കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാക്കിസ്ഥാന് നിറം മങ്ങിയ ജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുഖാമുഖം കണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്കാണ് പാക്കിസ്ഥാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനില്‍ക്കെ പാക്കിസ്ഥാന്‍ മറികടന്നു. അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ, ലോഗന്‍ വാന്‍ ബീക്ക് എറിഞ്ഞ പത്തൊന്‍പതാം ഓവറാണ് കളി മാറ്റിയത്. ഈ ഓവറില്‍ മാത്രം ഫഹീം അഷ്റഫ് 24 റണ്‍സ് അടിച്ചുകൂട്ടി. ഇതിനിടെ ഫഹീം നല്‍കിയ ക്യാച്ച് മാക്‌സ് ഒഡൗഡ് കൈവിട്ടത് ഡച്ച് പടയ്ക്ക് കനത്ത തിരിച്ചടിയായി. 11 പന്തില്‍ 29 റണ്‍സുമായി ഫഹീം പുറത്താവാതെ നിന്നു.

കൊളംബോ, സിംഗളീസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ്സ് 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. 29 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ 19.3 മൂന്ന് ഓവറില്‍ ലക്ഷ്യം മറികടന്നു. സഹിബ്സാദ ഫര്‍ഹാനാണ് (47) പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ 11 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന ഫഹീം അഷ്റഫാണ് പാക്കിസ്ഥാന് ജയമൊരുക്കിയത്.

അവസാന രണ്ട് ഓവറില്‍ 29 റണ്‍സാണ് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലോഗന്‍ വാന്‍ ബീക്ക് എറിഞ്ഞ 19-ാം ഓവറില്‍ ഫഹീം അഷ്റഫ് 24 റണ്‍സ് അടിച്ചെടുത്തു. അതേ ഓവറിലെ രണ്ടാം പന്തില്‍ ഹഹീം നല്‍കിയ അവസരം മാക്സ് ഒഡൗട്ട് വിട്ടുകളഞ്ഞതും നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായി. ക്യാച്ചെടുത്തിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട് അഞ്ച് റണ്‍സ്. ബാസ് ഡി ലീഡേയുടെ ആദ്യ പന്തില്‍ ഷഹീന്‍ അഫ്രീദി ഒരു റണ്‍ നേടി. രണ്ട് പന്തില്‍ ഫഹീമിന് റണ്ണൊന്നും നേടാന്‍ സാദിച്ചില്ല. മൂന്നാം പന്ത് ബൗണ്ടറി കടത്തി പാകിസ്ഥാന്‍ ജയമാഘോഷിച്ചു.

പാകിസ്ഥാന് വേണ്ടി സയിം അയൂബ് 24 റണ്‍സെടുത്തു. സല്‍മാന്‍ അഗ (12), ബാബര്‍ അസം (15), ഉസ്മാന്‍ ഖാന്‍ (0), ഷദാബ് ഖാന്‍ (8), മുഹമ്മദ് നവാസ് (6) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഷഹീന്‍ അഫ്രീദി (5) ഫഹീമിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 105 എന്ന ശക്തമായ നിലയിലായിരുന്നു നെതര്‍ലന്‍ഡ്സ്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. പ്രത്യേകിച്ച് പാകിസ്ഥാന്റെ സ്പിന്‍ നിരയാണ് ഡച്ച് മദ്ധ്യനിരയുടെ നട്ടെല്ലൊടിച്ചത്. നെതര്‍ലന്‍ഡ്‌സിനായി 37 റണ്‍സെടുത്ത ക്യാപ്ടന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍. ബാസ് ഡി ലീഡ് 30 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.

മാക്സ് ഒഡൗഡിന്റെ (5) വിക്കറ്റാണ് അവര്‍ക്ക് ആദ്യ നഷ്ടമാകുന്നത്. സല്‍മാന്‍ മിര്‍സയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മൈക്കല്‍ ലെവിറ്റും മടങ്ങി. കോളിന്‍ ആക്കര്‍മാന്‍ കൂടി പോയതോടെ എട്ട് ഓവവറില്‍ മൂന്നിന് 65 എന്ന നിലയിലായി ഓറഞ്ച് പട. തുടര്‍ന്ന് സ്‌കോട്ട് എഡ്വേര്‍ഡ്സ് (37) ബാസ് ഡി ലീഡെ (30) സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഇരുവരും പോയതോടെ പൊരുതാന്‍ പോലും നില്‍ക്കാതെ നെതര്‍ലന്‍ഡ്സ് കീഴടങ്ങി. സാച്ച് ലിയോണ്‍ ക്യാച്ചെറ്റ് (9), ലോഗന്‍ വാന്‍ ബീക്ക് (0), ആര്യന്‍ ദത്ത് (13), റോള്‍ വാന്‍ ഡര്‍ മെര്‍വ് (4), പോള്‍ വാന്‍ മീകെരെന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാകിസ്ഥാന് വേണ്ടി മിര്‍സ മൂന്ന് വിക്കറ്റെടുത്തു. അബ്രാര്‍ അഹമ്മദ്, സയിം അയൂബ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.