ലക്‌നൗ: ട്വന്റി 20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കരുത്തുറ്റ ഇന്ത്യന്‍ നിരയെ കണ്ടെത്താനുള്ള പരീക്ഷണം തുടരുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓപ്പണറായി അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ശുഭ്മാന്‍ ഗില്ലിനെ അവതരിപ്പിച്ചുള്ള പരീക്ഷണം പാളിയതോടെ ഗംഭീര്‍ സമ്മര്‍ദ്ദത്തിലാണ്. കൂടാതെ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം ചോദ്യം ചെയ്യപ്പെടുന്നു. നാലാം ട്വന്റി 20 മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാറ്റിങ് നിരയെച്ചൊല്ലി ആശങ്കകള്‍ ഏറെ. നാലാം ട്വന്റി20ക്കു മുന്‍പായി പേസര്‍ ജസ്പ്രീത് ബുമ്ര ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. അതേസമയം സഞ്ജുവിനെ ഓപ്പണിങ് ബാറ്ററായി ഇറക്കില്ലെന്നാണ് വിവരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരമ്പര വിജയമെന്ന എനര്‍ജി ഡ്രിങ്കാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് പരമ്പരയില്‍ രണ്ട് ജയത്തോടെ മുന്നിലുള്ള ആതിഥേയര്‍ക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അവസാന മത്സരം ടീമില്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരമാക്കുകയും ചെയ്യാം. ഇന്ന് വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തല്‍സമയം.

ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമിനെച്ചൊല്ലിയുള്ള ആശങ്കകള്‍ ഓരോ മത്സരം കഴിയുന്തോറും ഇന്ത്യന്‍ ക്യാംപില്‍ വര്‍ധിക്കുകയാണ്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തില്‍ പോലും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സൂര്യയ്ക്കായില്ല (12). ഈ വര്‍ഷം ട്വന്റി20യില്‍ ഒരു അര്‍ധ സെഞ്ചറി പോലും നേടാനാകാത്ത ഇന്ത്യന്‍ ക്യാപ്റ്റന്റെ ശരാശരി 15ല്‍ താഴെയാണ്. സൂര്യ 20ല്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടത് 2 ഇന്നിങ്‌സുകളില്‍ മാത്രവും.

ധരംശാലയില്‍ 28 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കഴിഞ്ഞിട്ടില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ഗില്‍ മൂന്നാം മത്സരത്തില്‍ 12 പന്തില്‍ 28 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും 28 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പിലൂടെ ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്തിയശേഷം കളിച്ച 15 മത്സരങ്ങളില്‍ 24.25 ശരാശരിയിലും 137.26 സ്‌ട്രൈക്ക് റേറ്റിലും 291 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിരുന്നില്ല.

അതേ സമയം ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത് വന്നു. കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലിന് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും കിട്ടുന്നതെല്ലാം ബോണസാണെന്ന് കരുതി വരാനുള്ള മത്സരങ്ങളെ സമീപിക്കണമെന്നും ശ്രീകാന്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ടോക് ഷോയില്‍ പറഞ്ഞു.

ഗില്ലിന് നല്‍കാനുള്ള ഒരേയൊരു ഉപദേശം, നിങ്ങള്‍ക്ക് ഇനി ഇതില്‍പ്പരം താഴാനില്ല എന്നതാണ്. അതുകൊണ്ട് തിരിച്ചുവരാനായി അസ്വസ്ഥനാവേണ്ട കാര്യമില്ല. നിങ്ങള്‍ ഇതുവരെ കാര്യമായി റണ്‍സടിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ആദ്യം ഉള്‍ക്കൊള്ളുക. അതിനുശേഷം അനിശ്ചിതത്വത്തിന്റെ കണികപോലും ബാക്കിവെക്കാതെ സ്വതന്ത്രനായി ബാറ്റ് ചെയ്യുക. കാരണം, ഇനി നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. കിട്ടുന്നതെല്ലാം നേട്ടമാണ്.

ക്രീസിലെത്തിയാല്‍ ആദ്യം ഒരു പന്തില്‍ ഒരു റണ്‍ വെച്ച് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക. ആദ്യ 30 പന്തില്‍ ഒറു 30-40 റണ്‍സൊക്കെ എടുത്തശേഷം ആത്മവിശ്വസം തിരിച്ചുപിടിച്ച് സ്വതന്ത്രനായി കളിക്കുക. റണ്ണുകളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കേണ്ട. കാരണം, മറുവശത്ത് അഭിഷേക് ശര്‍മയോ തിലക് വര്‍മയോ സ്‌കോറിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളുമെന്നും ശ്രീകാന്ത് പറഞ്ഞു.