- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്‍പത് സിക്സറുകളും 17 ഫോറുകളും; 113 പന്തില്‍ 172 റണ്‍സുമായി സമീര്‍ മിന്‍ഹാസ്; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യം
ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 348 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാക്കിസ്ഥാന്‍ കൗമാരനിര. നിശ്ചിത 50 ഓവറില്‍ പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. സെഞ്ചുറിയുമായി സമീര്‍ മിന്‍ഹാസാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 113 പന്തില്‍ നിന്ന് മിന്‍ഹാസ് 172 റണ്‍സെടുത്തു. ഒന്‍പത് സിക്സറുകളും 17 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു മിന്‍ഹാസിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു.
44ാം ഓവറില്‍ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാക്കിസ്ഥാന് സമീര്‍ മിന്‍ഹാസിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും ഇന്നിംഗ്‌സിലെ അവസാന പന്ത് സിക്‌സിന് പറത്തി മുഹമ്മദ് സയ്യം പാക്കിസ്ഥാനെ 347ല്‍ എത്തിച്ചു. 44-ാം ഓവറില്‍ ദീപേഷ് ദേവേന്ദ്രന്റെ പന്തില്‍ മിന്‍ഹാസ് പുറത്തായകിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ ഒരു ഘടത്തില്‍ 375-400ല്‍ എത്തുമെന്ന് കരുതിയ പാക്കിസ്ഥാന്‍ ടോട്ടല്‍ 347ല്‍ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേലും ഹെനില്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ 10 ഓവറില്‍ 83 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേല്‍ 10 ഓവറില്‍ 44 റണ്‍സിനും ഹെനില്‍ പട്ടേല്‍ 10 ഓവറില്‍ 62 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയിരുന്നു.
പാക്കിസ്ഥാന്‍ ബാറ്റിംഗ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസും ഹംസ സഹൂറും മികച്ച തുടക്കം നല്‍കിയതോടെ ടീം മൂന്നോവറില്‍ 25-ലെത്തി. എന്നാല്‍ നാലാം ഓവറില്‍ 18 റണ്‍സെടുത്ത് സഹൂര്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിന്‍ഹാസും ഉസ്മാന്‍ ഖാനും സ്‌കോറുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. പത്തോവറില്‍ 79-1 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍.
പിന്നീട് ട്രാക്ക് മാറ്റിയ സമീര്‍ മിന്‍ഹാസ് വേഗം സ്‌കോറുയര്‍ത്തി. ഇന്ത്യന്‍ ബൗളര്‍മാരെ പലതവണ മിന്‍ഹാസ് അതിര്‍ത്തികടത്തി. 29 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പതിമൂന്നാം ഓവറില്‍ 100 കടന്ന പാക്കിസ്ഥാന്‍ പിടിമുറുക്കി. എന്നാല്‍ 35 റണ്‍സെടുത്ത ഉസ്മാന്‍ ഖാനെ പുറത്താക്കി ഖിലാന്‍ പട്ടേല്‍ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അതിനിടെ ഇന്ത്യന്‍ താരം വൈഭവ് സൂര്യവംശിക്ക് ചെറിയ പരിക്കേറ്റു. ഫീല്‍ഡിങ്ങിനിടെ ഒന്നിലധികം തവണ വൈഭവ് വഴുതിവീണു. തുടര്‍ന്ന് മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. അല്‍പ്പസമയത്തിന് ശേഷം താരം കളിക്കളത്തില്‍ മടങ്ങിയെത്തി. വലിയ പരിക്കില്ലെങ്കിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മൂന്നാം വിക്കറ്റില്‍ അഹമ്മദ് ഹുസൈനുമായി ചേര്‍ന്ന് മിന്‍ഹാസ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. പാക് ടീം വലിയ സ്‌കോറിലേക്ക് കുതിക്കുന്നതാണ് പിന്നീട് മൈതാനത്ത് കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ച് മുന്നേറിയ മിന്‍ഹാസ് 29-ാം ഓവറില്‍ സെഞ്ചുറിയും നേടി. 71 പന്തിലാണ് സെഞ്ചുറി നേട്ടം. അഹമ്മദ് ഹുസൈനും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ പാക്കിസ്ഥാന്‍ 200 കടന്നു. സെഞ്ചുറിക്ക് ശേഷവും ഇന്ത്യന്‍ ബൗളര്‍മാരെ ഒന്നൊന്നായി മിന്‍ഹാസ് അതിര്‍ത്തികടത്തി.
മിന്‍ഹാസിന്റെ വെടിക്കെട്ടിന് പിന്നാലെ അഹമ്മദ് ഹുസ്സൈനും അര്‍ധസെഞ്ചുറി തികച്ചു. അതോടെ പാക്കിസ്ഥാന്‍ 37 ഓവറില്‍ 254 റണ്‍സിലെത്തി. പിന്നാലെ 56 റണ്‍സെടുത്ത ഹുസ്സൈന്‍ പുറത്തായി. അടിച്ചുകളിച്ച മിന്‍ഹാസും ടീമിനെ മൂന്നുറുകടത്തിയതിന് ശേഷം കൂടാരം കയറി. 113 പന്തില്‍ നിന്ന് 172 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ഫോറുകളും ഒന്‍പത് സിക്സറുകളുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ പാക്കിസ്ഥാനെ പിടിച്ചുകെട്ടി. ഫര്‍ഹാന്‍ യൂസഫ്(19), ഹുസൈഫ അഹ്സാന്‍(0), മുഹമ്മദ് ഷയാന്‍(7), അബ്ദുള്‍ സുഭന്‍(2) എന്നിവര്‍ പുറത്തായി. ഒടുക്കം 347-8 എന്ന നിലയില്‍ പാക് ഇന്നിങ്‌സ് അവസാനിച്ചു.




