- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ 'തല്ലിപ്പറത്തി' രോഹിത് ശർമ്മ; അർധ സെഞ്ചുറിയുമായി ശ്രേയസും; ഏകദിന ലോകകപ്പിൽ ചിരവൈരികൾക്കെതിരെ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; 'എൽ ക്ലാസികോ'യിൽ ഏഴ് വിക്കറ്റിന്റെ അവിസ്മരണീയ ജയം
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തോൽവിയറിയാതെ വീണ്ടും ഇന്ത്യൻ കുതിപ്പ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് വിക്കറ്റിനാണ് ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
86 റൺസ് രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യർ അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. ഒരിക്കൽ പോലും ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താനായിട്ടില്ല.
തുടക്കത്തിൽ ബോളുകൊണ്ടും മറുപടി ഇന്നിങ്സിൽ ബാറ്റുകൊണ്ടും തകർത്താടിയ ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ സമ്പൂർണ പരാജയമായി. ക്യാപ്റ്റൻ ബാബർ അസം നേടിയ അർധ സെഞ്ചറിയും മുഹമ്മദ് റിസ്വാന്റെ ചെറുത്തുനിൽപ്പും ഒഴിച്ചാൽ പാക്കിസ്ഥാന് മത്സരത്തിൽ ഓർത്തുവയ്ക്കാൻ ഒന്നുമില്ലാതായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതൽ തകർത്തടിച്ചാണ് ഇന്നിങ്സ് പടുത്തുയർത്തിയത്. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസ് നേടിയാണ് ഇന്ത്യ തുടങ്ങിയത്. ഹസൻ അലിയുടെ രണ്ടാം ഓവറിൽ മൂന്ന് ഫോറാണ് ഗിൽ നേടിയത്. മൂന്നാം ഓവറിൽ 16 റൺസുമായി ഗിൽ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിരാട് കോലി രോഹിത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 7-ാം ഓവറിൽ ടീം സ്കോർ 50 കടത്തി. രണ്ടാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ഇതിനിടെ ഏകദിനത്തിൽ 300 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരിൽ കുറിച്ചു. ഷഹീദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. സ്കോർ 79ൽ നിൽക്കേ വിരാട് കോലി പുറത്തായി. ഹസൻ അലിയുടെ പന്തിൽ മുഹമ്മദ് നവാസ് പിടിച്ച് പുറത്താക്കുകയായിരുന്നു, 18 പന്തിൽ 16 റൺസാണ് കോലിയുടെ സംഭാവന.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് 14ാം ഓവറിൽ ടീം സ്കോർ 100 കടത്തി. 22ാം ഓവറിൽ സ്കോർ 156ൽ നിൽക്കേ രോഹിത് പുറത്തായി. 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പെടെ 86 റൺസാണ് താരം നേടിയത്. 36 പന്തിൽനിന്നാണ് രോഹിത് അർധ സെഞ്ചറി പൂർത്തിയാക്കിയത്. ഷഹീൻ അഫ്രിദിയുടെ പന്തിൽ ഇഫ്തിഖർ അഹമ്മദിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. വൈകാതെ കെ എൽ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ബൗണ്ടറി നേടി ടീമിനെ വിജയത്തിലെത്തിച്ച താരം അർധ സെഞ്ചറിയും പൂർത്തിയാക്കി. 62 പന്തിൽ 53 റൺസാണ് ശ്രേയസ് നേടിയത്. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 29 പന്തിൽ 19 റൺസ് നേടിയ രാഹുലും പുറത്താകാതെ നിന്നു.
നേരത്തെ, രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമമദ് സിറാജ് എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. മോശമല്ലാത്ത തുടക്കമായിരുന്നു പാക്കിസ്ഥാൻ. ഒന്നാം വിക്കറ്റിൽ അബ്ദുള്ള ഷെഫീഖ് (20) ഇമാം ഉൾ ഹഖ് (36) സഖ്യം 41 റൺസ് ചേർത്തു. ഷെഫീഖിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാം വിക്കറ്റിൽ 32 റൺസ് കൂട്ടിചേർത്ത് ഇമാമും മടങ്ങി. ഹാർദിക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന് ക്യാച്ച്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന അസം - റിസ്വാൻ സഖ്യമാണ് പാക്കിസ്ഥാനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 82 റൺസ് കൂട്ടിചേർത്തു.
എന്നാൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ ബാബർ മടങ്ങി. മുഹമ്മദ് സിറാജാണ് ബാബറിനെ ക്ലീൻ ബൗൾഡാക്കിയത്. 58 പന്തുകൾ നേരിട്ട താരം ഏഴ് ബൗണ്ടറികൾ നേടി. പിന്നാലെ പാക്കിസ്ഥാന്റെ മധ്യനിര നിരുപാധികം കീഴടങ്ങി. സൗദി ഷക്കീൽ (6), ഇഫ്തിഖർ അഹമ്മദ് (4), ഷദാബ് ഖാൻ (2), മുഹമ്മദ് നവാസ് (4) എന്നിവർക്ക് തിളങ്ങാനായില്ല. വാലറ്റക്കാരിൽ ഹസൻ അലി (12) മാത്രമാണ് രണ്ടക്കം കണ്ടത്. ഹാരിസ് റൗഫാണ് (2) പുറത്തായ മറ്റൊരു താരം. ഷഹീൻ അഫ്രീദി (2) പുറത്താവാതെ നിന്നു. പാക്കിസ്ഥാന്റെ ഇന്നിങ്സിൽ ഒരു സിക്സ് പോലും ഉണ്ടായിരുന്നില്ല.
അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ പാക്കിസ്ഥാനെതിരായ ഇറങ്ങിയത്. ഓപ്പണറായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി.
സ്പോർട്സ് ഡെസ്ക്