ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി. കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 29 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. ഗ്ലെൻ ഫിലിപ്‌സിന്റെയും രചിൻ രവീന്ദ്രയുടെയും വെടിക്കെട്ട് അർധ സെഞ്ച്വറികളാണ് ന്യൂസിലൻഡിന് അനായാസ വിജയം സമ്മാനിച്ചത്. ന്യൂസിലൻഡിനായി ജേക്കബ്

174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും, രചിൻ-ഫിലിപ്സ് സഖ്യം കളി ന്യൂസിലൻഡിന്റെ വരുതിയിലാക്കി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 പന്തിൽ 146 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഫിലിപ്‌സ് 36 പന്തിൽ ആറ് സിക്സും നാല് ഫോറുമടക്കം പുറത്താകാതെ 76 റൺസ് നേടിയപ്പോൾ, രചിൻ 39 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. 15.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലൻഡ് ലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാനഡയുടെ ഇന്നിംഗ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടിയത്. ഓപ്പണർ യുവരാജ് സമ്ര 65 പന്തിൽ നിന്ന് 110 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 52-ാം പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ സമ്ര, ടി-20 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി.

സമ്രയും ക്യാപ്റ്റൻ ദിൽപ്രീത് ബജ്വയും ചേർന്ന് ഒന്നാം വിക്കറ്റിൽ 116 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 116-ൽ നിൽക്കെ 14-ാം ഓവറിൽ 39 പന്തിൽ 36 റൺസെടുത്ത ബജ്വയെ കെയ്ൽ ജാമിസൺ മടക്കി. പിന്നാലെയെത്തിയ നവനീത് ദലിവാൾ (7 പന്തിൽ 10 റൺസ്), നിക്കോളാസ് കിർട്ടൺ എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

അവസാന ഓവറിലെ രണ്ടാം പന്തിൽ സമ്ര പുറത്താകുമ്പോൾ കാനഡ 4 വിക്കറ്റിന് 173 റൺസ് എന്ന നിലയിൽ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി, ജേക്കബ് ഡെഫി, ജെയിംസ് നിഷാം, കെയ്ൽ അലക്സ് ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.