- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയില്‍ തയ്യാറാക്കിയത് ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച്; തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനം; സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഗംഭീര്‍; ക്യൂറേറ്ററെ കുറ്റം പറയാനാവില്ലെന്ന് ഗാംഗുലി; ഗുവാഹത്തിയിലെ പിച്ചിനെക്കുറിച്ചും ആശങ്ക
കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷവും സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ചാണ് തയ്യാറാക്കിയതെന്നും ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നും ഗംഭീര്‍ പറഞ്ഞു. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗംഭീര്‍. കളിക്കാന്‍ കഴിയാത്ത വിക്കറ്റായിരുന്നില്ല കൊല്‍ക്കത്തിയിലേത്. സമ്മര്‍ദത്തിന് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഗംഭീര്‍. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പിച്ചിനെക്കുറിച്ചുളള വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. ഗുവാഹത്തിയില്‍ ഏത് തരംപിച്ചാണെങ്കിലും ദക്ഷിണാഫ്രിക്കയെ നേരിടാന്‍ തയ്യാറെന്നും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി.
''ഇതായിരുന്നു ഞങ്ങള്‍ അന്വേഷിച്ച പിച്ച്. ക്യൂരേറ്റര്‍ പിച്ചൊരുക്കാന്‍ വളരെയധികം സഹായിച്ചു. ഞങ്ങള്‍ക്ക് ആവശ്യമായിരുന്നത് കിട്ടി. നന്നായി കളിച്ചില്ലെങ്കില്‍ ഇതാണ് സംഭവിക്കുക'' എന്നായിരുന്നു മാധ്യമങ്ങളോട് ഗംഭീറിന്റെ മറുപടി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമ മാത്രമാണ് ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചറി നേടിയത്. രണ്ടാം ഇന്നിങിസില്‍ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ 50 ലധികം പന്ത് നേരിട്ടത്. 92 പന്തില്‍ നിന്നാണ് വാഷിങ്ടണ്‍ സുന്ദര്‍ 31 റണ്‍സെടുത്തത്.
''മികച്ച രീതിയില്‍ പ്രതിരോധിച്ച് നിന്നവര്‍ക്ക് ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ കളിക്കാന്‍ സാധിച്ചു എന്നും ഗംഭീര്‍ എടുത്തു കാണിച്ചു. ഭയപ്പെടേണ്ടതായൊന്നും പിച്ചിലുണ്ടായിരുന്നില്ല. കളിക്കാന്‍ സാധിക്കാത്തൊരു വിക്കറ്റായിരുന്നില്ലിത്. ബാവുമ സ്‌കോര്‍ ചെയ്തു. അക്‌സറും വാഷിയും സ്‌കോര്‍ ചെയ്തു. കണക്കുകള്‍ നോക്കുകയാണെങ്കില്‍ കൂടുതല്‍ വിക്കറ്റും വീഴ്ത്തിയത് പേസര്‍മാരാണ്. ക്ഷമയോടെ ബാറ്റ് ചെയ്താല്‍ റണ്‍സ് നേടാനാകും. ആക്രമിച്ച കഴിച്ചാല്‍ അത് ബുദ്ധിമുട്ടാകും. പ്രതിരോധിച്ച് കളിച്ച കെ.എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. പ്രതിരോധിച്ച് കളിക്കുകയാണെങ്കില്‍ റണ്‍സ് നേടാന്‍ കഴിയാത്ത പിച്ചല്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള പിച്ചില്‍ നേരത്തെയും കളിച്ചിട്ടുണ്ട്'' എന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. രണ്ട് ടീമുകളും നാല് ഇന്നിംഗ്സിലും 200 റണ്‍സ് പോലും കടക്കാതിരുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് കാട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റെടുത്തു. നാല് വിക്കറ്റെടുത്ത ഹാര്‍മറാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിങിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സിലും ഹാര്‍മര്‍ നാല് വിക്കറ്റെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാം സ്പിന്നര്‍മാര്‍ക്കായിരുന്നു. സ്പിന്‍ പിച്ചൊരുക്കിയതിന് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടപ്രകാരം തയാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടപ്രകാരം പിച്ച് നനക്കുന്നത് മത്സരത്തിന് നാലു ദിവസം മുമ്പെ നിര്‍ത്തിയിരുന്നു. പിച്ച് നനക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തില്‍ പൊട്ടിപൊളിയാന്‍ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
രണ്ടര ദിവസം മാത്രം നീണ്ട കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന്റെ അവിശ്വസനീയ തോല്‍വി വഴങ്ങിയിരുന്നു.124 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ഇന്നിംഗ്സില്‍ 93 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.




