- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം രോഹിതും കോഹ്ലിയും; പിന്നാലെ പോസ്റ്റര്‍ ബോയി ഗില്‍; ഡ്രെസിങ് റൂമിലെ താരവാഴ്ച അവസാനിക്കുന്നോ? ഗംഭീറുള്ളപ്പോള്‍ ആരും സുരക്ഷിതല്ല; ആശങ്കയോടെ യുവതാരങ്ങള്‍; ടെസ്റ്റ് തോല്‍വികള്‍ കോച്ചിന്റെ കസേര ഇളക്കുമോ? ഇന്ത്യന്‍ ടീമിലെ അസാധാരണ കാഴ്ചകള്‍
മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ പുറത്തായതിന്റെ ഞെട്ടലിലാണ് സഹതാരങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ പോസ്റ്റര്‍ ബോയി ആയി ഉയര്‍ത്തപ്പെട്ടയാള്‍ക്ക് ഈ ഗതിയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നാണ് ഉയരുന്ന ആശങ്ക. മോശം ഫോമിന്റെ പേരില്‍ നിലവില്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനെ പോലും പുഷ്പം പോലെ പുറത്തെടുത്ത് കളയുമെങ്കില്‍ എന്ത് സുരക്ഷിതത്വമാണ് ടീമിലെ സ്ഥാനത്തില്‍ ഉള്ളെതന്നാണ് ടീമംഗങ്ങളുടെ സംസാരമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം ഗംഭീറിന് കീഴില്‍ ആരും സുരക്ഷിതരല്ലെന്നും ഈ ആശങ്ക എല്ലാവരിലേക്കും പടര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗില്‍ ഇപ്പോള്‍ പുറത്തായെങ്കില്‍ അടുത്തത് ആരുമാകാമെന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന് മുന്നില്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു മുഖമുണ്ടാകും. കപില്‍ ദേവ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോഹ്ലി...ഇങ്ങനെ നീളുന്നു പട്ടിക. ഇതിലെ ഏറ്റവും പുതിയ എന്‍ട്രി ശുഭ്മാന്‍ ഗില്ലിന്റേതായിരുന്നു. സ്ഥിരതയില്ലായ്മയ്ക്കും മോശം ഫോമിനുമൊന്നും ഈ പേരുകളെ ടീമിന് പുറത്തിരുത്താന്‍ സാധിച്ചിട്ടില്ല. സച്ചിന്റേയും ഗാംഗുലിയുടേയും ധോണിയുടേയുമൊക്കെ പ്രൈം കാലത്ത് ഡ്രെസിങ് റൂമിലുണ്ടായിരുന്ന ഗംഭീറിലേക്ക് പരിശീലകന്റെ കുപ്പായമെത്തിയപ്പോള്‍ പലസമവാക്യങ്ങളും തിരുത്തപ്പെട്ടു.
ഇതിന്റെ ആദ്യ സൂചനകള്‍ വന്നത് 2024-25 ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിക്ക് പിന്നാലെയായിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളും പരിചയസമ്പന്നരുമായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പരാജയപ്പെട്ട പര്യടനം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 190 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യമെങ്കില്‍ മൂന്ന് കളികളില്‍ നിന്ന് 31 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിനേക്കാള്‍ താഴെയായിരുന്നു രോഹിതിന്റെ കണക്കുകള്‍. 2020ന് ശേഷം കോഹ്ലിയുടേയും 2022ന് ശേഷം രോഹിതിന്റേയും ടെസ്റ്റിലെ മികവ് കുത്തനെ ഇടിഞ്ഞിരുന്നു, അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തുകയായിരുന്നു ഓസ്‌ട്രേലിയയില്‍.
വിദേശ വിക്കറ്റുകളിലും ഇന്ത്യയിലും ഇത് തുടര്‍ന്നതോടെയാണ് രോഹിതിനും കോഹ്ലിക്കും അപ്പുറം ടെസ്റ്റില്‍ ചിന്തിച്ചുതുടങ്ങണമെന്ന ആശയത്തിലേക്ക് ബിസിസിഐ എത്തുന്നത്. അവസാന അവസരമെന്നവണ്ണം രഞ്ജി ട്രോഫിയില്‍ തെളിയാന്‍ കളമൊരുങ്ങിയെങ്കിലും പരാജയപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തില്‍ തിരിച്ചെത്തുമെന്ന് രോഹിത് പറയുകയും ചെയ്തു. എന്നാല്‍, മുന്നോട്ടുള്ള പദ്ധതികളില്‍ ഇരുവരുമില്ലെന്നത് വ്യക്തമാക്കുകയായിരുന്നു ബിസിസിഐ. ഇതോടെ ഒരു വിടവാങ്ങല്‍ മത്സരമില്ലാതെ ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും വെള്ളക്കുപ്പായം അഴിച്ചുവെക്കേണ്ടി വന്നു.
രോഹിതിന്റേയും കോഹ്ലിയുടേയും കാര്യത്തില്‍ പ്രായവും പ്രകടനങ്ങളുമൊക്കെ ഘടകമായിരുന്നു. ടീമിലെ മറ്റാരേക്കാള്‍ വലിയ സൂപ്പര്‍ താരങ്ങള്‍. കരിയറിന്റെ സായാഹ്നത്തിലുള്ളവരും. പക്ഷേ, ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് ഉപനായകനും ഭാവിതാരവും പുതിയ പോസ്റ്റര്‍ ബോയിയുമൊക്കെയായ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയത് ഗംഭീര്‍ തന്റെ നിലപാടില്‍ ഉറച്ചുതന്നെയെന്നതിന്റെ സൂചനയാണെന്ന് വേണം കരുതാന്‍. ടെസ്റ്റിലേയും ഏകദിനത്തിലേയും നായകന്‍ കൂടിയാണ് ഗില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങിയ സഞ്ജുവിന് മുകളില്‍ ഗില്ലിന് സ്ഥാനം നല്‍കിയപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
15 അവസരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറിപോലും ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. ഇന്ത്യയുടെ അഗ്രസീവ് ക്രിക്കറ്റിനോട് ചേര്‍ന്നുനില്‍ക്കാന്‍ ഗില്‍ ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഇത് സഞ്ജു സാംസണിന് തന്റെ സ്ഥാനം തിരികെ ലഭിക്കുന്നതിനും കാരണമായി. താരപരിവേഷമല്ല, മറിച്ച് പ്രകടനങ്ങള്‍ക്കാണ് പ്രധാന്യമെന്നും ടീമിനാണ് മുന്‍ഗണനയെന്നും ഈ തീരുമാനത്തിലൂടെ തെളിഞ്ഞു. സഞ്ജു ഓപ്പണറാകുമ്പോള്‍ ഇന്ത്യക്ക് ലഭിക്കുന്ന മുന്‍തൂക്കമായിരുന്നു ഗില്ലിനെ പുറത്താക്കിയതിലെ പ്രധാന ഘടകങ്ങളിലൊന്ന്. തുടരെ നിരാശപ്പെടുത്തിയാലും പുറത്താകില്ലെന്ന് ഉറപ്പാണ് സ്റ്റാര്‍ഡം നല്‍കുന്നത്, അത് തിരുത്തപ്പെട്ടിരിക്കുന്നു.
ടീം തിരഞ്ഞെടുപ്പില്‍ അടിമുടി ഗംഭീറിന്റെ താല്‍പര്യങ്ങള്‍ പ്രകടമാണ്. വൈറ്റ് ബോള്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ പ്രകടനവും അഭിമാനാര്‍ഹമാണെന്നതാണ് അതിന്റെ കാരണം. ഐസിസി ട്രോഫിയും എസിസി ട്രോഫിയും ഗംഭീറിന് കീഴില്‍ ഇന്ത്യ നേടി. അതേസമയം, SENA രാജ്യങ്ങള്‍ക്കെതിരായ 10 ടെസ്റ്റ് തോല്‍വികള്‍ ഗംഭീറിന് നാണക്കേട് ഉണ്ടാക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര തോറ്റമ്പിയതിന് പിന്നാലെ ടെസ്റ്റ് കോച്ച് സ്ഥാനം ഏറ്റെടുക്കാമോയെന്ന് വിവിഎസ് ലക്ഷ്മണിനോട് ബിസിസിഐ ഉന്നതര്‍ ആരാഞ്ഞിരുന്നുവെന്നും എന്നാല്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ തലവന്റെ റോളില്‍ താന്‍ ഹാപ്പിയാണെന്ന് ലക്ഷ്മണ്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ നിലവിലെ കാലാവധി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും മോശമായാല്‍ മാത്രമേ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗംഭീറിന്റെ കാര്യത്തില്‍ ഒരു വിചിന്തനം ഉണ്ടാവുകയുള്ളൂവെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അഞ്ചാഴ്ചകള്‍ കൂടിയാണ് ട്വന്റി20 ലോകകപ്പിന് ശേഷിക്കുന്നത്.
അതേസമയം, 2025-27 കാലയളവില്‍ ഒന്‍പത് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇതില്‍ ടീമിന് പരീശീലനം നല്‍കാന്‍ ഗംഭീര്‍ പ്രാപ്തനാണോ എന്നതില്‍ ബിസിസിഐയ്ക്ക് സംശയമുണ്ടെന്നതാണ് വാസ്തവം. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചു. ഓഗസ്റ്റില്‍ ശ്രീലങ്കയിലും ഒക്ടോബറില്‍ ന്യൂസീലന്‍ഡിലുമാണ് ഇന്ത്യയ്ക്ക് അടുത്ത ടെസ്റ്റ് പര്യടനങ്ങളുള്ളത്. 2027 ജനുവരി-ഫെബ്രുവരിയിലായി ഓസ്‌ട്രേലിയയുമായുള്ള അഞ്ച് മല്‍സരങ്ങളുടെ പരമ്പരയ്ക്ക് ആതിഥ്യമരുളുകയും വേണം. ബിസിസിഐയിലും ഇന്ത്യന്‍ ക്രിക്കറ്റിലും ഗംഭീറിന് ശക്തമായ പിന്തുണയാണ് ഉള്ളത്. ട്വന്റി20 കിരീടം ഇന്ത്യ നിലനിര്‍ത്തുകയോ, ഫൈനലില്‍ എത്തുകയോ ചെയ്താല്‍ ഗംഭീറിന്റെ കോച്ച് പദവി വീണ്ടും ഉറയ്ക്കുമെന്നാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.




