപ്പോരില്‍ കീഴടങ്ങി. ഒക്ടോബര്‍ 15 ന് മഹാരാഷ്ട്രയുമായാണ് സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം.

കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരും രഞ്ജി ടീമിലുണ്ട്. കഴിഞ്ഞ സീസണിലും സല്‍മാന്‍ നിസാര്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്. എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ അതിഥി താരങ്ങള്‍.

എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. കേരളത്തിന് ഇത്തവണ കടുപ്പമേറിയ എതിരാളികളെയാണ് നേരിടേണ്ടത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ ടിമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 15 മുതല്‍ മഹാരാഷ്ട്രക്കെതിരെയാണ് കേരളത്തിന്റെ ആദ് മത്സരം. 25ന് മുള്ളന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനേ നേരിടുന്ന കേരളം, നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയെ നേരിടും.

നവംബര്‍ എട്ട് മുതല്‍ സൗരാഷ്ട്രയെയും കേരളം ഇതേ ഗ്രൗണ്ടില്‍ നേരിടും. നവംബര്‍ 16 മുതല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മധ്യപ്രദേശിനെതിരായ മത്സരം. ജനുവരി 29 മുതല്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി ഗ്രൗണ്ടിലാണ് ഗോവക്കെതിരായ മത്സരം.

രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം: മുഹമ്മദ് അസ്ഹറുദ്ദീന്‍ എം (ക്യാപ്റ്റന്‍), ബ അപരാജിത്ത് (വിസി),സഞ്ജു വി സാംസണ്‍, രോഹന്‍ എസ് കുന്നുമ്മല്‍,വത്സല്‍ ഗോവിന്ദ് ശര്‍മ്മ,അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി,സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ്മ, എം ഡി നിധീഷ്, ബേസില്‍ എന്‍ പി,ഏദന്‍ ആപ്പിള്‍ ടോം,അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍,അഭിഷേക് പി നായര്‍.