- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലിയെയും വെല്ലുന്ന ഫിറ്റ്‌നസ്; രോഹിത് ശര്‍മ്മയുടെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ! 2027 ലോകകപ്പിലേക്ക് കണ്ണുവെച്ച് ഹിറ്റ്മാന്റെ മേക്കോവര്‍; നെറ്റ്സിലെ ചിത്രങ്ങള്‍ വൈറല്‍; ഫിറ്റായി ഹിറ്റ്മാന്‍ എന്ന് ആരാധകര്‍
മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇരുവരുടേയും ഫിറ്റ്‌നസാണ് വിമര്‍ശകര്‍ ചോദ്യമായി ഉയര്‍ത്തിയത്. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ഏകദിന പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ഇരുവരും ടീമില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതേ സമയം രോഹിത് ശര്‍മ വമ്പന്‍ ട്രാന്‍സ്ഫര്‍മേഷനാണ് അടുത്തിടെ കൈവരിച്ചത്.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളും ആരാധകരും. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ രോഹിത് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. ഞായറാഴ്ചയാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ അതാവര്‍ത്തിച്ചിരിക്കുകയാണെന്ന് വിഡിയോ ദൃശ്യങ്ങള്‍ പറയുന്നു. കോലിയെക്കാളും മെലിഞ്ഞ് ഫിറ്റായി ഹിറ്റ്മാന്‍ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്‍പ് ശരീര ഭാരം 20 കിലോയോളം കുറച്ചിരുന്നു. ഫിറ്റ്‌നസിന്റെ പേരില്‍ ഏറെ പഴികേട്ട രോഹിത് ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഭക്ഷണ നിയന്ത്രണവും പരിശീലനവും നടത്തിയാണു ഭാരം കുറച്ചത്. കൃത്യമായ സമയക്രമം പാലിച്ച് നിയന്ത്രിത അളവില്‍ മാത്രം ഭക്ഷണം കഴിച്ചു.
എണ്ണയില്‍ പൊരിച്ചെടുത്ത പലഹാരങ്ങളും ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ബിരിയാണി എന്നിവ രോഹിത് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായര്‍ക്കു കീഴിലായിരുന്നു രോഹിതിന്റെ തയാറെടുപ്പുകള്‍. വര്‍ക്കൗട്ടിനു പുറമേ, ബ്രോങ്കോ ടെസ്റ്റിനു വേണ്ടിയും തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിരവധി നേട്ടങ്ങളും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ നേടിയ 76 റണ്‍സ് പ്രകടനവും നിര്‍ണായകമായി. കരിയറില്‍ ആദ്യമായി ഐസിസിയുടെ ഏകദിന റാങ്കിങിലും താരം ഒന്നാമതെത്തി. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരവും രോഹിത്താണ്. ഇതിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടവും തികച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിനത്തിലായിരുന്നു ഈ നേട്ടം.
ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സ് പറത്തിയ താരമെന്ന ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡും നവംബറില്‍ ഹിറ്റ്മാന്‍ മറികടന്നിരുന്നു. 279 ഏകദിനങ്ങളില്‍ നിന്നായി 355 സിക്‌സുകളാണ് രോഹിതിന്റെ നേട്ടം. 351 സിക്‌സുകളാണ് ഷഹീദ് അഫ്രീദിയുടെ പേരിലുള്ളത്. 2015 മുതലുള്ള റെക്കോര്‍ഡാണ് റാഞ്ചിയില്‍ തകര്‍ന്നത്. 14 ഇന്നിങ്‌സുകളില്‍ നിന്ന് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 650 റണ്‍സാണ് 2025 ല്‍ രോഹിത് ശര്‍മയുടെ നേട്ടം. പുറത്താവാതെ നേടിയ 121 ഉള്‍പ്പടെ രണ്ട് സെഞ്ചറികളും നാല് അര്‍ധ സെഞ്ചറികളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മേയിലാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.




