- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിന് പകരം ആദ്യം ചോദിച്ചത് കന്നി കിരീടം നേടിയ ടീമിലെ ഓള്‍റൗണ്ടറെ; ജഡേജയ്ക്ക് പുറമെ പ്രമുഖ വിദേശ താരത്തെ കൂടി ചോദിച്ച് രാജസ്ഥാന്‍; ആവശ്യം തള്ളി ചെന്നൈ; സാം കറനും ചര്‍ച്ചകളില്‍; മലയാളി താരം മഞ്ഞക്കുപ്പായം അണിയുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായം അണിയുമോ? ആരാധകര്‍ കാത്തിരിക്കുന്ന ശ്രദ്ധേയമായ താരകൈമാറ്റത്തിന് സാധ്യതയേറി. സഞ്ജുവിനെ കൈമാറുന്ന കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്. സഞ്ജുവിനെ കൈമാറുന്നതിനു പകരം ചെന്നൈയുടെ ഏറ്റവും വിശ്വസ്തനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണു രാജസ്ഥാന്‍ ചോദിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കിരീടം നേടിയപ്പോള്‍ ടീമിലെ യുവഓള്‍റൗണ്ടര്‍ ആയിരുന്നു ജഡേജ. കൈമാറ്റ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ജഡേജയ്ക്ക് വീണ്ടും രാജസ്ഥാനിലെത്താനാകും.
സഞ്ജുവിനും ജഡേജയ്ക്കും 18 കോടി രൂപയാണ് അതത് ഫ്രാഞ്ചൈസികള്‍ ഒരു സീസണിനു നല്‍കുന്നത്. ജഡേജയുടെ അറിവോടെയാണു ചര്‍ച്ചകള്‍ തുടരുന്നതെന്നും ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജഡേജയ്‌ക്കൊപ്പം ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയും വേണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് സഞ്ജു സാംസണ്‍ രവീന്ദ്ര ജഡേജ കൈമാറ്റത്തിനു വഴിയൊരുങ്ങിയത്. എന്നാല്‍ ബ്രെവിസിന് പകരം സാം കറനും ചര്‍ച്ചകളിലുണ്ട്.
കഴിഞ്ഞ സീസണിനിടയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ ബ്രെവിസിനെ ലോകക്രിക്കറ്റിലെ ഭാവിതാരങ്ങളിലൊരാളായാണു വിലയിരുത്തപ്പെടുന്നത്. രാജസ്ഥാന്‍ ടീം ഉടമ മനോജ് ബദാലെയാണ് സഞ്ജുവിന്റെ ട്രാന്‍സ്ഫറില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. യുകെയില്‍നിന്നു മുംബൈയിലെത്തിയ ബദാലെ കുറച്ചു ദിവസങ്ങളിലായി നീണ്ട ചര്‍ച്ചകളിലായിരുന്നു.
ജഡേജയ്‌ക്കൊപ്പം ഡെവാള്‍ഡ് ബ്രെവിസിനെയും വിട്ടുതരണമെന്ന രാജസ്ഥാന്റെ ആവശ്യം തള്ളിയ ചെന്നൈ, ജഡേജയെ വിട്ടുനല്‍കാന്‍ തയാറാകുന്നതു തന്നെ വലിയ കാര്യമാണെന്നായിരുന്നു പ്രതികരിച്ചത്. ഇനി പന്ത് രാജസ്ഥാന്‍ റോയല്‍സിന്റെ കോര്‍ട്ടിലെന്നും ചെന്നൈ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും സഞ്ജുവിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇരു ഫ്രാഞ്ചൈസികളും വ്യക്തമാക്കിയത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ട്രേഡ് ഡീല്‍ നടക്കുമോ എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാം.
സഞ്ജുവിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കൈമാറുന്നതിനും ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും ധാരണയിലെത്തിയില്ല. ടോപ് ഓര്‍ഡറില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയ വിശ്വസ്തരായ ബാറ്റര്‍മാരുള്ളപ്പോള്‍, വലിയ വില കൊടുത്ത് സഞ്ജുവിനെ വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈദരാബാദ്. നവംബര്‍ 15 ആണ് അടുത്ത സീസണിലേക്കു നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക കൈമാറേണ്ട അവസാന തീയതി. ട്രാന്‍സ്ഫര്‍ സാധ്യമായില്ലെങ്കില്‍ അടുത്ത ഐപിഎല്‍ മിനി ലേലത്തില്‍ സഞ്ജു സാംസണും പങ്കെടുത്തേക്കും.
കഴിഞ്ഞ സീസണില്‍ ഗുര്‍ജപ്നീത് സിംഗിന് പരിക്കേറ്റതോടൊണ് 2.2 കോടി രൂപക്ക് ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിനെ പകരക്കാരനായി ടീമിലെത്തിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ബ്രെവിസിനെ ആരും വാങ്ങിയിരുന്നില്ല. ആറ് മത്സരങ്ങള്‍ ചെന്നൈക്കായി കളിച്ച ബ്രെവിസ് 225 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.




