കറാച്ചി: ചാംപ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാക്കിസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷം ഉയര്‍ത്തി ന്യൂസിലന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. സെഞ്ചറി നേടിയ വില്‍ യങ്, ടോം ലാഥം എന്നിവരുടെ ഇന്നിങ്‌സുകളാണ് ന്യൂസീലന്‍ഡിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ട് നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റൊന്നും നേടാനായില്ല.

113 പന്തുകള്‍ നേരിട്ട യങ് 107 റണ്‍സെടുത്തു. ഒരു സിക്‌സും 12 ഫോറുകളും നേടിയ താരത്തെ നസീം ഷായുടെ പന്തില്‍ പകരക്കാരന്‍ ഫഹീം അഷറഫ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 104 പന്തില്‍ 118 റണ്‍സെടുത്ത് ടോം ലാഥം പുറത്താകാതെനിന്നു. മൂന്നു സിക്‌സുകളും പത്തു ഫോറുകളുമാണു കറാച്ചിയില്‍ ലാഥം അടിച്ചുകൂട്ടിയത്.

മുന്‍നിരയില്‍ ഡെവോണ്‍ കോണ്‍വെ (10 റണ്‍സ്), കെയിന്‍ വില്യംസന്‍ (ഒന്ന്), ഡാരില്‍ മിച്ചല്‍ (10) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോഴാണ് കിവീസിന്റെ രക്ഷകരായി യങ്ങും ടോം ലാഥവും എത്തുന്നത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സും തകര്‍ത്തടിച്ചതോടെ ന്യൂസീലന്‍ഡ് സ്‌കോര്‍ 300 ഉം കടന്നുമുന്നേറി. 39 പന്തുകള്‍ നേരിട്ട ഗ്ലെന്‍ ഫിലിപ്‌സ് 61 റണ്‍സാണു പാക്കിസ്ഥാനെതിരെ നേടിയത്. 50ാം ഓവറില്‍ ഹാരിസ് റൗഫിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഫഖര്‍ സമാന്‍ ക്യാച്ചെടുത്ത് ഫിലിപ്‌സിനെ പുറത്താക്കുകയായിരുന്നു.

മോശം തുടക്കം, മധ്യനിര കാത്തു

അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (10), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കോണ്‍വെയെ അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണ്‍ നസീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി. നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ (10) കൂടി മടങ്ങിയതോടെ കിവീസ് തീര്‍ത്തും പ്രതിരോധത്തിലായി. മൂന്നിന് 73 എന്ന നിലയിലായിരുന്നു കിവീസ്.

പിന്നീടാണ് കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. അഞ്ചാം വിക്കറ്റില്‍ യംഗ് - ലാതം സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനെ നസീം പുറത്താക്കുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 12 ഫോറും നേടി. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയാണിത്. യംഗ് മടങ്ങിയെങ്കിലും ലാതം - ഫിലിപ്സ് ക്രീസില്‍ ഒന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഫിലിപ്സ് മടങ്ങി.

ഹാരിസ് റൗഫിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഫഖര്‍ സമാന് ക്യാച്ച്. 39 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്സും മൂന്ന് ഫോറും നേടി. ലാതം 104 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. കിവീസ് വിക്കറ്റ് കീപ്പറുടെ എട്ടാം സെഞ്ചുരി കൂടിയാണിത്. മൈക്കല്‍ ബ്രേസ്വെല്ലും (0) പുറത്താവാതെ നിന്നു.

പാക്കിസ്ഥാനു വേണ്ടി പേസര്‍മാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ന്യൂസീലന്‍ഡിനെതിരെ ടോസ് നേടിയ ആതിഥേയരായ പാക്കിസ്ഥാന്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ നിരയില്‍ പരുക്കു ഭേദമായ ഹാരിസ് റൗഫ് തിരിച്ചെത്തി. ന്യൂസീലന്‍ഡ് നിരയില്‍ മാറ്റ് ഹെന്റിയും ഇന്ന് കളിക്കുന്നുണ്ട്. ത്രിരാഷ്ട്ര പരമ്പരയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ രചിന്‍ രവീന്ദ്ര കിവീസ് നിരയിലില്ല.