തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഹോം ഗ്രൗണ്ടിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി സഞ്ജുവിന് ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. സഞ്ജു നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യ പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (47) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു.

മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്.

നേരത്തെ ആറു പന്തുകള്‍ നേരിട്ട സഞ്ജു ആറു റണ്‍സ് മാത്രമെടുത്തു മടങ്ങുകയായിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ലോക്കി ഫെര്‍ഗൂസനെ കവറിനു മുകളിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ലെഗ് സൈഡില്‍ അല്പം മാറി നിന്ന്, 146 കിലോമീറ്റര്‍ ലെങ്ത് പന്ത് കവറിനു മുകളിലൂടെ ബാക്ക് ഫുട്ടില്‍ പറത്താന്‍ നോക്കി, എന്നാല്‍ ബാറ്റിന്റെ ഒരു പുറംഭാഗത്തെ എഡ്ജ് ചെയ്ത് ഉയര്‍ന്ന പന്ത് ഡീപ്പ് തേര്‍ഡില്‍ ക്യാച്ചായി മാറി. ബെവന്‍ ജേക്കബ്‌സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. ന്യൂസീലന്‍ഡ് പരമ്പരയിലെ അഞ്ചു മത്സരങ്ങളില്‍ സഞ്ജു 46 റണ്‍സാണ് ആകെ നേടിയത്.

പരമ്പരയിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും നിരാ?ശപ്പെടുത്തിയ സഞ്ജു നാട്ടുകാര്‍ക്ക് മുമ്പില്‍ ഫോമിലേക്കുയരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പ്ലെയിങ് ഇലവനില്‍ സഞ്ജുവും ഇടം നേടിയെന്ന വാര്‍ത്തയും വലിയ ആഘോഷത്തോടെയാണ് കാര്യവട്ടം സ്റ്റേഡിയത്തിലെ ഗാലറികള്‍ വരവേറ്റത്. പക്ഷേ, കഴിഞ്ഞ മത്സരങ്ങളില്‍ തപ്പിത്തടഞ്ഞ സഞ്ജു സമ്മര്‍ദ ഭാരത്താല്‍ വരിഞ്ഞുമുറുകി. ആറ് പന്തുകള്‍ നേരിട്ട്, ഒരു ബൗണ്ടറിയും നേടിയതിനു പിന്നാലെയായിരുന്നു ഡീപ് തേര്‍ഡില്‍ ക്യാച്ച് വഴങ്ങി പുറത്തായത്. പരമ്പരയിലെ മത്സരങ്ങളില്‍ 10, 6, 0, 24 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സംഭാവന. ലോകകപ്പിലേക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ടീമില്‍ ഇടം ഉറപ്പിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ കൂടിയാണ് കാര്യവട്ടത്ത് ക്ലോസാവുന്നത്.

നേരത്തെ ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ടി20-യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തി. ടീമിലെ മാറ്റങ്ങള്‍ പറയുന്നതിനിടെ ''ട്രിവാന്‍ഡ്രം പേടിക്കേണ്ട, സഞ്ജു ഉറപ്പായും കളിക്കുന്നുണ്ട്'' എന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടികള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങി. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം ആരാധകര്‍ക്ക് സമ്മാനിക്കാനാകാതെ സഞ്ജു മടങ്ങുകയായിരുന്നു.

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ജെയിംസ് നീഷം, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്സ്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.