കൊളംബോ: പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ആധികാരിക വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ ഫീല്‍ഡിങ് പിഴവു വരുത്തിയ ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിനെ നിര്‍ത്തിപ്പൊരിച്ച് ഹാര്‍ദിക് പാണ്ഡ്യയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും. വിജയത്തിന്റെ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുന്നതിനിടെയാണ് നേരത്തേ സംഭവിച്ച ഫീല്‍ഡിങ് പിഴവിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യ കുല്‍ദീപ് യാദവിനെ ശകാരിച്ചത്. എന്താണു സംസാരിച്ചതെന്നു വ്യക്തമല്ലെങ്കിലും, രോഷം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ദേഷ്യത്തോടെയാണ് കുല്‍ദീപിനോടു സംസാരിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിനായി റിങ്കു സിങ് ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീന്‍ അഫ്രീദി ഉയര്‍ത്തിയടിച്ച പന്ത് ലോങ് ഓണില്‍ നിന്നിരുന്ന കുല്‍ദീപ് കൈവിട്ട് സിക്‌സ് വഴങ്ങിയത്. മത്സരഫലത്തെ ബാധിക്കില്ലെങ്കിലും ഈ പിഴവ് ഹാര്‍ദിക്കിനെ ചൊടിപ്പിച്ചു. അപ്പോള്‍ തന്നെ പാണ്ഡ്യ ഹിന്ദിയില്‍ ചില ദേഷ്യത്തോടെ പ്രതികരിക്കുന്നത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ കളി ജയിച്ച ശേഷം ഹാന്‍ഡ് ഷേക്ക് നടത്തുന്ന സമയത്തും ഹാര്‍ദിക് തന്റെ ദേഷ്യം അടക്കിയില്ല. ഹാര്‍ദിക് രൂക്ഷമായി സംസാരിക്കുന്നത് കണ്ട് റിങ്കു സിംഗും തിലക് വര്‍മ്മയും ഇടപെടാന്‍ ശ്രമിച്ചെങ്കിലും പാണ്ഡ്യ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കുല്‍ദീപിന് അരികിലെത്തി ഗൗരവത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം. പൊതുവെ സഹതാരങ്ങളോട് ശാന്തനായി കാണപ്പെടുന്ന സൂര്യകുമാറിന്റെ ഈ പെരുമാറ്റം ആരാധകരെയും അമ്പരപ്പിച്ചു.

പാക്കിസ്ഥാന്‍ ബാറ്റിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 18ാം ഓവറില്‍ ഷഹീന്‍ അഫ്രീദിയെ പുറത്താക്കാനുള്ള അവസരം കുല്‍ദീപ് യാദവ് പാഴാക്കിയിരുന്നു. രണ്ടാം പന്തില്‍ ലോങ് ഓണില്‍ ബൗണ്ടറിക്കു സമീപത്തുനിന്ന് കുല്‍ദീപിന്റെ ക്യാച്ച് ശ്രമം പാഴായതോടെ, അത് സിക്‌സിലാണു കലാശിച്ചത്. ഇതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകോപനത്തിനു കാരണമെന്നാണു കരുതുന്നത്. ഇതേ ഓവറിലെ ആറാം പന്തില്‍ ഉസ്മാന്‍ താരിഖിന്റെ മിഡില്‍ സ്റ്റംപ് ഇളക്കിയാണ് പാണ്ഡ്യ, പാക്കിസ്ഥാനെ ഓള്‍ഔട്ടാക്കിയത്. സൂപ്പര്‍-8 പോലെയുള്ള നിര്‍ണ്ണായക മത്സരങ്ങളില്‍ ചെറിയ പിഴവുകള്‍ പോലും വലിയ വില നല്‍കേണ്ടി വരുമെന്നതിനാലാകാം മുതിര്‍ന്ന താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ കരുതുന്നത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന കുല്‍ദീപ് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയത്. മൂന്നോവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.