ടി-20 യില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് ശേഷം മറ്റൊരു ശര്‍മ്മ അടിച്ച് തകര്‍ക്കുന്ന കാഴ്ച്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയാകുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം അഭിഷേക് ശര്‍മ്മ. ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് മോശമായ സമയമാണ് താരം വാങ്കഡെയില്‍ കൊടുത്തത്. 37 പന്തുകളില്‍ 10 സിക്‌സറുകളും 5 ഫോറും അടക്കം 100* റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇന്ത്യന്‍ ടീമിലെ ഭാവി താരങ്ങളാണ് യശസ്വി ജയ്സ്വാള്‍ അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍. താരങ്ങള്‍ തമ്മില്‍ മത്സര പോരാട്ടം നടക്കുന്നുണ്ടെന്ന വാര്‍ത്ത നാളുകള്‍ ഏറെയായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഭിഷേക് ശര്‍മ്മ.

അഭിഷേക് ശര്‍മ്മ പറയുന്നത് ഇങ്ങനെ:

''കഴിഞ്ഞ ദിവസം ജയ്‌സ്വാളിനെയും ഗില്ലിനെയും ഞാന്‍ കണ്ടിരുന്നു. അണ്ടര്‍ 16 ക്രിക്കറ്റ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നവരാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സ്വപ്‌നം മാത്രമാണുള്ളത്. ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിലും വലിയ നേട്ടങ്ങള്‍ വേറെയില്ല. ഞങ്ങള്‍ തമ്മില്‍ മത്സര പോരാട്ടങ്ങള്‍ ഇല്ല''

പരിശീലകനായ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവും തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും അഭിഷേക് സംസാരിച്ചു: 'ഈ ടീമിലെ ഏത് താരത്തോടും നിങ്ങള്‍ക്ക് ചോദിക്കാം. വളരെ കുറച്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഞാന്‍ പരിശീലനത്തിനായി വലിയ സമയം ചെലവഴിക്കുന്നു. ടീം പരിശീലകനും ക്യാപ്റ്റനും വലിയ പിന്തുണയാണ് നല്‍കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമായാലും ഇരുവരുടെയും പിന്തുണ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുന്നു'' അഭിഷേക് ശര്‍മ്മ പറഞ്ഞു.