മുംബൈ: ലോകക്രിക്കറ്റിന്റെ വാഴ്ത്തുമൊഴികളില്‍ നിറയുകയാണ് മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസണ്‍. മനസ്സാന്നിധ്യവും സാങ്കേതികത്തികവും കളിമിടുക്കും ഒത്തുചേര്‍ന്ന മാസ്മര ഇന്നിങ്‌സിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയ സഞ്ജു വിമര്‍ശകര്‍ക്കും തന്റെ കഴിവില്‍ സംശയമുന്നയിച്ചവര്‍ക്കൊക്കെ തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ്.

സൂപ്പര്‍ 8 പോരാട്ടത്തില്‍ വിന്‍ഡീസിനെ വീഴ്ത്തി സെമി ഉറപ്പിച്ചപ്പോഴും സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചപ്പോഴും കരുത്തായത് മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജു ബാറ്റ് ചെയ്യുന്നത് മറ്റൊരു ലോകത്താണോ എന്ന് തോന്നിപ്പോകുന്ന പ്രകടനമായിരുന്നു വാംഖഡെയിലേതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

'സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ തോന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്ന്. അത്രയും വ്യക്തമായിട്ടാണ് ഓരോ പന്തുകളും അദ്ദേഹത്തിന് കാണാന്‍ കഴിയുന്നത്, പൂര്‍ണചന്ദ്രനെപ്പോലെ തെളിമയുള്ള കളി. കളിച്ച ഷോട്ടുകളെല്ലാം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡ്രൈവും കട്ട് ഷോട്ടും പുള്‍ ഷോട്ടുമൊക്കെ ഒന്നിനൊന്ന് മെച്ചം. ശരിക്കുമൊരു ബാറ്റിംഗ് വിരുന്ന് തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.ട്വന്റി-20 ക്രിക്കറ്റില്‍ ഇത്രയും ശുദ്ധമായ ബാറ്റിംഗ് അധികം കാണാന്‍ കഴിയില്ല. പന്ത് എങ്ങനെയെങ്കിലും അടിച്ചു പറത്താനുള്ള ശ്രമങ്ങളാണ് അവിടെ പലപ്പോഴും നടക്കാറുള്ളത്. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അനാവശ്യ ഷോട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. കൊല്‍ക്കത്തയില്‍ കണ്ട മികവ് വാംഖെഡയിലും ആവര്‍ത്തിച്ചു.'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

വിന്‍ഡീസിന് എതിരായ മത്സരത്തിന് ശേഷവും സഞ്ജുവിന്റെ ഇന്നിങ്‌സിനെയും അയാളിലെ പ്രതിഭയെയുമൊക്കെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചിരുന്നു. ഒടുവില്‍ അര്‍ഹിച്ച വിജയം സഞ്ജുവിനെ തേടിയെത്തിയെന്നായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. സഞ്ജു മികച്ച രീതിയില്‍ കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ആത്മാര്‍ഥതയുള്ള താരമായ അവന്‍ വാഗ്ദാനങ്ങളെ പ്രകടനമാക്കി മാറ്റുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സഞ്ജുവിന്റെ ചുമലിലുള്ള ഭാരം മാത്രമല്ല, എന്തൊരു മികച്ച കളിക്കാരനാണ് അവനെന്ന് കരുതുന്ന എല്ലാവരുടെയും ചുമലിലുള്ള ഭാരമാണ് ആ 97 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കുടഞ്ഞുകളഞ്ഞത്. ഉയര്‍ച്ച താഴ്ചകളുള്ള കരിയറാണ് അവന്റേത്. സഞ്ജു അത്ര മിടുക്കനായതുകൊണ്ടാണ് അതൊക്കെ നമ്മെ ബാധിക്കു?ന്നതും. അവന്‍ നന്നായി കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു' -സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ഗവാസ്‌കര്‍ പറഞ്ഞു.

അതേ സമയം ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഫുട്വര്‍ക്കിലെ പിഴവാണ്. ഇത് പരിഹരിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയാകുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് മനസിലായത് സഞ്ജുവിന്റെ ഫുട്വര്‍ക്കിലെ പോരായ്മായാണ്. കാല്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് മാറി മൂന്നു സ്റ്റമ്പുകളും തുറന്നുകാട്ടിയുള്ള നില്‍പ്പ് തന്നെയാണ് പ്രധാന പ്രശ്നം'' സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍ ബാറ്റിങിലെ പോരായ്മകള്‍ മറികടന്നാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

സെമിയില്‍ 42 പന്തില്‍ നിന്ന് 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ക്യാപ്ടന്‍ ഹാരി ബ്രൂക്ക് 15 റണ്‍സില്‍ സഞ്ജുവിനെ പുറത്താക്കിയിരുന്നെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിട്ടേനെ. എന്നാല്‍ സഞ്ജുവിന്റെ ക്യാച്ച് ഹാരി ബ്രൂക്ക് വിട്ടുകളഞ്ഞു. സൂപ്പര്‍ 8-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റണ്‍സിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ സഞ്ജു, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറിലേക്കാണ് ഇന്ത്യയെ എത്തിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്, ജേക്കബ് ബെഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ (48 പന്തില്‍ 105) ശക്തമായ മറുപടി നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ ജസ്പ്രീത് ബുമ്ര നടത്തിയ മാന്ത്രിക ബൗളിംഗ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടു. ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിന് തൊട്ടരികില്‍ 246 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.