- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോല്‍വിയറിയാതെ മുന്നേറി, സെമിയില്‍ വീണ്ടും 'കലമുടച്ച്' ദക്ഷിണാഫ്രിക്ക; ഫിന്‍ അലന്റെ റെക്കോഡ് സെഞ്ചുറി; ടിം സീഫെര്‍ട്ടിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഒന്‍പത് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

കൊല്‍ക്കത്ത: ലോകകപ്പിന്റെ സെമി ഫൈനലില്‍ വീണ്ടും ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍. ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്പേര് ഒരിക്കല്‍ കൂടി പ്രോട്ടീസ് നിരയുടെ ശിരസ്സില്‍. ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍വിയറിയാതെ തകര്‍ത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ ഒരിക്കല്‍ കൂടി സെമിയില്‍ കാലിടറി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ശക്തരായിരുന്ന പ്രോട്ടീസിന് പക്ഷേ നിര്‍ണായകമായ ടി20 ലോകകപ്പ് സെമിയില്‍ ആ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഫലമോ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ന്യൂസീലന്‍ഡ് ഫൈനലില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പ്രോട്ടീസ് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഫിന്‍ അലന്‍ (33 പന്തില്‍ പുറത്തായാതെ 100) നേടിയ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഫിന്‍ അലന്റെയും ടിം സെയ്ഫെര്‍ട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലന്‍ വെറും 33 പന്തില്‍ നിന്ന് എട്ടു സിക്സും 10 ഫോറുമടക്കം 100* റണ്‍സോടെ പുറത്താകാതെ നിന്നു. 33 പന്തുകള്‍ നേരിട്ട സെയ്ഫെര്‍ട്ട് 58 റണ്‍സെടുത്തു. രചിന്‍ രവീന്ദ്ര 13* റണ്‍സോടെ പുറത്താകാതെ നിന്നു.
ഗംഭീര തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ടിം സീഫെര്‍ട്ട് (33 പന്തില്‍ 58) അലന്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 117 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ പത്താം ഓവറില്‍ സീഫെര്‍ട്ടിനെ കഗിസോ റബാദ ബൗള്‍ഡാക്കി. 33 പന്തുകള്‍ന നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. സീഫെര്‍ട്ട് മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച് അലന്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ് അലന്‍ പൂര്‍ത്തിയാക്കിയത്. ഐസിസി ഫുള്‍ ടൈം മെമ്പര്‍ ടീമിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം കളിച്ചപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെയാണ് ദക്ഷിണാഫ്രിക്ക ന്യൂസീലന്‍ഡിനെ കീഴടക്കിയത്. അന്ന് വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ ജയത്തിലേക്കു നയിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ പ്രോട്ടീസ് എല്ലാ മേഖലയിലും നിരാശപ്പെടുത്തി. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച പ്രോട്ടീസിന് അങ്ങനെ ഇത്തവണ സെമിയില്‍ മടക്കം. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പ്രതിരോധത്തിലായ മത്സരമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 10.2 ഓവറില്‍ അഞ്ചിന് 77 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ 169 റണ്‍സിലെത്തിച്ചത് മാര്‍ക്കോ യാന്‍സന്റെയും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സിന്റെയും കടന്നാക്രമണമാണ്. 30 പന്തില്‍ നിന്ന് അഞ്ചു സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന യാന്‍സനാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 34 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറില്‍ തന്നെ കിവീസ് ഞെട്ടിച്ചു. ഓഫ് ബ്രേക്ക് ബൗളര്‍ കോള്‍ മക്കോണ്‍ചി എറിഞ്ഞ ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്കും (8 പന്തില്‍ 10), റയാന്‍ റിക്കെല്‍റ്റണും (0) വീണു. പിന്നീട് മൂന്നാം വിക്കറ്റില്‍ ബ്രെവിസും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്വും ചേര്‍ന്നുളള രക്ഷാപ്രവര്‍ത്തനം. എട്ടാം ഓവറില്‍ മാര്‍ക്രത്തെ വീഴ്ത്തി രചിന്‍ രവീന്ദ്രയുടെ ഇടംകൈയന്‍ സ്പിന്‍. സ്‌കോര്‍ ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടിയ പ്രോട്ടീസ് ക്യാപ്റ്റന് 20 പന്തില്‍ നിന്ന് 18 റണ്‍സേ നേടാനായുള്ളൂ.
പിന്നാലെയെത്തിയ ഡേവിഡ് മില്ലറെയും (6 പന്തില്‍ 6) മടക്കിയ രവീന്ദ്ര പ്രോട്ടീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറില്‍ ബ്രെവിസിനെ ജെയിംസ് നീഷാമും വീഴ്ത്തിയതോടെ 10.2 ഓവറില്‍ അഞ്ചിന് 77 റണ്‍സെന്ന ദയനീയ അവസ്ഥയിലായി പ്രോട്ടീസ്.
എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് - മാര്‍ക്കോ യാന്‍സന്‍ സഖ്യം ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി. 47 പന്തില്‍ നിന്ന് 73 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പ്രോട്ടീസ് സ്‌കോര്‍ 150 കടന്നത്. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്റി, കോള്‍ മക്കോണ്‍ചി, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


