സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഫില്‍ഡിങ് ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ആരോഗ്യനില മെച്ചപ്പെടുന്നു. താരത്തെ ഐസിയുവില്‍നിന്നു മാറ്റി. വാരിയെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശ്രേയസിനെ കഴിഞ്ഞ ദിവസമാണ് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചതും ശ്രേയസിനെ ഐസിയുവിലേക്ക് മാറ്റിയതും. ആരോഗ്യനില തൃപ്തികരമായതിനു പിന്നാലെയാണ് ഐസിയുവില്‍നിന്നു പുറത്തിറക്കിയത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുപ്പതുകാരന്‍ ശ്രേയസ് സിഡ്‌നിയില്‍ തന്നെ തുടരുമെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസിന് വീണു പരുക്കേറ്റത്. പിന്നാലെ ഫിസിയോയുടെ സഹായത്തോടെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസ് ബോധരഹിതനായി വീണെന്നും പള്‍സ് ഉള്‍പ്പെടെ ആശങ്കാജനകമാംവിധം താഴ്ന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ രക്തസമ്മര്‍ദം അപകടകരമാംവിധം താഴ്ന്നിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് അടിയന്തരമായി താരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടത്തി. ഇതാണ് ആന്തരിക രക്തസ്രാവത്തിനു കാരണമായതെന്നാണ് വിവരം. എല്ലാം നിയന്ത്രണവിധേയമാണെന്നും ശ്രേയസിനു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.

ക്യാച്ചെടുക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും മനസിലാകുകയായിരുന്നു. പ്ലീഹയിലേറ്റ മുറിവാണ് ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയാന്‍ ശ്രേയസിന് ഏഴു ദിവസം വരെ ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരും.

ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയെത്തിയ അയ്യരുടെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബിസിസിഐ മെഡിക്കല്‍ സംഘം അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ടീം ഡോക്ടറും ഫിസിയോയും മറ്റൊന്നിനായും കാത്തുനില്‍ക്കാതെ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകിയിരുന്നെങ്കില്‍ താരത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിഡ്‌നി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ബിസിസിഐയുടെ മെഡിക്കല്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ കൂടി മേല്‍നോട്ടത്തിലാകും ശ്രേയസിന്റെ തുടര്‍ ചികിത്സ. പരുക്ക് പൂര്‍ണമായും ഭേദമായി ശ്രേയസ് നാട്ടിലേക്കു മടങ്ങുന്നതുവരെ ബിസിസിഐ മെഡിക്കല്‍ ടീം സിഡ്‌നിയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ടീം ഡോക്ടര്‍ ഡോ. റിസ്വാന്‍ ഖാനാകും താരത്തിനൊപ്പം തുടരുക.

കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശ്രേയസ് ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ആശുപത്രി വിട്ടാലും ശ്രേയസിന് 3 ആഴ്ചയോളം വിശ്രമം ആവശ്യമായി വരും. അതേസമയം, ശ്രേയസ്സ് അയ്യരുടെ കുടുംബം ഉടന്‍ സിഡ്‌നിയിലേക്കു പോകും. ഇതിന്റെ വീസാ നടപടികള്‍ ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.