ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഓർഡറിലെ പരീക്ഷണങ്ങളെ ന്യായീകരിച്ച് യുവതാരം തിലക് വർമ്മ. ട്വന്റി20 ക്രിക്കറ്റിൽ സാഹചര്യങ്ങൾക്കനുരിച്ച് ബാറ്റർമാർക്ക് സ്ഥാനമാറ്റം നൽകുന്നത് അനിവാര്യമാണെന്ന് തിലക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ അക്ഷർ പട്ടേലിനെ മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ തീരുമാനത്തെ തിലക് ന്യായീകരിച്ചു.

"ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ഒഴികെ ടീമിലെ എല്ലാവരും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സന്നദ്ധരാണ്," തിലക് വർമ്മ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. "എനിക്ക് 3, 4, 5, 6 സ്ഥാനങ്ങളിൽ എവിടെയും ബാറ്റ് ചെയ്യാൻ സാധിക്കും. ടീം ആവശ്യപ്പെടുന്ന ഏത് റോളും ചെയ്യാൻ ഞാൻ തയ്യാറാണ്."

'കളിയുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തന്ത്രപരമായ തീരുമാനമായിരുന്നു അക്ഷറിനെ മൂന്നാമത് ഇറക്കാൻ കാരണം. ലോകകപ്പിൽ ഉൾപ്പെടെ അക്ഷർ പട്ടേൽ ഈ പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഒരു മോശം മത്സരം കൊണ്ട് ഈ തീരുമാനങ്ങൾ തെറ്റാകുന്നില്ല. ടീമിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ച്, ആ സമയത്ത് ഏറ്റവും മികച്ചതെന്ന് തോന്നുന്ന തീരുമാനങ്ങളാണ് എടുക്കുന്നത്.'

ഏത് ബാറ്റിംഗ് സ്ഥാനത്തും തിളങ്ങാൻ മാനസികമായ കരുത്ത് പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ടീം ബാറ്റിംഗ് ഓർഡറിൽ ഇത്തരം പരീക്ഷണങ്ങൾ തുടരുന്നത്. പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായിരിക്കെ, ഞായറാഴ്ച ധർമ്മശാലയിൽ നടക്കുന്ന മൂന്നാം ടി20യിൽ ഇരു ടീമുകൾക്കും നിർണായകമാണ്.