- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിയും മുടിയും കറുപ്പിച്ച് വിരാട് കോലിയെത്തി; ശരീര ഭാരം കുറച്ച് ചുള്ളനായി രോഹിത് ശര്‍മയും; സീനിയര്‍ താരങ്ങള്‍ക്ക് ഇനി ഓസീസ് കടമ്പ; ഏകദിന പരമ്പരയ്ക്കായി നാളെ ഇന്ത്യന്‍ ടീം പുറപ്പെടും; കോലിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ വീണ്ടും കളിക്കാനൊരുങ്ങുകയാണ് സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള താരങ്ങള്‍ ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ ക്യാംപിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രണ്ടു സംഘങ്ങളായാണു ഓസ്‌ട്രേലിയയിലേക്കു പോകുക. ശരീര ഭാരം കുറച്ച്, ബ്രോങ്കോ ടെസ്റ്റില്‍ തിളങ്ങിയ ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്നത്. രോഹിത് ശര്‍മയെയും വിരാട് കോലിയെയും യുവതാരമായ ശുഭ്മന്‍ ഗില്‍ നയിക്കുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.
ഇന്ത്യന്‍ ക്യാമ്പിന് ഒപ്പം ചേരാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കോലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടെസ്റ്റില്‍ നിന്നും ടി20-യില്‍ നിന്നും വിരമിച്ച കോലി ഇപ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ജൂണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പം ആദ്യ ഐപിഎല്‍ കിരീടം നേടിയ ശേഷം രാജ്യംവിട്ട കോലി നാല് മാസത്തിനു ശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്. നേരത്തേ ഇന്ത്യന്‍ താരങ്ങള്‍ക്കായി ബ്രോങ്കോ ടെസ്റ്റ് നടത്തിയപ്പോഴും വിരാട് കോലി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നില്ല. ലണ്ടനില്‍നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കോലിയെ ബിസിസിഐ അനുവദിക്കുകയായിരുന്നു.
ഒക്ടോബര്‍ 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പര ആരംഭിക്കുക. മാസങ്ങള്‍ക്കു മുമ്പ് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ നരച്ച താടി കറുപ്പിക്കുന്നതിനെക്കുറിച്ച് കോലി വാചാലനായിരുന്നു. പിന്നീട് താടിയും മുടിയും നരച്ച തരത്തിലുള്ള കോലിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കോലിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. താടിയും മുടിയും കറുപ്പിച്ച് കറുത്ത ഷര്‍ട്ടും ഓഫ് വൈറ്റ് പാന്റ്സും ധരിച്ചാണ് കോലി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. താരത്തെ കണ്ട് ആവേശഭരിതരായ ആരാധകര്‍ കോലിയുടെ പേരുവിളിച്ചുപറയുന്നതും കേള്‍ക്കാം.
കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഇതാദ്യമായി കോലിയും രോഹിത്ത് ശര്‍മയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ പോകുന്ന പരമ്പര കൂടിയാണ് ഓസ്ട്രേലിയക്ക് എതിരെയുള്ളത്. രോഹിത്തിനു പകരം ശുഭ്മാന്‍ ഗഗില്ലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഓസീസ് പരമ്പരയിലെ പ്രകടനം ഇതോടെ കോലിക്കും രോഹിത്തിനും നിര്‍ണായകമാകും. 2027 ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ഒക്ടോബര്‍ 15-ന് രണ്ടു സംഘങ്ങളായാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയിലേക്കു പോകുന്നത്. അതിനു മുന്‍പ് താരങ്ങളെല്ലാം ഡല്‍ഹിയിലെത്തി ടീം ക്യാംപില്‍ ചേരും. ആവശ്യത്തിനു ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടു സംഘങ്ങളായാണ് പെര്‍ത്തിലേക്കു യാത്ര ചെയ്യുന്നത്.