ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ മാസം 28നാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നതാണ്. എല്ലാ ടീമുകളും അവസാന ഘട്ട പിഴവുകളും തിരുത്തി കപ്പിനായുള്ള പടയൊരുക്കത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഐപിഎല്‍ പടിവാതുക്കല്‍ നില്‍ക്കവെ നിര്‍ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നായക മാറ്റത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് നടക്കുന്നത്. പാറ്റ് കമ്മിന്‍സാണ് നിലവിലെ ഹൈദരാബാദ് ക്യാപ്റ്റന്‍. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരമായ കമ്മിന്‍സ് ഇത്തവണ ഐപിഎല്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. താരം ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത കൂടുതല്‍.

അതുകൊണ്ടുതന്നെ ഹൈദരാബാദിന് ഇത്തവണ പുതിയ നായകനെ ആവശ്യമാണ്. രണ്ട് പേരുകളാണ് പ്രധാനമായും ഹൈദരാബാദിന് മുന്നിലുള്ളത്. അതില്‍ ഒരാള്‍ അഭിഷേക് ശര്‍മയും രണ്ടാമന്‍ ഇഷാന്‍ കിഷനുമാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇഷാന്‍ കിഷനെ ഹൈദരാബാദ് നായകനായി പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അഭിഷേക് ശര്‍മക്ക് ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇഷാനെ ക്യാപ്റ്റനാക്കുന്നത് ഹൈദരാബാദിന് ഗുണം ചെയ്യുമോ?. സാധ്യതകള്‍ പരിശോധിക്കാം.

ജാര്‍ഖണ്ഡുകാരനായ ഇഷാന്‍ കിഷന് ക്യാപ്റ്റനെന്ന നിലയില്‍ മോശമല്ലാത്ത കണക്കുകള്‍ അവകാശപ്പെടാനാവും. പ്രത്യേകിച്ച് സമീപകാലത്തെ സാഹചര്യത്തില്‍ ഇഷാന്‍ കൂടുതല്‍ മികവ് കാട്ടുന്നു. ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമടക്കം നായകനായി അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍ . 2016ലെ ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ഇഷാനായിരുന്നു. ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും സര്‍ഫറാസ് ഖാനും ആവേശ് ഖാനും ഖലീല്‍ അഹമ്മദും എല്ലാം ഉള്‍പ്പെട്ട ടീമിനെയാണ് ഇഷാന്‍ നയിച്ചത്.

ടി20യില്‍ 29 മത്സരങ്ങള്‍ നയിച്ച് 23ലും ജയം നേടിക്കൊടുത്ത നായകനാണ് ഇഷാന്‍. 79.31 ആണ് ഇഷാന്റെ വിജയ ശതമാനം. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഇഷാന് സാധിച്ചു. ചരിത്രത്തിലാദ്യമായാണ് ജാര്‍ഖണ്ഡ് ഈ കിരീടം നേടുന്നത്. അത് ഇഷാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്നതാണ് എടുത്തു പറയേണ്ടത്.