കൊല്‍ക്കത്ത: പരാജയത്തിന്റെ വക്കില്‍ നിന്നും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ വിജയത്തിലെത്തിച്ച ഇരുപത്തിയൊന്നുകാരന്‍ മുകുള്‍ ചൗധരിയുടെ മിന്നല്‍ പ്രകടനമാണ് ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. പരാജയത്തിന്റെ വക്കില്‍ നിന്ന് 27 പന്തില്‍ പുറത്താകാതെ 54 റണ്‍സ് അടിച്ച് ലക്‌നൗവിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ യുവതാരത്തെക്കുറിച്ച് ലക്‌നൗ ക്യാമ്പിലെ സഹതാരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുമ്പ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. മുകുള്‍ ചൗധരിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിനെക്കുറിച്ച് ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പേ അര്‍ജുന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുകുള്‍ ചൗധരി അതിശയിപ്പിക്കുന്ന സിക്‌സറുകള്‍ പറത്തുന്ന താരമാണ്. ലക്‌നൗവിന്റെ പരിശീലന മത്സരത്തില്‍ അവന്റെ ബാറ്റിംഗ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും (360 ഡിഗ്രി) അവന് പന്ത് എത്തിക്കാന്‍ സാധിക്കും. സ്‌ക്വയര്‍ ലെഗ്, പോയിന്റ്, അപ്പര്‍ കട്ട് തുടങ്ങി ബൗളറുടെ തലയ്ക്ക് മുകളിലൂടെ വരെ അവന്‍ സിക്‌സറുകള്‍ അടിക്കുമെന്നായിരുന്നു അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ അര്‍ജുന്‍ നല്‍കിയ ഈ മുന്നറിയിപ്പ് കൊല്‍ക്കത്ത ഗൗരവമായി എടുത്തില്ല എന്നതിന്റെ തെളിവാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ തുടങ്ങിയവരെയെല്ലാം മുകുള്‍ അടിച്ചുപറത്തി.

മുകുള്‍ ചൗധരിയുടെ ഇന്നിങ്‌സ് 'വണ്‍ടൈം വണ്ടര്‍' ആയേക്കുമെന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കിടെയാണ് മുകുളിന്റെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ലക്‌നൗ താരവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത് വന്നത്. സിക്‌സര്‍ പറത്താനുള്ള മുകുളിന്റെ കഴിവിനെക്കുറിച്ച് അര്‍ജുന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നതാണ് വസ്തുത. ശുഭാങ്കര്‍ മിശ്രയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് മുകുളിന്റെ 360-ഡിഗ്രി ഹിറ്റിങ് കഴിവില്‍ താന്‍ എത്രമാത്രം അദ്തപ്പെട്ടുവെന്ന് അര്‍ജുന്‍ വിവരിച്ചത്.

''മുകുള്‍ ചൗധരി അതിശയിപ്പിക്കുന്ന രീതിയില്‍ സിക്‌സറുകള്‍ അടിക്കുന്നു. ഇന്നലെ ഒരു പ്രാക്ടീസ് മത്സരത്തില്‍ ഞാന്‍ അവന്റെ സിക്‌സറുകള്‍ കണ്ടു. ഞാന്‍ ശരിക്കും അന്തിച്ചു പോയി. സ്‌ക്വയര്‍ ലെഗ്, പോയിന്റ്, അപ്പര്‍ കട്ട്, ബോളറുടെ പിന്നില്‍ എന്നിങ്ങനെ എല്ലായിടത്തും അവന്‍ അടിക്കുന്നു. അവന്റെ ബാറ്റിങ്ങില്‍ എനിക്ക് വലിയ മതിപ്പ് തോന്നി.'' അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഈ സീസണില്‍ ലക്‌നൗവില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട താരം മുകുള്‍ ചൗധരിയാണെന്നും അര്‍ജുന്‍ പറഞ്ഞു. മുകുളിന്റെ അവിസ്മരണീയ ഇന്നിങ്‌സിനു പിന്നാലെ അര്‍ജുന്റെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. താരങ്ങളെ വിലയിരുത്തുന്നതില്‍ അര്‍ജുന്റെ കഴിവിനെ പലരും പ്രശംസിക്കുകയും ചെയ്തു. അര്‍ജുന്റെ വാക്കുകള്‍ കൊല്‍ക്കത്ത ശ്രദ്ധിച്ചിരുന്നെങ്കിലും അതനുസരിച്ച് തയാറെടുപ്പ് നടത്തിയിരുന്നെങ്കിലും ഈ അവസ്ഥ വരില്ലായിരുന്നെന്നും ചിലര്‍ പറയുന്നു.

മുകുള്‍ ചൗധരി ഐപിഎലില്‍ തന്റെ വരവറിയിച്ചത് അവിശ്വസനീയമായ ഇന്നിംഗ്‌സിലൂടെയായിരുന്നു. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ 3 വിക്കറ്റിനാണ് ലക്‌നൗ ടീം കൊല്‍ക്കത്തയെ തോല്‍പിച്ചത്. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 4ന് 181. ലക്‌നൗ 20 ഓവറില്‍ 7ന് 182. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 7ന് 128 എന്ന സ്‌കോറിലായിരുന്നു. അവസാന 4 ഓവറില്‍ ആവേശ് ഖാനൊപ്പം 54 റണ്‍സ് ചേര്‍ത്ത മുകുള്‍ ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആവേശിന്റെ സംഭാവന ഒരു റണ്‍ മാത്രം!

കൊല്‍ക്കത്ത പേസര്‍ വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ലക്‌നൗവിന് ജയിക്കാന്‍ ആവശ്യം. ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ആവേശ് ഖാന്‍ (3 പന്തില്‍ 1 നോട്ടൗട്ട്) സ്‌ട്രൈക്ക് മുകുളിന് കൈമാറി. രണ്ടാം പന്തില്‍ മുകുളിന്റെ വക സിക്‌സ്. അടുത്ത രണ്ടു പന്തുകളിലും റണ്‍ വിട്ടുനല്‍കാതെ വൈഭവിന്റെ തിരിച്ചടി. എന്നാല്‍ അഞ്ചാം പന്തില്‍ വീണ്ടും സിക്‌സ് നേടിയ മുകുള്‍, അവസാന പന്തില്‍ വിജയലക്ഷ്യം ഒരു റണ്‍ ആയി ചുരുക്കി. വൈഭവ് എറിഞ്ഞ ആറാം പന്ത് കണക്ട് ചെയ്യാന്‍ മുകുളിന് സാധിച്ചില്ലെങ്കിലും ബൈ റണ്‍ ഓടിയെടുത്ത ലക്‌നൗ താരങ്ങള്‍ ആവേശജയം പിടിച്ചുവാങ്ങി.

കോലിയുടെ ഓട്ടം, ധോണിയുടെ ഫിനിഷിംഗ്

ലക്‌നൗ നായകന്‍ ഋഷഭ് പന്തിനും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ക്കും മുകുളിനെ പ്രശംസിക്കാന്‍ വാക്കുകളില്ലായിരുന്നു. മുകുളിന്റെ ഈ പ്രകടനത്തെ വിവരിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല എന്നായിരുന്നു മത്സരശേഷം ഋഷഭ് പന്ത് പറഞ്ഞത്. ഞങ്ങള്‍ ഒരാളെ വിശ്വസിച്ചാല്‍ അയാള്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മുകുള്‍ തെളിയിച്ചുവെന്നും ഋഷഭ് പന്ത് പറഞ്ഞു. മുകുള്‍ ഒരു മികച്ച അത്ലറ്റാണെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. വിരാട് കോലിയെപ്പോലെയാണ് അവന്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നത്. പക്ഷേ കളി ഫിനിഷ് ചെയ്യുന്ന രീതി എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്നു. വെറും 22 വയസ്സേ ഉള്ളൂ എങ്കിലും 300 മത്സരങ്ങള്‍ കളിച്ച പക്വത അവനുണ്ടെന്നും ലാംഗര്‍ പറഞ്ഞു.