- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും; ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം; കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരം
കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരം
തിരുവനന്തപുരം: കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തിന് വേദിയാകുന്നതോടെ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കുകയാണ് തിരുവനന്തപുരത്തെ മംഗലപുരം കെസിഎ സ്റ്റേഡിയം. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് പുതിയൊരു അധ്യായമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതോടെ കേരളത്തിലെ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എണ്ണം 12 ജില്ലകളിലായി 31 ഗ്രൗണ്ടുകളായി ഉയരും. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഈ സീസണിലെ മൂന്നാം മത്സരത്തിനാണ് നാളെ ഇറങ്ങുന്നത്. ശക്തരായ കര്‍ണ്ണാടകയെയാണ് കേരളം നേരിടുന്നത്. ദേശിയ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നതോടെ ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിക്കുകയാണ് മംഗലപുരത്തെ കെസിഎ സ്റ്റേഡിയവും.
തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ട്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട് എന്നിവ ഇതിനോടകം തന്നെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഈ പട്ടികയിലേക്ക് മംഗലപുരം സ്റ്റേഡിയം കൂടി ചേരുന്നതോടെ കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയെന്ന പദവി തിരുവനന്തപുരം അരക്കിട്ടുറപ്പിയ്ക്കുകയാണ്.
ആഭ്യന്തര, ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ മുന്നോട്ടു വച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളാണ് മംഗലപുരത്തെ കെ.സി.എ. സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. 12 കോടി രൂപ ചെലവഴിച്ച് സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തിലുള്ള ഫ്‌ളഡ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.ഇത്തരം സംവിധാനങ്ങള്‍ ഉള്ളതിനാല്‍ രാത്രികാല മത്സരങ്ങളും സുഗമമായി ഇവിടെ നടത്തുവാന്‍ കഴിയും.
രഞ്ജി ട്രോഫി സര്‍ക്യൂട്ടില്‍ മംഗലപുരം സ്റ്റേഡിയത്തെക്കൂടി ഉള്‍പ്പെടുത്തിയതിലൂടെ കളിയെ പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് കെസിഎ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കെ.സി.എയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിത് ' കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. പുതിയ വേദിയില്‍ കേരളം കര്‍ണാടകയെ നേരിടുമ്പോള്‍, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കേരള ക്രിക്കറ്റിന്റെ ഫസ്റ്റ്-ക്ലാസ് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ്. സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചും ഇതൊരു അഭിമാന നിമിഷമാണ്.
1952/53 സീസണിലാണ് കേരളം ആദ്യ രഞ്ജി ട്രോഫി മത്സരം കളിച്ചത്. അന്നു മുതല്‍, ആകെ 194 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ക്ക് സംസ്ഥാനം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. വിവിധ വര്‍ഷങ്ങളിലായി സംസ്ഥാനത്തുടനീളം തയ്യാറാക്കിയ വിവിധ ഗ്രൌണ്ടുകളിലായാണ് ഈ മത്സരങ്ങള്‍ നടന്നത്. ആ വഴിയില്‍ പുതിയൊരു പേര് കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ് മംഗലപുരം സ്റ്റേഡിയത്തിലൂടെ. സംസ്ഥാനത്ത് ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കെ.സി.എ. നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം.
ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തില്‍ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. അതിനാല്‍ കര്‍ണ്ണാടകയ്ക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം കളിക്കാനിറങ്ങുക.രണ്ട് മത്സരങ്ങളില്‍ നിന്ന് നിലവില്‍ രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.കര്‍ണ്ണാടകയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സല്‍മാന്‍ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വത്സല്‍ ഗോവിന്ദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഓസ്ട്രേലിയന്‍ പര്യടനത്തിലായതിനാല്‍ സഞ്ജു സാംസനും നിലവില്‍ ടീമിനൊപ്പമില്ല. പകരക്കാരായി കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മുന്‍ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കര്‍ണ്ണാടക ടീം ശക്തമാണ്. കരുണ്‍ നായര്‍, അഭിനവ് മനോഹര്‍, ശ്രേയസ് ഗോപാല്‍, തുടങ്ങിയ കരുത്തരടങ്ങിയതാണ് കര്‍ണ്ണാടക ടീം. കഴിഞ്ഞ മത്സരത്തില്‍ കരുണ്‍ നായര്‍ പുറത്താകാതെ 174 റണ്‍സ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് കര്‍ണ്ണാടകയ്ക്കുള്ളത്.




