ക്യൂന്‍സ്ലാന്‍ഡ്: അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാനിരിക്കെ ജയത്തോടെ മുന്നിലെത്താനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് വിജയിച്ചു. മൂന്നാം മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യയും വിജയം നേടി. നിലവില്‍ 1-1 എന്ന നിലയിലാണുള്ളത്. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം. അതുകൊണ്ടുതന്നെ നാലാം മത്സരത്തിലെ ജയം ഇരു കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. വിജയ കൂട്ടുകെട്ട് തുടരാനാവും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ കളിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ട്വന്റി 20യില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ഫിനിഷറായും കളിച്ചത് ജിതേഷ് ആയിരുന്നു. സഞ്ജു കളിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയിരുന്നു. നാലാം മത്സരത്തില്‍ ഇന്ത്യ ജയിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

മൂന്നാം ട്വന്റി 20 ജയിച്ച ശേഷം ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. പകരക്കാരായി വന്നവരെല്ലാം മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയെന്നും സൂര്യ മത്സരശേഷം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിക്കവെ വ്യക്തമാക്കി. തുടര്‍ച്ചയായി 19-20 ടോസുകള്‍ തോറ്റശേഷം ഒരു ടോസ് ജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ സൂര്യകുമാര്‍ മൂന്നാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ വരുത്തിയ മൂന്ന് മാറ്റങ്ങളും ശരിയായിരുന്നുവെന്നും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞിരുന്നു.

ഇതോടെ പകരക്കാരായി ടീമിലെത്തിയ അര്‍ഷ്ദീപ് സിംഗിനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും വരും മത്സരങ്ങളിലും അവസരം കിട്ടുമെന്നുറപ്പായി. ഇതോടെ മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും ഇനിയുള്ള കളികളിലും പുറത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് സൂര്യകുമാര്‍ നല്‍കുന്നത്. ടീമില്‍ അവസരമില്ലാതിരുന്നപ്പോഴും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും കഠിനമായി പരിശീലനം തുടരുന്നുണ്ടായിരുന്നുവെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു.

അതേ സമയം ഓസ്‌ട്രേലിയന്‍ പ്ലേയിങ് 11ല്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ട്രാവിസ് ഹെഡും അലക്‌സ് ക്യാരിയും ടീമില്‍ ഇല്ലെന്നുറപ്പായിട്ടുണ്ട്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്. ഇപ്പോഴിതാ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയ നാലാം മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ കളിപ്പിക്കാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.

ഫോമിലേക്കെത്തിയാല്‍ എതിരാളികളുടെ അന്തകനാവാന്‍ കെല്‍പ്പുള്ളവനാണ് മാക്‌സ് വെല്‍. എന്നാല്‍ സ്ഥിരത പലപ്പോഴും ചോദ്യമുയര്‍ത്താറുണ്ട്. പക്ഷെ തന്റേതായ ദിവസം എല്ലാവരേയും ഞെട്ടിക്കാന്‍ മാക്‌സ് വെല്ലിന് ശേഷിയുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ എല്ലാ എതിരാളികളും ഭയക്കുന്ന താരമാണ് മാക്‌സ് വെല്‍. ഇന്ത്യക്കെതിരേ മികച്ച റെക്കോഡും മാക്‌സ് വെല്ലിന് അവകാശപ്പെടാന്‍ സാധിക്കും. 19 ടി20 മത്സരത്തില്‍ നിന്ന് 27.37 ശരാശരിയില്‍ 438 റണ്‍സാണ് ഗ്ലെന്‍ മാക്‌സ് വെല്‍ നേടിയത്.

141.74 പ്രഹര ശേഷിയില്‍ മിന്നിച്ച മാക്‌സ് വെല്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയുമാണ് നേടിയിട്ടുള്ളത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാന്‍ കഴിവുള്ളവനാണ് ഗ്ലെന്‍ മാക്‌സ് വെല്‍. അതുകൊണ്ടുതന്നെ താരത്തിന്റെ വരവിനെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം. ഇന്ത്യയെ ഞെട്ടിക്കാന്‍ ഓസീസ് മറ്റൊരു തന്ത്രപരമായ നീക്കവും നടത്തുന്നുണ്ട്. ഇന്ത്യയില്‍ വേരുള്ള തന്‍വീര്‍ സംഗയെ ഇന്ത്യക്കെതിരേ കളിപ്പിക്കാനാണ് ഓസീസിന്റെ നീക്കം.

ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിട്ട് വലിയ മുന്‍പരിചയം ഇല്ലാത്ത സ്പിന്നറാണ് തന്‍വീര്‍ സംഗ. അതുകൊണ്ടുതന്നെ ഈ നീക്കം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. ട്രാവിഡ് ഹെഡ് ടീം വിട്ടതിനാല്‍ മിച്ചല്‍ മാര്‍ഷിനൊപ്പം മാത്യു ഷോര്‍ട്ട് ഓപ്പണിങ്ങിലേക്കെത്തിയേക്കും. ടിം ഡേവിഡ് മിന്നും ഫോമിലുള്ളത് ഓസീസിന്റെ ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ മിച്ചല്‍ മാര്‍ഷിനും ജോഷ് ഇന്‍ഗ്ലിസിനും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഇത് ഓസ്‌ട്രേലിയക്ക് സമ്മര്‍ദ്ദം നല്‍കുന്ന കാര്യങ്ങളിലൊന്നാണ്.

നാലാം മത്സരം ജയിക്കാനായാല്‍ പരമ്പര കൈവിടില്ലെന്നുറപ്പിക്കാന്‍ ഇരു ടീമിനും സാധിക്കും. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. നാലാം മത്സരത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഓസീസിനെ ഞെട്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയും പരമ്പര ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. എന്തായാലും നാലാം മത്സരം തീ പാറുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ശിവം ദുെബ, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.