- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിതിനെയും കോലിയെയും അശ്വിനെയും 'പുകച്ചു പുറത്താക്കി'; ഓള്‍റൗണ്ടര്‍മാരെ കുത്തിനിറച്ചും ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയും പരീക്ഷണങ്ങള്‍; കളിച്ച 18 ടെസ്റ്റുകളില്‍ 10ലും തോറ്റു; ഗുവാഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതോടെ ഗംഭീര്‍ പടിക്ക് പുറത്തേക്ക്; ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും?
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗൗതം ഗംഭീര്‍ രാജിവയ്ക്കും. സ്ഥാനമൊഴിയാനുള്ള സന്നദ്ധത ബിസിസിഐയെ ഗംഭീര്‍ അറിയിച്ചതായാണ് വിവരം. ഗുവഹാട്ടി ക്രിക്കറ്റ് ടെസ്റ്റില്‍ കനത്ത തോല്‍വി നേരിട്ട് പരമ്പര കൈവിട്ടതോടെ ഗംഭീറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരുമടക്കം കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയാന്‍ ഗംഭീര്‍ തയ്യാറെടുക്കുന്നത്.
ഗംഭീറിനു കീഴില്‍ കളിച്ച 18 ടെസ്റ്റുകളില്‍ 10-ലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരേ സമ്പൂര്‍ണ പരമ്പര തോല്‍വി വഴങ്ങിയ ഇന്ത്യ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അത്തരത്തില്‍ നാണംകെട്ടിരിക്കുകയാണ്. ടീമില്‍ നിരന്തരമായി വരുത്തുന്ന മാറ്റങ്ങളും ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരെ ടീമില്‍ കുത്തിനിറയ്ക്കുന്ന ഗംഭീറിന്റെ തീരുമാനങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അശ്വിന്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിന് പിന്നിലെ ഇടപെടലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റിമാറ്റിയുള്ള പരീക്ഷണങ്ങളും ടീമിലെ മാറ്റങ്ങളും അഴിച്ചുപണികളും, തന്ത്രങ്ങളിലെ പാളിച്ചകളുമാണ് ഗംഭീറിനെതിരെ വിമര്‍ശനത്തിന് ഇടയാക്കുന്നത്.
അതേ സമയം താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ ഗുവാഹാട്ടി ടെസ്റ്റിലെ തോല്‍വിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്തിന് അനുയോജ്യനാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ബിസിസിഐ അധികൃതര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഗുവഹാട്ടില്‍ നേരിട്ടത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400ലേറെ റണ്‍സിന്റെ വലിയ തോല്‍വി വഴങ്ങുന്നത്. 2004ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് ഒരു കാലത്ത് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍, ഗൗതം ഗംഭീറിന് കീഴില്‍ ആ ധാരണയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ്. ഗംഭീറിന്റെ പരീക്ഷണങ്ങളുടെ ഫലമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ദുര്‍ബലമായ ഒന്നായി മാറിയെന്നാണ് ഹോംഗ്രൗണ്ടുകളില്‍പോലുമുള്ള ദയനീയ തോല്‍വികള്‍ വ്യക്തമാക്കുന്നത്. അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയുമായി ഇനിയും മത്സരങ്ങളില്‍. ഏകദിന-ട്വന്റി ട്വന്റി പരമ്പരകളുമുണ്ട്. ഈ സാഹചര്യത്തില്‍ അതുവരെ ഗൗതം ഗംഭീറിനോട് തുടരാന്‍ ബിസിസിഐ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗംഭീര്‍ ഇത് അനുസരിക്കുമെന്നാണ് സൂചന.
രോഹിത് ശര്‍മ്മയും വിരാട് കോലിയുമെല്ലാം കോച്ചിന്റെ ഇടപെടലുകളില്‍ അതൃപ്തരാണ്. ഇഷ്ടക്കാരെ മാത്രമേ ടീമില്‍ കളിക്കാന്‍ കോച്ച് അനുവദിക്കുന്നുള്ളൂവെന്നതാണ് ആരോപണം. ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥിരതയില്ലായ്മയ്ക്ക് കാരണം കോച്ചാണെന്നാണ് ആരോപണം. ഒരു താരത്തേയും ഒരു പൊസിഷനിലും ഉറയ്ക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ രാജിവയ്ക്കുന്നത്.
ന്യൂസിലന്‍ഡിനെതിരെ 3-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയെ സ്വന്തം മണ്ണില്‍ തകര്‍ത്തത്. രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക 2-0ന് പരമ്പര തൂത്തുവാരിയത്. നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗംഭീറിന്റെ തലയിലായി.
നാട്ടിലെ ഞെട്ടിക്കുന്ന തോല്‍വികള്‍ ഗംഭീറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള വിജയം നിഷേധിക്കാനാവില്ലെങ്കിലും വിവാദപരമായ ഒരുകൂട്ടം തീരുമാനങ്ങളെടുത്ത് ടെസ്റ്റ് ടീമിന്റെ തകര്‍ച്ചയ്ക്കിടയാക്കിയ കാരണങ്ങള്‍ക്ക് ഗംഭീര്‍ നേരിട്ട് ഉത്തരവാദിയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടി ദക്ഷിണാഫ്രിക്ക 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ആദ്യ പരമ്പര സ്വന്തമാക്കുന്നത്. 2000ല്‍ ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയാണ് ഇതിന് മുമ്പ് ഇന്ത്യയെ ഇന്ത്യയില്‍ തൂത്തുവാരിയത്. ഗുവാഹത്തിയിലും ജയിച്ച് പരമ്പര തൂത്തുവാരിയതോടെ ഇന്ത്യയില്‍ രണ്ട് വട്ടം പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ദക്ഷിണാഫ്രിക്കക്ക് മാത്രം സ്വന്തമായി. ആദ്യ മത്സരത്തില്‍ മൂന്നുദിവസംകൊണ്ടാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെങ്കില്‍ രണ്ടാം മത്സരം അഞ്ചുദിവസം നീണ്ടിട്ടും എല്ലാ മേഖലകളിലും ആതിഥേയരെ അവര്‍ നിഷ്പ്രഭരാക്കി.




