ലണ്ടന്‍: ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത നാണക്കേടായി ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്കിന്റെ മോശം പെരുമാറ്റം. ആഷസിന് മുമ്പ് നടന്ന ന്യൂസീലന്‍ഡ് പര്യടനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബില്‍ കയറാന്‍ ശ്രമിച്ച താരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. നവംബര്‍ ഒന്നിന് വെല്ലിങ്ടണില്‍, ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേന്നായിരുന്നു സംഭവം. കയ്യാങ്കളി വരെ എത്തിയ വാക്കേറ്റം പുറത്തറിഞ്ഞതോടെ താരത്തിനെതിരെ നടപടി എടുത്തേക്കും. ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനായ ബ്രൂക്കിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മദ്യപിച്ച ശേഷം നൈറ്റ് ക്ലബ്ബില്‍ കയറാന്‍ ശ്രമിച്ച ബ്രൂക്കിനെ, അവിടത്തെ ബൗണ്‍സര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ബ്രൂക്കും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ചൂടേറിയ വാഗ്വാദമുണ്ടാകുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു. ബ്രൂക്കിന് ബൗണ്‍സറില്‍ ഒരാളുടെ ഇടിയേറ്റിരുന്നു. പക്ഷേ താരത്തിന് കാര്യമായ പരിക്കേറ്റിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ താക്കീത് ചെയ്തിരുന്നു. കരാര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് 30,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ജേക്കബ് ബെത്തെല്‍, ഗസ് അറ്റികിന്‍സണ്‍ എന്നിവരും ബ്രൂക്കിനൊപ്പം പുറത്തുപോയിരുന്നെങ്കിലും ഇരുവരും നൈറ്റ് ക്ലബ്ബിലേക്ക് പോയിരുന്നില്ല. പുറത്തുപോകുന്ന കാര്യം ടീം അധികൃതരെ ബ്രൂക്ക് അറിയിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് നൈറ്റ് ക്ലബ്ബ് അധികൃതരോ സുരക്ഷാ ജീവനക്കാരനോ പരാതി നല്‍കാതിരുന്നത് ബ്രൂക്കിന് രക്ഷയായി. ഇതോടെയാണ് അച്ചടക്ക നടപടി താക്കീതിലും പിഴയിലും ഒതുങ്ങിയത്.

സംഭവത്തിനു പിന്നാലെ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ട് തോറ്റിരുന്നു. ക്യാപ്റ്റനായി ഇറങ്ങിയ ബ്രൂക്ക് പരാജയമായി. മത്സരത്തില്‍ 11 പന്തില്‍ നിന്ന് വെറും ആറ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സംഭവത്തില്‍ ബ്രൂക്ക് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പെരുമാറ്റത്തില്‍ ക്ഷമ ചോദിക്കുന്നതായി താരം വ്യക്തമാക്കി.

അതേസമയം രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകള്‍ക്കിടയിലുള്ള ഒമ്പത് ദിവസത്തെ ഇടവേളയില്‍ ചില ഇംഗ്ലണ്ട് താരങ്ങള്‍ ആറു ദിവസം തുടര്‍ച്ചയായി മദ്യപിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ ബിബിസി തന്നെയാണ് ഇംഗ്ലീഷ് താരങ്ങളുടെ മോശം പ്രവണതയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ടെസ്റ്റ് അവസാനിച്ച ഡിസംബര്‍ ഏഴിനും മൂന്നാം ടെസ്റ്റ് ആരംഭിച്ച ഡിസംബര്‍ 17-നും ഇടയില്‍, ഇംഗ്ലണ്ട് ടീം ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ നൂസ ബീച്ച് റിസോര്‍ട്ടില്‍ നാല് രാത്രികളാണ് ചെലവഴിച്ചത്.

ഇംഗ്ലണ്ട് ടീമിലെ ചില താരങ്ങള്‍ ബ്രിസ്ബേനിലെ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കുശേഷം രണ്ട് ദിവസം തുടര്‍ച്ചയായി മദ്യപിക്കുകയായിരുന്നുവെന്നും ഇതിനുശേഷം നൂസ റിസോര്‍ട്ടിലെത്തിയശേഷം നാലു ദിവസത്തോളം മദ്യപാനം തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂസ റിസോര്‍ട്ടിന് സമീപത്തുളള റോഡരികില്‍ പോലും ഇരുന്ന് താരങ്ങള്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ബ്രൂക്കിന്റെ ചിത്രവും ഉണ്ടായിരുന്നു.