മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളില്‍ ശിവം ദുബെയ്ക്ക് ഒപ്പം പങ്കെടുത്ത ഭാര്യ അഞ്ജും ഖാന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ ഇരുവരും അഹമ്മദാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മുംബൈയിലെത്തിയ വാര്‍ത്തകള്‍ പ്രചരിച്ചത് ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ട്രെയിനില്‍ ആരാധകരുടെ കണ്ണില്‍പ്പെടാതെ തേര്‍ഡ് എസി കോച്ചില്‍ കയറിയ ദുബെ അപ്പര്‍ ബര്‍ത്തില്‍ കയറിക്കിടന്നെങ്കിലും ടിക്കറ്റ് പരിശോധകന്‍ പേര് കണ്ട് ക്രിക്കറ്റ് താരമാണോ എന്ന് സംശയിച്ചു നിന്നപ്പോള്‍ തന്ത്രപൂര്‍വം ഇടപെട്ടത് ഭാര്യ അഞ്ജും ഖാനായിരുന്നു.

ക്രിക്കറ്റ് താരം ശിവം ദുബെ ഇവിടെ എങ്ങനെ വരാനാണെന്ന അഞ്ജുമിന്റെ മറുചോദ്യത്തിലും സംശയം തീര്‍ന്നില്ലെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ ടിക്കറ്റ് പരിശോധകന്‍ മടങ്ങി. അങ്ങനെ ആരാധകരില്‍ നിന്നും ടിക്കറ്റ് പരിശോധകനില്‍ നിന്നും തന്ത്രപൂര്‍വം രക്ഷിച്ചെടുത്ത് അഞ്ജും ഖാന്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ നാട്ടിലെത്തിച്ചു. ഇതിന് പിന്നാലെ ഇവരുടെ പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്.

ദുബെയേക്കാള്‍ 8 വയസ്സ് പ്രായക്കൂടുതലുള്ള അഞ്ജും താരത്തിന്റെ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ പിന്തുണയാണ്. 1986 സെപ്റ്റംബര്‍ 2-ന് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിലാണ് അഞ്ജും ഖാന്‍ ജനിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ അഞ്ജും അറിയപ്പെടുന്ന മോഡലും നടിയും വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. റാണി മുഖര്‍ജി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ഹിച്ച്കി' ഉള്‍പ്പെടെയുള്ള സിനിമകളിലും നിരവധി ടിവി പരമ്പരകളിലും അഞ്ജും വേഷമിട്ടിട്ടുണ്ട്.

ശിവം ദുബെയുടെയും അഞ്ജും ഖാന്റെയും പ്രണയകഥ ഒരു പൊതുസുഹൃത്തിലൂടെയാണ് ആരംഭിക്കുന്നത്. ആ സൗഹൃദം പിന്നീട് ഗാഢമായ പ്രണയമായി മാറുകയും വര്‍ഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നിട്ടും തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനിന്ന ഇവര്‍ 2021 ജൂലൈ 16-ന് മുംബൈയില്‍ വെച്ച് വിവാഹിതരായി. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നു മുംബൈയില്‍ വെച്ച് ഇവരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. 2022-ല്‍ ജനിച്ച മകന്‍ അയാനും 2025-ല്‍ ജനിച്ച മകള്‍ മെഹ്വിഷുമാണ് മക്കള്‍. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദുബെ കാഴ്ചവെച്ച മികച്ച പ്രകടനത്തെയും ടീം ഇന്ത്യയുടെ വിജയത്തെയും അഭിനന്ദിച്ചുകൊണ്ട് അഞ്ജും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികള്‍ ഇപ്പോള്‍ വൈറലാണ്.