പെര്‍ത്ത്: ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ തുടക്കം. പെര്‍ത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ പേസ് കൊടുങ്കാറ്റില്‍ നിലംപൊത്തയത് 19 വിക്കറ്റുകള്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 172 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ 123-9 എന്ന നിലയിലാണ് ക്രീസ് വിട്ടത്. മൂന്ന് റണ്‍സോടെ നഥാന്‍ ലിയോണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടന്‍ ഡോഗറ്റുമാണ് ക്രീസില്‍. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇംഗ്ലണ്ട് സ്‌കോറിന് 49 റണ്‍സിന് പിന്നിലാണ് ഇപ്പോഴും ഓസീസ്. ആറോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ മാസ്മരിക ബൗളിംഗാണ് ഓസീസിനെ തകര്‍ത്തത്. ജോഫ്ര ആര്‍ച്ചറും ബ്രെയ്ഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 26 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 24ഉം ട്രാവിസ് ഹെഡ് 21ഉം റണ്‍സെടുത്തപ്പോള്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 17 റണ്‍സെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 32.5 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 12.5 ഓവറില്‍ 58 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ 52 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ടോപ് സ്‌കോറര്‍. ഒല്ലി പോപ്പ് 46 റണ്‍സടിച്ചപ്പോള്‍ ജാമി സ്മിത്ത് 33 റണ്‍സും ബെന്‍ ഡക്കറ്റ് 21 റണ്‍സുമെടുത്തു. ജോ റൂട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആറ് റണ്‍സെടുത്ത് മടങ്ങി. അവസാന അഞ്ച് വിക്കറ്റുകള്‍ 12 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 160-5ല്‍ നിന്നാണ് ഇംഗ്ലണ്ട് 172ന് ഓള്‍ ഔട്ടായത്.

ഏഴ് വിക്കറ്റ് എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 32.5 ഓവറില്‍ 172 റണ്‍സിന് പുറത്തക്കിയതിന്റെ ആവേശത്തില്‍ ക്രീസിലെത്തിയ ഓസീസിനും തുടക്കം മുതല്‍ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ ജേക്ക് വെതറാള്‍ഡിനെ(0) ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മാര്‍നസ് ലാബുഷെയ്‌നിനെ ബൗള്‍ഡാക്കിയ ആര്‍ച്ചര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിന്റെ നിര്‍ണായക വിക്കറ്റെടുത്ത് ബ്രെയ്ഡന്‍ കാര്‍സ് ഓസീസിനെ ബാക്ക് ഫൂട്ടിലാക്കി.

ഉസ്മാന്‍ ഖവാജയെയും(2) കാര്‍സ് മടക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഭാഗ്യത്തിന്റെ അകമ്പടിയോടെ ക്രീസില്‍ നിന്ന ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് സ്‌കോര്‍ 76ല്‍ എത്തിച്ചെങ്കിലും ഇരുവരെയും മടക്കിയ ബെന്‍ സ്റ്റോക്‌സ് ഓസീസിന്റെ നടുവൊടിച്ചു. പൊരുതി നോക്കിയ അലക്‌സ് ക്യാരിയും(26) മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസിനെ 100 കടത്തി. എന്നാല്‍ ഇരുവരെയും മടക്കിയ സ്റ്റോക്‌സ് സ്‌കോട് ബോളണ്ടിനെ കൂടി പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.