കൊളംബോ: ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യയുടെ ആധിപത്യത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒരിക്കല്‍ കൂടി അടിയറവ് പറഞ്ഞതോടെ രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയൊരു കൊടുങ്കാറ്റിനാണ് തിരികൊളുത്തിയിരിക്കുന്നത്. തോല്‍വിക്ക് പിന്നാലെ പിസിബി ചെയര്‍മാനും പാക്ക് സര്‍ക്കാരിലെ മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയുടെ ഒരു പ്രസ്താവന സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയെയും ഐസിസിയെയും നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെ, താനോ സര്‍ക്കാരോ ഭയപ്പെടുന്നില്ലെന്ന് നഖ്വി അവകാശപ്പെട്ടിരുന്നു. ഇതിനിടയില്‍ സൈനിക മേധാവി അസിം മുനീറിനെ 'ഫീല്‍ഡ് മാര്‍ഷല്‍' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം ഒരിക്കലും ഭയപ്പെടാറില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ''ഇന്ത്യയില്‍നിന്നും ഐസിസിയില്‍നിന്നുമുള്ള ഭീഷണികളില്‍ ഞാന്‍ ഭയപ്പെടുന്നില്ല, പാക്കിസ്ഥാന്‍ സര്‍ക്കാരും ഭയപ്പെടുന്നില്ല. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമല്ലോ, അദ്ദേഹം ഒട്ടും ഭയപ്പെടുന്നില്ല. ഉപരോധങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല.'' എന്നായിരുന്നു നഖ്വി പറഞ്ഞത്. ഈ പ്രസ്താവനയാണ് ഇന്ത്യക്കെതിരെ പാക്ക് ടീം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തെ (GHQ) പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെ തോല്‍വി എന്നതിലുപരി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മിലുള്ള തന്ത്രപരമായ സിവില്‍-മിലിട്ടറി തര്‍ക്കത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മത്സരത്തില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് പുറമെ, മത്സരത്തിന് മുന്നോടിയായി നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ നഖ്വി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. സൈന്യത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സൈനിക മേധാവിയുടെ പേര് ഇത്തരമൊരു സാഹചര്യത്തില്‍ ഉപയോഗിച്ചത് റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തിലേക്ക് സൈനിക മേധാവിയുടെ പേര് വലിച്ചിഴച്ചത് അനാവശ്യമായ ഇടപെടലായാണ് സൈന്യം കാണുന്നത്. ഇന്ത്യക്കെതിരായ പരാജയം ഈ അതൃപ്തി വര്‍ധിപ്പിച്ചു. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പോരാട്ടം ദേശീയ അന്തസ്സുമായും രാഷ്ട്രീയവുമായും ബന്ധപ്പെട്ടതാണ്. ടീമിന്റെ മോശം തയാറെടുപ്പും നഖ്വിയുടെ പ്രകോപനപരമായ പ്രസ്താവനകളും തിരിച്ചടിയായെന്നാണ് സൈനിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിസിബിയിലെ കെടുകാര്യസ്ഥതയെക്കുറിച്ച് അസിം മുനീര്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തന്റെ മിലിട്ടറി സെക്രട്ടറി വഴി ആശങ്ക അറിയിച്ചതായും സൂചനയുണ്ട്. ഇതോടെ മൊഹ്‌സിന്‍ നഖ്വിയുടെ പിസിബി ചെയര്‍മാന്‍ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്ന് ഇസ്ലാമാബാദില്‍ സംസാരമുണ്ട്. സൈന്യത്തിന്റെ അതൃപ്തി പരിഹരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് പിസിബിയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

അസിം മുനീറിനെ 'ഫീല്‍ഡ് മാര്‍ഷല്‍' എന്ന് അഭിസംബോധന ചെയ്തത് സാങ്കേതികമായി തെറ്റായതും സൈനിക പ്രോട്ടോക്കോളുകളുടെ ലംഘനവുമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയോടേറ്റ പരാജയം ദേശീയ അന്തസ്സിനേറ്റ തിരിച്ചടിയായി സൈന്യം കണക്കാക്കുന്നു. ടീമിന്റെ മോശം തയ്യാറെടുപ്പിലും നഖ്വിയുടെ പക്വതയില്ലാത്ത പ്രസ്താവനകളിലും സൈനിക മേധാവി അമര്‍ഷം രേഖപ്പെടുത്തി. ഇത് മൊഹ്സിന്‍ നഖ്വിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതേസമയം, മുന്‍ പാക് താരം ഷുഐബ് അക്തറും നഖ്വിക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. നഖ്വി 'അപ്രാപ്തനും അറിവില്ലാത്തവനും' ആണെന്ന് ഒരു തത്സമയ ടെലിവിഷന്‍ പരിപാടിയില്‍ അക്തര്‍ ആഞ്ഞടിച്ചു. 'ഒന്നും അറിയാത്ത ഒരാളെ പിസിബി ചെയര്‍മാനാക്കി. അറിവില്ലാത്തവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം,' അക്തര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ക്രിക്കറ്റ് എന്നത് വെറുമൊരു കായിക വിനോദമല്ല, മറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയുടെ കൂടി പ്രതിഫലനമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇസ്ലാമാബാദില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പാക് ക്രിക്കറ്റിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാകും.