ഗുവാഹാട്ടി: ഗുവാഹാട്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ 201 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ദക്ഷിണാഫ്രിക്ക 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് പ്രോട്ടീസ് നിരയുടെ നീക്കം. ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. 97 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളും 92 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത എട്ടാമന്‍ വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ അനാസായം സ്‌കോര്‍ ചെയ്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങഅ നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് മൂന്നാം ദിനം കണ്ടത്. വിക്കറ്റ് നഷ്ടം കൂടാതെ ഒന്‍പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും തുടക്കത്തില്‍ ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സ് അമ്പത് കടത്തി. സ്‌കോര്‍ 65-ല്‍ നില്‍ക്കേ രാഹുല്‍ പുറത്തായി. 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ സായ് സുദര്‍ശനുമൊത്ത് ജയ്‌സ്വാള്‍ ടീമിനെ മുന്നോട്ടുനയിച്ചു. വൈകാതെ ജയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയുമെത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ജയ്സ്വാളും കൂടാരം കയറി. 58 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നിലയുറപ്പിക്കാനാകാതെ ബാറ്റര്‍മാര്‍ മടങ്ങുന്നതാണ് പിന്നീട് ഗുവാഹാട്ടിയില്‍ കണ്ടത്. സായ് സുദര്‍ശന്‍ 15 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ധ്രുവ് ജുറെല്‍ ഡക്കായി. അതോടെ ഇന്ത്യ 102-4 എന്ന നിലയിലേക്ക് വീണു. തുടര്‍ന്നും കാത്തിരുന്നത് തകര്‍ച്ച തന്നെ. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (7), നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) എന്നിവരെല്ലാം വേഗത്തില്‍ ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യ ഏഴിന് 122 റണ്‍സെന്ന നിലയിലായി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും പുറത്തെടുത്ത ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 200 കടക്കാന്‍ സഹായിച്ചത്. 208 പന്തുകള്‍ ക്രീസില്‍ നിന്ന ഈ സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 79-ാം ഓവറില്‍ സുന്ദറിനെ മടക്കി ഹാര്‍മറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 134 പന്തുകള്‍ പ്രതിരോധിച്ച് 19 റണ്‍സെടുത്ത കുല്‍ദീപും മടങ്ങി. പിന്നാലെ ജസ്പ്രീത് ബുംറയെ (5) പുറത്താക്കി യാന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ആദ്യ സെഷനില്‍ നാല് വിക്കറ്റ്

വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ഇതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ.

പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞു

അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് (7) വിക്കറ്റ് വലിച്ചെറിഞ്ഞാണ് രണ്ടാം സെഷന് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ യാന്‍സണിനെതിരെ ക്രീസ് വിട്ട് സിക്സടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ കെയ്ന്‍ വെറെയ്നേയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. ഔട്ടായതില്‍ സംശയം തോന്നിയ പന്ത് റിവ്യൂ എടുക്കുകയും ചെയ്തു. ഔട്ടാണെന്ന് തെളിഞ്ഞതോടെ ഒരു റിവ്യൂയും ഇന്ത്യക്ക് നഷ്ടമായി. പന്ത് മടങ്ങിയതിന് പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നീതീഷിനെ യാന്‍സണിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം ഒരു മുഴുനീളെ ഡൈവിംഗിലൂടെ ക്യാച്ചെടുത്ത് മടക്കി. ജഡേജയും സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങി.

മുന്‍നിര താരങ്ങളെ നാണിപ്പിക്കുന്ന വിധത്തിലുള്ള ചെറുത്തുനില്‍പ്പാണ് വാഷിംഗ്ടണും കുല്‍ദീപും പുറത്തെടുത്തത്. ഇരുവരും 72 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ച ഒഴിവാക്കിയത്. 34 ഓവറുകളോളം ഇരുവരും ബാറ്റ് ചെയ്തു. സുന്ദറിനെ പുറത്താക്കി ഹാര്‍മറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സുന്ദറിന് പിന്നാലെ കുല്‍ദീപും കൂടാരം കയറി. യാന്‍സണിന്റെ പന്തില്‍ സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച്. തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ കൂടി പുറത്താക്കി യാന്‍സന്‍ ആറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് (2) പുറത്താവാതെ നിന്നു. നേരത്തേ കന്നിസെഞ്ചുറി നേടിയ മുത്തുസാമി (109), കരിയറിലെ മികച്ച സ്‌കോര്‍ കണ്ടെത്തിയ മാര്‍ക്കോ യാന്‍സന്‍ (93), കെയ്ല്‍ വെറാന്‍ (45) എന്നിവരുടെ ബാറ്റിങ് മികവില്‍ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സെടുത്തിരുന്നു.