- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം; പാക് താരം നതാലിയ പര്‍വേസിനെ 'ആസാദ് കശ്മീരില്‍ നിന്നുള്ള താരം' എന്ന് വിശേഷിപ്പിച്ചു മുന്‍ ക്യാപ്റ്റന്‍ സന മിര്‍; സൈബറിടത്തില്‍ ഐസിസിക്കെതിരെ കടുത്ത പ്രതിഷേധം; സനയെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
വനിതാ ലോകകപ്പില്‍ കമന്ററി വിവാദം
മുംബൈ: ഇന്ത്യ-പാക് വിവാദങ്ങള്‍ വീണ്ടും ക്രക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. ഏഷ്യാകപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിലും വിവാദം ഉയരുകയാണ്. ഇക്കുറി പാക്ക് മുന്‍ താരത്തിന്റെ വിവാദ കമന്ററിയോടെ വെട്ടിലായിരിക്കുന്നത് ഐസിസിയാണ്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പില്‍ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സന മിര്‍ കമന്ററിക്കിടെ നടത്തിയ പരാമര്‍ശം വിവാദത്തിലായിരിക്കുന്നത്. പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാക് താരം നതാലിയ പര്‍വേസിനെ ആസാദ് കശ്മീരില്‍ നിന്നുള്ള താരം എന്ന് സന മിര്‍ വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്.
രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ ഐസിസി കര്‍ശനമായി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍, സന മിറിന്റെ പരാമര്‍ശം ചട്ടലംഘനമാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. അമിത്ഷായുടെ മകന്‍ ജെയ്ഷാ ചെയര്‍മാനായ ഐസിസിയുടെ കീഴില്‍ നടക്കുന്ന ടൂര്‍ണമെന്‍രെ നിലയില്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് കത്തിപ്പിടിച്ചത്.
സന മിര്‍ ക്രിക്കറ്റിലേക്ക് ഭൂമിശാസ്ത്രപരമായ രാഷ്ട്രീയം വലിച്ചിഴച്ചതിനും ഇന്ത്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനും എതിരെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ചത്. ഐസിസിയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ട്, കമന്ററി പാനലില്‍ നിന്ന് സന മിറിനെ നീക്കം ചെയ്യണമെന്ന് ആരാധകര്‍ ശക്തമായി ആവശ്യപ്പെട്ടു.
നേരത്തെ, ഏഷ്യാ കപ്പ് 2025ലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫ് നടത്തിയ 'ഫൈറ്റര്‍ ജെറ്റ് അനുകരണവും' '6-0' ആംഗ്യവും വലിയ വിവാദമുണ്ടാക്കി. ഈ ആംഗ്യങ്ങള്‍, ഈ വര്‍ഷം ആദ്യം നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ സൈനിക നടപടിയിലെ നാണക്കേടുണ്ടാക്കിയ പരാജയത്തിന് ശേഷം പാക് സൈന്യം ഉന്നയിച്ച തെറ്റായ അവകാശവാദങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
അതിനിടെ ഏഷ്യാ കപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ഹസ്തദാനം നല്‍കേണ്ടെന്ന് തീരുമാനമായി. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം. വിവാദങ്ങളില്‍ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബിസിസിഐ നിര്‍ദേശം നല്‍കിയത്.
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ മൊഹ്‌സിന്‍ നഖ്വി കടുംപിടുത്തത്തില്‍ നിന്ന് അയയുന്ന എന്ന സൂചനകളും പുറത്തുവന്നിരുന്നു. ട്രോഫി യുഎഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായി റിപ്പോര്‍ട്ട്. എസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ബിസിസിഐ നിലപാടിന് പിന്നാലെയാണ് നഖ്വിയുടെ നടപടി എന്നാണ് സൂചന. തന്റെ കയ്യില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ ട്രോഫി അഇഇ ആസ്ഥാനത്ത് എത്തി വാങ്ങണം എന്നായിരുന്നു നഖ്വിയുടെ മുന്‍ നിലപാട്. അതേസമയം ട്രോഫി എപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറും എന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
നഖ്വിയെ ഇംപീച്ച് ചെയ്യാനായി ബിസിസിഐ നടപടികളാരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ മന്ത്രി കൂടിയായ നഖ്വി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനുമാണ്. ഫൈനലിനു ശേഷം ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ട്രോഫിയും വിജയികളുടെ മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്ഥലം വിട്ടിരുന്നു. ഈ പ്രവൃത്തി എസിസി പെരുമാറ്റച്ചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ നഖ്വിക്കെതിരേ രംഗത്തെത്തിയത്. തന്റെ പ്രവൃത്തിയില്‍ നഖ്വി ബിസിസിഐയോട് ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.