- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ് വെടിക്കെട്ടോടെ തുടക്കം; മുന്‍നിരയെ എറിഞ്ഞിട്ട് അക്സറും ദുബെയും; വാലറ്റത്തെ കറക്കിവീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍; ക്വീന്‍സ്ലാന്‍ഡില്‍ ഓസീസിന് കൂട്ടത്തകര്‍ച്ച; 48 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍
48 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍
ക്വീന്‍സ്ലാന്‍ഡ്: നാലാം ട്വന്റി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് 48 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസീസ് 119 റണ്‍സിന് പുറത്തായി. ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യഓവറുകളില്‍ ഉജ്വല ബൗളിങ് കാഴ്ചവെച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ ആതിഥേയര്‍ അനായാസ ജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരം ബൗളര്‍മാരാണ് ഇന്ത്യക്ക് അനുകൂലമാക്കിയത്. വാഷിങ്ടണ്‍ സുന്ദര്‍ 1.2 ഓവര്‍ മാത്രം എറിഞ്ഞ് മൂന്നു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2 -1). ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. അവസാന മത്സരത്തില്‍ തോറ്റാലും പരമ്പര നഷ്ടമാകില്ല. ഗാബയിലെ അവസാന മത്സരത്തിലും ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
നായകന്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നാലു ഫോറടക്കം 30 റണ്‍സെടുത്തു. മാത്യു ഷോര്‍ട്ട് (19 പന്തില്‍ 25), ജോഷ് ഇംഗ്ലിസ് (11 പന്തില്‍ 12), ടീം ഡേവിഡ് (ഒമ്പത് പന്തില്‍ 14), ജോഷ് ഫിലിപ്പെ (10 പന്തില്‍ 10), മാര്‍കസ് സ്റ്റോയിനസ് (19 പന്തില്‍ 17), ഗ്ലെന്‍ മാക്‌സ്വെല്‍ (നാലു പന്തില്‍ രണ്ട്), ബെന്‍ ഡ്വാര്‍ഷുയിസ് (ഏഴു പന്തില്‍ അഞ്ച്), സേവിയര്‍ ബാര്‍റ്റ്‌ലെറ്റ് (പൂജ്യം), ആദം സാംപ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടു റണ്‍സുമായി നതാന്‍ എല്ലിസ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെടിക്കെട്ടോടെയാണ് തുടങ്ങിയതെങ്കിലും വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. മിച്ചല്‍ മാര്‍ഷും മാത്യു ഷോര്‍ട്ടും മിന്നിച്ച് തുടങ്ങിയതോടെ ടീം നാലോവറില്‍ 35-ലെത്തി. എന്നാല്‍ സ്‌കോര്‍ 37 ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഷോര്‍ട്ടിനെ അക്ഷര്‍ എല്‍ബിഡബ്യുവില്‍ കുരുക്കി പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനെ കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ അറുപതുകടത്തി. പിന്നാലെ ഇംഗ്ലിസും(12) മാര്‍ഷും(30) വീണതോടെ ഓസീസ് പത്തോവറില്‍ 77-3 എന്ന നിലയിലായി.
പിന്നീട് ഓസീസിന്റെ കൂട്ടത്തകര്‍ച്ചയാണ് ക്വീന്‍സ്ലാന്‍ഡില്‍ കണ്ടത്. ടിം ഡേവിഡ്(14), ജോഷ് ഫിലിപ്പെ(10), ഗ്ലെന്‍ മാക്സ്വെല്‍(2) എന്നിവരെ മടക്കി ഇന്ത്യ ജയത്തിലേക്ക് കുതിച്ചു. 17 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. ബെന്‍ ഡ്വാര്‍ഷുയിസ്(5),സാവിയര്‍ ബാര്‍ട്ട്ലെറ്റ്(0), ആദം സാംപ(0) എന്നിവരെ കൂടി പുറത്താക്കിയതോടെ ഓസീസ് 119 റണ്‍സിന് പുറത്തായി. ഇന്ത്യ 48 റണ്‍സ് ജയവും സ്വന്തമാക്കി. 1.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി തിളങ്ങിയത്. അക്ഷര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണെടുത്തത്. ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആറോവറില്‍ 49-ലെത്തിച്ചു. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അഭിഷേക് പുറത്തായിതിന് പിന്നാലെ വണ്‍ഡൗണായി ശിവം ദുബെയാണ് ക്രീസിലിറങ്ങിയത്. 18 പന്തില്‍ 22 റണ്‍സെടുത്ത് ദുബെയും കൂടാരം കയറിയതോടെ ടീം 88-2 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യയുമായി ചേര്‍ന്ന് ഗില്‍ ടീമിനെ നൂറുകടത്തി.
സ്‌കോര്‍ 121 ല്‍ നില്‍ക്കേ ഗില്‍ പുറത്തായത് ടീമിന് തിരിച്ചടിയായി. 39 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലിറങ്ങിയവര്‍ നിരനിരയായി മടങ്ങിയതോടെ ടീം തകര്‍ച്ച നേരിട്ടു. സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ(5), ജിതേഷ് ശര്‍മ(3) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ 150 കടത്തി. സുന്ദര്‍ 12 റണ്‍സെടുത്ത് പുറത്തായി. അക്ഷര്‍ പട്ടേല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒടുക്കം ഇന്ത്യ 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഓസീസിനായി ആദം സാംപയും നതാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റെടുത്തു.




