- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാശപ്പോരിനിടെ വലിച്ചെറിഞ്ഞ ആ പന്തു കൊണ്ടത് മിച്ചലിന്റെ കാലില്‍; കളിക്കളത്തിലെ 'ചൂടന്‍' പെരുമാറ്റത്തിന് അര്‍ഷ്ദീപിന് തിരിച്ചടി; ന്യൂസിലന്‍ഡ് താരത്തോട് മാപ്പ് പറഞ്ഞിട്ടും ഇന്ത്യന്‍ താരത്തിന് വന്‍ തുക പിഴ ചുമത്തി ഐസിസി

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനു പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. അര്‍ഷ്ദീപ് സിങ്ങും ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലും തമ്മിലുണ്ടായ വാക്‌പോരാട്ടമാണ് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായത്. മിച്ചല്‍ പ്രതിരോധിച്ചിട്ട പന്ത് കൈക്കലാക്കിയ അര്‍ഷ്ദീപ്, അപ്രതീക്ഷിതമായി റണ്‍ഔട്ടിന് ശ്രമിക്കുന്ന മട്ടില്‍ പന്ത് മിച്ചലിന് നേരെ വലിച്ചെറിയുകയായിരുന്നു. ഈ പന്ത് കാലില്‍ കൊണ്ടതാണ് പ്രകോപനത്തിന് കാരണം. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 അര്‍ഷ്ദീപ് ലംഘിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഐസിസി അറിയിച്ചു.
'രാജ്യാന്തര മത്സരത്തിനിടെ അനുചിതമോ അപകടകരമോ ആയ രീതിയില്‍ ഒരു താരത്തിനു നേരെ പന്തോ മറ്റു ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്' സംബന്ധിച്ച വകുപ്പാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിനിടെ ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞതിനാണ് നടപടി. അര്‍ഷ്ദീപ് ചട്ടം ലംഘിച്ചെന്നും പിഴയ്ക്ക് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ചുമത്തിയതായി ഐസിസി അറിയിച്ചു.
ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. പന്തു നേരിട്ട ഡാരില്‍ മിച്ചല്‍ അത് പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത ഇന്ത്യന്‍ പേസര്‍ റണ്‍ഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. ന്യൂസീലന്‍ഡ് ബാറ്ററുടെ കാലിലാണു പന്തു കൊണ്ടത്. ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരില്‍ മിച്ചല്‍, അര്‍ഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തി. മിച്ചല്‍ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്.
ഇന്ത്യന്‍ ക്യാപറ്റന്‍ സൂര്യകുമാര്‍ യാദവ് എത്തി ഡാരില്‍ മിച്ചലിനോടു സംസാരിച്ചാണു പ്രശ്‌നം പരിഹരിച്ചത്. പിന്നാലെ അര്‍ഷ്ദീപിനെ വിളിച്ച് അംപയര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതോടെ ഡാരില്‍ മിച്ചലുമായി ഹസ്തദാനം ചെയ്ത് അര്‍ഷ്ദീപ് പ്രശ്‌നം പരിഹരിച്ചു. ഡാരില്‍ മിച്ചലിനോടു മാപ്പു പറഞ്ഞതായി അര്‍ഷ്ദീപ് പിന്നീടു പ്രതികരിച്ചു.


